പിറന്നാൾ ദിനത്തിൽ ആശ്രിതയ്ക്ക് ആശ്രയമൊരുക്കി മമ്മൂട്ടി; കണ്ണ് നിറയും കാഴ്ച

പിറന്നാൾ ദിനത്തിൽ ആരാധകരെ ഞെട്ടിച്ചു മെഗാസ്റ്റാർ മമ്മൂട്ടി. പ്രളയത്തിൽ വീടൊലിച്ചു പോയി പുറംപോക്കിൽ കഴിയുന്ന കുടുംബത്തിന് വീട് വെച്ചു നൽകാൻ തീരുമാനിച്ച ആരാധകർക്കൊപ്പം ആ കാരുണ്യപ്രവർത്തിയിൽ പങ്കുചേരാൻ മമ്മൂട്ടിയും എത്തി. പറവൂരിലെ നിർധനരായ കുടുംബത്തിന് സന്തോഷവാർത്ത കൈമാറാൻ മമ്മൂട്ടി നേരിട്ടെത്തിയപ്പോൾ നാട്ടുകാരും ഞെട്ടി. 

ഇന്ന് രാവിലെ പറവൂർ ഏഴിക്കരയിലാണ് നന്മയുടെ നിമിഷങ്ങള്‍ സംഭവിച്ചത്. പുറംപോക്കിൽ കഴിഞ്ഞിരുന്ന ആശ്രിതയ്ക്കും കുടുംബത്തിനും വീടു വച്ചു നൽകാൻ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ തീരുമാനിച്ചിരുന്നു. നിർമിച്ചു നൽകാൻ ഉദ്ദേശിക്കുന്ന വീടിന്റെ മാതൃക താരത്തിന്റെ പിറന്നാൾ ദിനത്തിൽ കൈമാറാനാണ് നിശ്ചയിച്ചിരുന്നത്. ഈ ചടങ്ങിൽ പങ്കെടുക്കാൻ മമ്മൂട്ടിയും എത്തുകയായിരുന്നു. ടാർപോളിൻ മറച്ചുണ്ടാക്കിയ താൽക്കാലിക ഷെഡിലേക്ക് പ്രിയതാരം എത്തിയതു കണ്ട് ആശ്രിതയുടെ കണ്ണുകൾ നിറഞ്ഞു. സുമനസുകൾക്കു മുന്നിൽ കൈകൂപ്പി നിന്ന ആശ്രിതയ്ക്കു വാക്കുകൾ ലഭിക്കുന്നുണ്ടായിരുന്നില്ല. 

'ഇതൊരു ചെറിയ കാര്യമാണ്. ഒരുപാടു വലിയ കാര്യങ്ങൾ നമുക്ക് ബാക്കിയുണ്ട്. നമുക്ക് ഒന്നിച്ചിറങ്ങാം,' ആശ്രിതയുടെ വീട്ടിലെത്തിയ മമ്മൂട്ടി പ്രതികരിച്ചു. വി.ഡി. സതീശൻ എംഎൽഎക്കൊപ്പമാണ് മമ്മൂട്ടി പറവൂരെത്തിയത്. മമ്മൂക്ക ഇത് മൂന്നാമത്തെ തവണയാണ് പറവൂരിൽ എത്തുന്നതെന്നും പ്രളയത്തിന്റെ ആദ്യസമയത്ത് തന്നെ പറവൂരിലെ പല സ്ഥലങ്ങൾ അദ്ദേഹം സന്ദർശിച്ചിരുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു. ‘തിരുവോണ സമയത്തും അദ്ദേഹം ഇവിടെയായിരുന്നു സമയംചെലവഴിച്ചത്. ഈ ദുരിതത്തിലും വേദനയിലും താങ്ങും തണലുമായി നിന്ന മമ്മൂക്കയ്ക്ക് നന്ദി.’–വി.ഡി. സതീശൻ പറഞ്ഞു.

പറവൂർ ഏഴിക്കരയിൽ പുറംപോക്കിലാണ് ആശ്രിതയും കുടുംബവും കഴിഞ്ഞിരുന്നത്. കഴിഞ്ഞ മഴപ്പെയ്ത്തിൽ ആകെയുണ്ടായിരുന്ന ഷെഡും ഒലിച്ചുപോയി. മാധ്യമങ്ങളിലൂടെ വിവരം അറിഞ്ഞ ആശ്രിതയുടെ കുടുംബത്തിന് നാലുസെന്റ് ഭൂമി നൽകാൻ വൈറ്റില സ്വദേശി എ.കെ സുനിൽ തയാറാകുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായ സുനിൽ തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് ആശ്രിതയ്ക്ക് വീടു നൽകാൻ വിട്ടു നൽകിയത്. ഈ സ്ഥലത്ത് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ വീടു നിർമിച്ചു നൽകും. 

നിർമിച്ചു നൽകാൻ ഉദ്ദേശിക്കുന്ന വീടിന്റെ മാതൃക മമ്മൂട്ടിയെയും എംഎൽഎയെയും സാക്ഷി നിറുത്തി മമ്മൂട്ടി ഫാൻസ് ഭാരവാഹികൾ ആശ്രിതയ്ക്കു കൈമാറി. ഇവർക്കു ഭൂമി നൽകിയ സുനിലും ഈ മനോഹരനിമിഷത്തിന് സാക്ഷിയാകാൻ എത്തിയിരുന്നു. മമ്മൂട്ടിക്കുള്ള പിറന്നാൾ സമ്മാനമാണ് ഇതെന്ന് ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ പ്രതികരിച്ചു.