Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ഫോട്ടോയ്ക്ക് പിന്നിലെ സത്യാവസ്ഥ; മല്ലിക സുകുമാരൻ പറയുന്നു

mallika-sukumaran

മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാം മറന്ന് രക്ഷാപ്രവർത്തനത്തിൽ സജീവമായിരിക്കുമ്പോഴാണ് അമ്മയായ മല്ലിക സുകുമാരന് നേരെ സമൂഹമാധ്യമങ്ങളില്‍ ട്രോൾ ഉണ്ടായത്. വെള്ളപ്പൊക്കത്തിൽ അകപ്പെട്ട മല്ലിക സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ വലിയ ചെമ്പില്‍ ഇരുത്തി സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയായത്.

ട്രോളുന്നവരോട് അവർക്ക് പരാതിയില്ല, അന്വേഷിച്ചവരോടൊക്കെ സ്‌നേഹവും നന്ദിയും മാത്രം. ഒടുവില്‍ എല്ലാമൊന്നടങ്ങിയപ്പോള്‍ സംഭവിച്ചതെന്തെന്ന് മല്ലിക തന്നെ വിശദീകരിക്കുന്നു.

‘എല്ലാവരും ക്ഷമിക്കണം. ഇന്നലെ രാത്രി 12 മണിക്ക് അമേരിക്ക മുതല്‍ തുടങ്ങിവന്ന അന്വേഷണത്തിന് മറുപടി എഴുതി കൈ വേദനയെടുക്കുന്നു. വയസായി. എനിക്കിനി എഴുതാന്‍ വയ്യ. ഞങ്ങടെ വീട്ടില്‍ വെള്ളം കയറിയത് പ്രളയ വെള്ളമല്ല. ഞങ്ങളുടെ റോഡിലൊക്കെ നിറച്ചും വെള്ളമായി. എന്റെ കാര്‍ പോര്‍ട്ടിക്കോയില്‍ വരെ വന്നു. റോഡിൽ നിന്ന് കുറച്ച് പൊങ്ങിയാണ് വീട്.’ 

‘ഞങ്ങള്‍ക്ക് വീടിനകത്തൊരു വാട്ടര്‍ ബോഡിയുണ്ട്. കുറച്ച് മീനൊക്കെയുണ്ട്. മക്കളും കൊച്ചുമക്കളും ഓണത്തിനു വരുമെന്നു പറഞ്ഞപ്പോള്‍ ഞാനതിന്റെ വെള്ളമൊക്കെ വറ്റിച്ച് കഴുകിയിട്ടു. അല്ലെങ്കില്‍ കൊച്ചുമക്കളെല്ലാം കൂടി സ്വിമ്മിംഗ് പൂളാണെന്നും പറഞ്ഞ് മീനിന്റെ കൂടെ കിടന്ന് ചാടും. അതിന്റെ സൈഡില്‍ ഓട പോലെ ഒരു സാധനമുണ്ട്. മുമ്പിലെ കനാല് നിറഞ്ഞതിന്റെ പ്രഷറായിരിക്കാം. ആ ഓട പോലത്തെ സാധനത്തിലൂടെ അകത്തോട്ട് വെള്ളം കയറാന്‍ തുടങ്ങി. ചെളികലര്‍ന്ന വെള്ളം. പിന്നെ അത് നിറഞ്ഞ് റൂമിലൊക്കെ വന്നു. ഇപ്പോള്‍ അതൊക്കെ മാറി’.

‘ഞാന്‍ കാണിച്ചൊരു അബദ്ധം എന്താണെന്നു വച്ചാല്‍, വീട്ടിലെ മുമ്പത്തെ ചെളിവെള്ളത്തിലൂടെ നടക്കാന്‍ വയ്യ. അപ്പോള്‍ നേരെ മുമ്പിലെ വീട്ടില്‍ താമസിക്കുന്ന പ്രൊഫസറിന്റെ ഭാര്യ ചെമ്പിൽ കയറി ആ കാറ് കടക്കുന്നിടം വരെ പോയി. ഞാനും കയറി. ഒരു പത്തോ എഴുപത്തഞ്ചോ മീറ്ററേ ഉള്ളൂ. എനിക്കു കാണാം വണ്ടി വന്നു കിടക്കുന്നത്. ഞാനാ കാറിലെത്താന്‍ വേണ്ടി ഇതിൽ കയറിയിരുന്നപ്പോള്‍ ആരോ ഫോട്ടോ എടുത്ത് അത് നാടുമുഴുവന്‍ പ്രചരിപ്പിച്ചു’. ‌‌

‘സത്യം പറഞ്ഞാല്‍ ഇരിക്കപ്പൊറുതിയില്ല. എന്നാല്‍ അതിനപ്പുറത്തൊക്കെ മക്കളേ എടാ മോനേ, എന്നേംകൂടൊന്നാ റോഡിലോട്ട് വിടെടാ എന്നും പറഞ്ഞ് എത്ര അമ്മച്ചിമാര് കരയുന്നു. അവരുടെ ഒന്നും വിഡിയോയും എടുക്കണ്ട രക്ഷിക്കുകയും വേണ്ട സഹായിക്കുകയും വേണ്ട. എന്തായാലും കൊള്ളാം. ഇപ്പോള്‍ വീട്ടില്‍ തന്നെയാണ്. ക്ലീനിങൊക്കെ കഴിഞ്ഞു.’ 

‘ഒരു അയ്യായിരം മെസ്സേജ് എങ്കിലും ഞാന്‍ എഴുതി അയച്ചു കാണും. അത്ര തന്നെ ഫോണ്‍ കോള്‍സും വന്നിട്ടുണ്ട്. ദോഹ, ദുബായ്, സൗത്ത് ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നൊക്കെ സ്വന്തക്കാരും ബന്ധുക്കളും വേണ്ടപ്പെട്ട സുഹൃത്തുക്കളും നിങ്ങളെപ്പോലുള്ളവരുമൊക്കെ വിളിച്ചു. ഇനി ഒരക്ഷരം എഴുതാന്‍ കൈ വയ്യ’. ‌‌

‘അന്വേഷിച്ചവരോടൊക്കെ സ്‌നേഹവും നന്ദിയുമുണ്ട്. എന്നാലും ഇതൊരു വല്ലാത്ത ചെയ്ത്തായി പോയി. ദൂരെ ഇരിക്കുന്നവര്‍ പേടിച്ച് പോയി ഇതൊക്കെ കണ്ടിട്ട്.’–മല്ലികാ സുകുമാരന്‍ പറയുന്നു.

related stories