തീവണ്ടി, അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വിജയം: ടൊവീനോ

തീവണ്ടി തന്റെ അഭിനയജീവിതത്തിലെ വലിയൊരു വിജയമാക്കി തീർത്തതിൽ പ്രേക്ഷകരോട് നന്ദി പറയുന്നുവെന്ന് ടൊവീനോ. കാനഡയിലെ പുതിയ സിനിമയുടെ ചിത്രീകരണ ഇടവേളയിൽ സംസാരിക്കുകയായിരുന്നു ടൊവീനോ. ൈലവിൽ വന്നു നന്ദി പറയണമെന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നുവെന്നും നാട്ടിൽവന്ന് ഏവരെയും കാണാമെന്നും ടൊവീനോ പറഞ്ഞു.

തീവണ്ടി ഞെട്ടിക്കുന്ന വിജയമാണ് സമ്മാനിച്ചതെന്ന് നിർമാതാവ് ഷാജി നടേശൻ വ്യക്തമാക്കി‍. സിനിമയുടെ ബോക്‌സോഫീസ് കണക്കുകള്‍ പുറത്തു വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഗ്രേറ്റ് ഫാദറിന്റെ ഒരു ദിവസത്തെ കളക്ഷന്‍ പുറത്തു വിട്ടതിന്റെ കോലാഹലം ഇതുവരെ അടങ്ങിയിട്ടില്ല. അതിനാല്‍ തീവണ്ടിയുടെ കാര്യത്തില്‍ നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ എളിമയോടെ പിന്നിലേക്ക് മാറി നില്‍ക്കാനാണ് തീരുമാനം. സിനിമ നേടുന്ന വിജയത്തിന്റെ തോത് ജനങ്ങള്‍ തന്നെ തീരുമാനിക്കട്ടെ എന്നാണ് ഇപ്പോള്‍ ഞങ്ങളുടെ ചിന്ത.’

‘ഒരു ചെറിയ പടമാണ് തീവണ്ടി. ഒരു അവകാശവാദവും ഞങ്ങളാരും പറഞ്ഞിരുന്നില്ല. ഒരുപാട് തവണ റിലീസും മാറ്റിവെച്ചിരുന്നു. സിനിമയുടെ നിലവാരത്തിനൊപ്പം ദൈവാനുഗ്രഹം കൂടിയാണ് ഈ വിജയം സാധ്യമാക്കിയതെന്നാണ് കരുതുന്നത്. പിന്നെ, ടൊവീനോയ്ക്ക് യുവജനങ്ങളുടെയിടയിലുണ്ടായ വലിയ സ്വീകാര്യത, ടൊവീനോയുടെ സാന്നിധ്യമാണ് വിജയം പതിന്മടങ്ങാക്കിയതെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍.’

‘സത്യം പറഞ്ഞാല്‍ തിയറ്ററുകളില്‍ ഞെട്ടിക്കുന്ന രീതിയില്‍ ആളുണ്ട്. ദൃശ്യം, പ്രേമം ലെവലിലേക്ക് ഈ സിനിമ കയറും എന്നതിന്റെ സൂചനകളാണ് ബോക്‌സ്ഓഫീസില്‍ നിന്ന് ലഭിക്കുന്നത്. ഇത്രയും കാലം സിനിമയില്‍ നിന്നിട്ട് തിയറ്ററുകാര്‍ക്ക് ഇത്രയും മികച്ചൊരു വിജയം കൊടുക്കുന്ന സിനിമ കൊണ്ടു വരാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്. ഓഗസ്റ്റ് സിനിമ ഇതുവരെ നിര്‍മിച്ചതിൽ ഏറ്റവും വലിയ വിജയത്തിലേക്കാണ് തീവണ്ടി പോകുന്നത്. ഈ വാരാന്ത്യത്തോടെ ആ നേട്ടം തീവണ്ടി ഞങ്ങള്‍ക്കു നേടിത്തരും എന്നാണ് പ്രതീക്ഷ’, ഷാജി നടേശന്‍ പറഞ്ഞു.