സമ്മർ ഇൻ ബത്‌ലഹേമിൽ നായകനാകേണ്ടിയിരുന്നത് പ്രഭു; പിന്നീട് സംഭവിച്ചത്

മലയാളികളുടെ പ്രിയ സിനിമകളിലൊന്നാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. ഇരുപതു വര്‍ഷം മുന്‍പു പുറത്തിറങ്ങിയ ആ ചിത്രം തമിഴിൽ ചെയ്യാനാണ് സംവിധായകൻ സിബി മലയിൽ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിർമാതാവുമായുള്ള പ്രശ്‌നം കാരണം ആ പ്രോജക്ട് മുടങ്ങുകയായിരുന്നു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സിബി മലയിലിന്റെ വെളിപ്പെടുത്തൽ.

പ്രഭു, ജയറാം, മഞ്ജു വാരിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് അദ്ദേഹം സമ്മർ ഇൻ ബത്‌ലഹേം തമിഴിൽ ചെയ്യാനിരുന്നത്. മഞ്ജുവും പ്രഭുവുമായുള്ള ഒരു പാട്ട് ചെന്നൈയില്‍ വച്ച് ഷൂട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍ പിന്നീട് നിര്‍മാതാവിന്റെ ഭാഗത്തുനിന്ന് പ്രശ്‌നം ഉണ്ടാവുകയും സിനിമ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതാവുകയും ചെയ്തു. 

എന്തു ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷന്‍ മാനേജര്‍ നിര്‍മാതാവ് സിയാദ് കോക്കറിനോട് ഇക്കാര്യം സംസാരിക്കുന്നത്. നല്ല കഥയാണെന്നും ഈ ചിത്രം ഉറപ്പായും ഹിറ്റാകുമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് സിയാദ് കോക്കര്‍ ചിത്രം നിർമിക്കാൻ തീരുമാനിച്ചു. ചെറിയൊരു വ്യത്യാസം, സിനിമ മലയാളത്തില്‍ ചെയ്യാൻ തീരുമാനമായി.

പ്രഭുവിനു പകരം സുരേഷ് ഗോപിയെത്തി. പിന്നെ നേരത്തേ തീരുമാനിച്ചതു പോലെ കലാഭവന്‍ മണി, സംഗീത, മയൂരി, ശ്രീജയ, മഞ്ജുള എന്നിവരും ചിത്രത്തിന്റെ ഭാഗമായി. പിന്നീട് നിരഞ്ജൻ എന്ന കഥാപാത്രമായിരുന്നു അണിയറപ്രവർത്തകരുടെ വലിയൊരു വേവലാതി.

ആ കഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്ന വിഷയം ചിത്രീകരണസമയത്തു വലിയ ചര്‍ച്ചയായി. രണ്ടു സീന്‍ മാത്രമാണ് ഉള്ളതെങ്കിലും ഏറെ ആഴവും പരപ്പുമുള്ള കഥാപാത്രമാണ് നിരഞ്ജന്‍. ഒരു അസാധാരണ നടന്‍ തന്നെ അതു ചെയ്യണമെന്ന് സിബി മലയിലിന് ആഗ്രഹമുണ്ടായിരുന്നു. 

കമല്‍ഹാസനെയാണ് ആദ്യം പരിഗണിച്ചത്. അതിനു ശേഷം മോഹൻലാലിലെത്തി. അന്നു മോഹന്‍ലാല്‍ ചികിത്സയുടെ ഭാഗമായി ബെംഗളൂരുവിലായിരുന്നു. സിബി മലയിലും തിരക്കഥാകൃത്ത് രഞ്ജിത്തും നേരിട്ടു ചെന്ന് മോഹൻലാലിനെ കണ്ടു. രണ്ടു ദിവസമാണു ചോദിച്ചത്. കഥ ‌കേട്ടപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ ചെയ്യാമെന്ന് ഏറ്റു. 

ജയിലിൽ വച്ചു കാണുന്ന രംഗത്തിനു പുറമെ മറ്റൊരു രംഗം കൂടി മോഹൻലാലിനെവച്ചു സിബി മലയിൽ ചിത്രീകരിച്ചിരുന്നു. നിരഞ്ജൻ എന്ന കഥാപാത്രം ആമിയുടെ മനസ്സിൽനിന്നു മാഞ്ഞുപോകുന്ന, സ്വപ്നസമാനമായ രംഗം. അവസാനനിമിഷം ആ രംഗം സിനിമയിൽനിന്ന് ഒഴിവാക്കുകയായിരുന്നു.

സിനിമയുടെ റിലീസിന്റെ അന്നുപോലും മോഹൻലാലിന്റെ സാന്നിധ്യം അണിയറപ്രവർത്തകർ രഹസ്യമാക്കിവച്ചു. പോസ്റ്ററുകളിലൊന്നും മോഹന്‍ലാല്‍ ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി മോഹന്‍ലാലിനെ സ്‌ക്രീനിൽ കണ്ടപ്പോള്‍ പ്രേക്ഷകര്‍ ആര്‍ത്തുവിളിച്ചെന്നും ആ രംഗം ഇപ്പോള്‍ കാണുമ്പോള്‍ സംവിധായകനായ തനിക്കു പോലും പുതുമ തോന്നാറുണ്ടെന്നും സിബി മലയിൽ പറയുന്നു.

സമ്മർ ഇൻ ബത്‌ലഹേം, ഹരികൃഷ്ണൻസ്, പഞ്ചാബി ഹൗസ് എന്നീ സിനിമകൾ ഒരേസമയത്താണ് അന്ന് റിലീസ് ചെയ്തത്. മൂന്നുചിത്രങ്ങളും സൂപ്പർഹിറ്റായിരുന്നു.