Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിക്കെതിരെ പരിഹാസം ഉയർന്നപ്പോൾ ഇടപെട്ടത് മമ്മൂട്ടി: മല്ലിക സുകുമാരൻ

Mallika Sukumaran responds to trolls

മല്ലിക സുകുമാരൻ എന്ന സ്ത്രീക്ക് വിശേഷണങ്ങൾ പലതുണ്ട്. മലയാളസിനിമയിലെ രണ്ടു നായകനടന്മാരുടെ അമ്മ എന്നതിലപ്പുറം അവർ പരാജയങ്ങളെ അഭിമുഖീകരിച്ച് ജീവിതത്തിൽ വിജയം കൈവരിച്ച ഒരു സ്ത്രീയാണ്. സിനിമയിലും ബിസിനസിലും വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രിയും സംരംഭകയുമാണ്. ഒരു സ്ത്രീ എന്ന നിലയിൽ തന്റെ നേട്ടങ്ങളും ഒരമ്മ എന്ന നിലയിൽ തന്റെ മക്കളുടെ നേട്ടങ്ങളും അഭിമാനത്തോടെ തുറന്നുപറയുമ്പോൾ പലരും പൊങ്ങച്ചക്കാരിയായി അവരെ മുദ്രകുത്താറുണ്ട്. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ അവർക്കെതിരെ നിറഞ്ഞ   ട്രോളുകൾ അതിനുദാഹരണമാണ്. സൂപ്പർ താരങ്ങളുമായുള്ള വ്യക്തിബന്ധം, ട്രോളുകൾ, കുടുംബം...മല്ലിക സുകുമാരൻ സംസാരിക്കുന്നു...

മോഹന്‍ലാല്‍ എന്ന എന്റെ ലാലു... 

എട്ടോ ഒന്‍പതോ വയസ്സുള്ളപ്പോള്‍ മുതല്‍ ലാലു ഞങ്ങളുടെ വീട്ടില്‍ വരുമായിരുന്നു. എന്റെ അച്ഛനും ലാലുവിന്റെ അച്ഛന്‍ വിശ്വനാഥന്‍ സാറും അടുത്ത സുഹൃത്തുക്കളായിരുന്നു. ലാലുവിന്റെ ചേട്ടനും ഞാനും ഒരുമിച്ച് പഠിച്ചവരാണ്. വീട്ടിലെ ഇളയകുട്ടിയായിരുന്ന എനിക്കായിരുന്നു ലാലുവിന്റെ ചുമതല. ചെറുപ്പത്തില്‍ ഭയങ്കര കുസൃതിയായിരുന്നു ലാലു. കണ്ണുതെറ്റിയാല്‍ മരത്തിലും ടെറസിലുമൊക്കെ വലിഞ്ഞു കയറും.

അഞ്ചു മിനിറ്റ് കണ്ടില്ലെങ്കില്‍ എന്റെ അച്ഛനും അമ്മയ്ക്കും ടെന്‍ഷനാകും. ഒരുദിവസം എന്റെ കണ്ണുവെട്ടിച്ച് വീട്ടിലെ ഗോവണിയുടെ മുകളിലെ കൈവരിയില്‍ കൂടി താഴേക്ക് നിരങ്ങിയിറങ്ങി. അച്ഛന്‍ ഇത് കണ്ടു. അന്ന് മുഴുവന്‍ എനിക്ക് വഴക്ക് കിട്ടി. ലാലുവിനെ കുറിച്ചുള്ള ഓർമകൾ പറഞ്ഞാൽ ഒരു പുസ്തകമാക്കാൻ ഉള്ള അത്രയുമുണ്ട്.

ആ കുസൃതിക്കുടുക്കയായ ലാലുവാണ് വര്‍ഷങ്ങള്‍ക്കിപ്പുറം വളര്‍ന്നു ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാള്‍ ആയത് എന്നോര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് അദ്ഭുതവും അഭിമാനവും തോന്നാറുണ്ട്. ഇപ്പോഴും ലാലുവിന്റെ ചില കഥാപാത്രങ്ങളിലും കണ്ണിറുക്കലിലുമൊക്കെ ആ കുസൃതി കാണാം. തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് ഓടുന്ന ഈ കാലത്തും ലാലു ആ സ്നേഹം നിലനിർത്തുന്നു എന്നതാണ് എടുത്തുപറയേണ്ടത്. ലാലുവിന്റെ കുടുംബത്തിലെ എന്താഘോഷം വന്നാലും 'മറക്കാതെ മല്ലിക ചേച്ചി വരണം' എന്ന് പറഞ്ഞുകൊണ്ട് ലാലു ക്ഷണിക്കാറുണ്ട്. 

mallika-mammootty

ഇപ്പോള്‍ ജീവിതാനുഭവം കൊണ്ട് ആളുകളെ പഠിക്കാനും അതിനനുസരിച്ച് ഇടപെടാനുമൊക്കെ ലാലു പഠിച്ചു. അടുത്തിടെ വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ന്നപ്പോഴും അതിനെ ലാലു നേരിട്ട വിധം തന്മയത്വം നിറഞ്ഞതായിരുന്നു. ഞാനും എന്റെ മക്കളോട് പറയാറുണ്ട്. പല കാര്യങ്ങളിലും ലാലുവിനെ നോക്കി പഠിക്കണമെന്ന്.

തൊഴിലിനോടുള്ള ആത്മാർഥതയായാലും വിമര്‍ശനങ്ങളെ നേരിടുന്ന രീതിയായാലും ഒക്കെ. ഇപ്പോള്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയായ ലൂസിഫറില്‍ നായകനാകുന്നത് ലാലുവാണ് എന്നത് ഒരു കാവ്യനീതി പോലെ തോന്നുന്നു. ഒരമ്മ എന്ന നിലയില്‍ കൂടുതല്‍ അഭിമാനം തോന്നുന്ന വാര്‍ത്തയാണ് ലൂസിഫര്‍ എന്ന ചിത്രം.

അഭിനയിക്കാന്‍ അറിയാത്ത മമ്മൂട്ടി...

ബന്ധങ്ങളുടെ ചരടുകള്‍ക്കുള്ളില്‍ നിര്‍ത്താന്‍ കഴിയാത്ത ബന്ധമാണ് മമ്മൂട്ടിയുമായി ഉള്ളത്. ഒരു സിനിമാനടന്‍ എന്നതിനേക്കാള്‍ മമ്മൂട്ടി എന്ന മനുഷ്യസ്നേഹിയെയാണ് എനിക്ക് പരിചയം. അതാദ്യം ഞാന്‍ തിരിച്ചറിയുന്നത് ഒരു അമ്മ മീറ്റിങ്ങില്‍ വച്ചാണ്. അതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഈ അവസരത്തില്‍ പറയുന്നത് അനൗചിത്യമായതുകൊണ്ട്  ഞാന്‍ അതിലേക്ക് കടക്കുന്നില്ല.

സംഘടനയ്ക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായപ്പോഴും താരങ്ങളെ കഴിവതും ഒരുമിച്ച് നിർത്തുന്നതിൽ മമ്മൂട്ടി വലിയ പങ്കുവഹിച്ചിട്ടുണ്ട്. പൃഥ്വിരാജിനെതിരെ പലയിടത്തുനിന്നും അനാവശ്യ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉണ്ടായപ്പോള്‍ അതില്‍ ഇടപെട്ട് അത് പരിഹരിക്കേണ്ട വിധം ഇങ്ങനെയാണ് എന്ന് പറയാന്‍ മുന്‍കൈയെടുത്തത് മമ്മൂട്ടിയാണ്.

മമ്മൂട്ടി എഴുതിയ ഒരു ആത്മകഥയില്‍ സുകുവേട്ടനുമായുണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. നമ്മള്‍ നിസാരമെന്നു കരുതുന്ന പല സന്ദര്‍ഭങ്ങള്‍ പോലും ഓര്‍ത്തെടുത്ത് എഴുതിയിട്ടുണ്ട്. 

പടയണി എന്നൊരു ചിത്രം സുകുവേട്ടന്‍ നിര്‍മിച്ചിരുന്നു. അതില്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെയുണ്ട്. മമ്മൂട്ടിയുടെ ഡേറ്റ് ഉറപ്പിക്കാനായി സുകുവേട്ടന്‍ എറണാകുളത്തിന് പോകാന്‍ ഒരുങ്ങി. മമ്മൂട്ടിയെ വിളിച്ചു. അദ്ദേഹം അന്നേ സൂപ്പര്‍ സ്റ്റാറാണ്. എന്നിട്ടും മമ്മൂട്ടി അവസാനം സുകുവേട്ടനെ ഇങ്ങോട്ട് വന്നു കണ്ടു. തന്നേക്കാൾ മുതിർന്ന നടനും നിർമാതാവുമായ സുകുവേട്ടനെ അങ്ങോട്ട്‌ ചെന്നുകാണാന്‍ കാണിച്ച ആ സ്നേഹം ഇപ്പോഴും എന്റെ മനസ്സിലുണ്ട്.

സുകുവേട്ടന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പലപ്പോഴും പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവമായിരുന്നു മമ്മൂട്ടിക്ക്. പലപ്പോഴും ന്യായമായ കാര്യത്തിനായിരിക്കും. പക്ഷേ അത് കഴിഞ്ഞാല്‍ പുള്ളി പോയി കൂളായിട്ട് ഇടപെടും. ഒന്നും മനസ്സില്‍ വച്ച് സംസാരിക്കാറില്ല. മമ്മൂട്ടി ഒരു പ്രകടനപ്രിയന്‍ അല്ല..ആരെയും സുഖിപ്പിച്ചു സംസാരിക്കാറില്ല. മമ്മൂട്ടി മമ്മൂട്ടിയാണ്. 

ട്രോളന്മാരോട് പറയാനുള്ളത്...

അമ്മയെ തല്ലിയാലും രണ്ടു പക്ഷമുള്ളവരാണ്  മലയാളികൾ. ‍നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ നേരത്തെ രാജുവിന്റെ നേര്‍ക്കായിരുന്നു സമൂഹമാധ്യമങ്ങളില്‍ ആക്രമണം. അഹങ്കാരി, താന്തോന്നി, വലിയ വായിൽ സംസാരിക്കുന്നവൻ എന്തെല്ലാം വിശേഷണങ്ങളായിരുന്നു. പിന്നീട് ഈ ആക്രമിച്ചവര്‍ തന്നെ രാജുവിന് പൂച്ചെണ്ടുകള്‍ നല്‍കി എന്നത് ചരിത്രം. കഴിഞ്ഞ കുറച്ചുനാളായി എന്റെ നേരെയാണ് ട്രോളുകള്‍.

പക്ഷേ ഞാന്‍ കഴിവതും ഇതിനൊന്നും പ്രതികരിക്കാന്‍ പോകാറില്ല. കേരളത്തിലെ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്നു ബോധ്യപ്പെട്ടത് ഈ ട്രോളുകള്‍ കണ്ട ശേഷമാണ്. കുറച്ചു പേര്‍ക്ക് അതിലൂടെ സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അതവരുടെ കാര്യം. 

ട്രോളന്മാരോട് പറയാനുള്ളത് നിലപാടുകളില്‍ ഒരു സത്യസന്ധത വേണമെന്നാണ്. ഒന്നുകില്‍ ശുദ്ധമായ തമാശയായിരിക്കണം. ആര്‍ക്കും മുന്‍വിധികളില്ലാതെ ചിരിക്ക് വക നല്‍കുന്നതായിരിക്കണം. അല്ലെങ്കില്‍ വിമര്‍ശനം കാമ്പുള്ളതായിരിക്കണം. പക്ഷേ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വരുന്ന ഭൂരിഭാഗം ട്രോളുകളും വെറുപ്പും പരിഹാസവും വിദ്വേഷവും നിറഞ്ഞതാണ്‌. സ്വന്തം അമ്മയ്ക്കോ പെങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ ആണ് ഈ അവസ്ഥ വരുന്നെങ്കില്‍ എന്ന് ഒരുനിമിഷം ആലോചിക്കണം. 

ചെറുപ്പക്കാര്‍ പ്രതികരിക്കണം, പക്ഷേ പ്രതികരണം സത്യസന്ധമായിരിക്കണം. ഈ ട്രോളൊക്കെ ഇപ്പോള്‍ വന്നതല്ലേ, അതിനു മുന്‍പും മല്ലിക സുകുമാരന്‍ ഇവിടെയുണ്ടായിരുന്നു. നമുക്ക് ഈ വിമര്‍ശകരെ ഒന്നും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല.

മക്കളെ കണ്ടില്ലെങ്കിലും വേണ്ട...

ഇപ്പോള്‍ കൊച്ചുമക്കളാണ് എന്റെ ജീവൻ. ഇന്ദ്രന്റെ മക്കളായ പ്രാർഥനയ്ക്കും നക്ഷത്രയ്ക്കും കലയിൽ അഭിരുചിയുണ്ട്. പ്രാർഥന ഒരു സിനിമയിൽ പാടി. നക്ഷത്ര ഒരു സിനിമയിൽ അഭിനയിച്ചു. പാട്ടും ഗിറ്റാറുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. പ്രാര്‍ഥന ഇപ്പോള്‍ മുതിര്‍ന്നു. ഇളയവള്‍ നക്ഷത്രയ്ക്കാണ് എന്നോട് കുറച്ചുകൂടി ഇഷ്ടം കൂടുതല്‍.

പൃഥ്വി മാപ്പ് പറയണമെന്ന് അവർ പറഞ്ഞു; വെളിപ്പെടുത്തലുമായി മല്ലിക സുകുമാരന്‍

രാജുവിന്റെ മകളായ അലംകൃതയുടെ നാലാം പിറന്നാളായിരുന്നു കഴിഞ്ഞ ആഴ്ച. അച്ഛമ്മയുടെ കൈകൊണ്ടുണ്ടാക്കിയ പായസവും ചോറും കറിയും വേണമെന്നായിരുന്നു അവളുടെ ഡിമാന്റ്, ഒരു അമ്മൂമ്മ എന്ന നിലയില്‍ നമ്മള്‍ കൂടുതല്‍ സജീവമാകുന്ന അവസരങ്ങളാണ് ഇതൊക്കെ...കൊച്ചിയിലെ വീട്ടില്‍ പോകുമ്പോള്‍ രാജുവും ഇന്ദ്രനും മിക്കവാറും ഷൂട്ടിലായിരിക്കും. ഇപ്പോള്‍ വന്നുവന്ന് അവരെ കണ്ടില്ലെങ്കിലും കുഴപ്പമില്ല, കൊച്ചുമക്കളെ കാണാതിരിക്കാന്‍ ആകില്ല എന്ന അവസ്ഥയാണ്‌. 

അത്രയും പറഞ്ഞു നിർത്തിയപ്പോൾ അവരുടെ മുഖത്ത് മുത്തശ്ശിയുടെ വാത്സല്യം നിറഞ്ഞു.