മൊട്ട രാജേന്ദ്രനെ മൊട്ടയാക്കിയത് ആ മലയാളസിനിമ

മൊട്ട രാജേന്ദ്രൻ. വില്ലനായും ഹാസ്യതാരമായുമൊക്കെ തമിഴ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ നടനെ ശ്രദ്ധേയനാക്കിയത് അയാളുടെ രൂപം തന്നെയാണ്. തലയിലും മുഖത്തും പുരികത്തിലും ഒരു തരി രോമം പോലും ഇല്ലാത്ത രാജേന്ദ്രന്‍ ഇപ്പോൾ തമിഴ് സിനിമയിലെ നിറസാന്നിധ്യമാണ്.

എന്നാല്‍ രാജേന്ദ്രന് ഈ രൂപത്തിനു കാരണം ഒരു മലയാള സിനിമയാണ്. തലയില്‍ നിറയെ മുടിയും മുഖത്തു മീശയുമുള്ള ചെറുപ്പക്കാരനായിരുന്നു രാജേന്ദ്രന്‍ ഒരുകാലത്ത്. പോരാത്തതിന് സിക്‌സ് പായ്ക്ക് ബോഡിയും ഉരുക്കു മസിലും. മലയാളത്തില്‍ അടക്കം തെന്നിന്ത്യന്‍ ഭാഷകളിലെ തിരക്കുള്ള സ്റ്റണ്ട് മാനുമായിരുന്നു. മോഹന്‍ലാലിനും അരവിന്ദ് സ്വാമിക്കും ഒപ്പം ഗുണ്ടയായി അഭിനയിച്ചിട്ടുള്ള രാജേന്ദ്രനെ ഷൂട്ടിങ്ങിനിടയ്ക്കു പറ്റിയ ഒരു അപകടമാണ് ഈ രൂപത്തിലെത്തിച്ചത്.

ഒരു മലയാള സിനിമയില്‍ സ്റ്റണ്ട് മാന്‍ ആയി അഭിനയിക്കുന്നതിനിടെയായിരുന്നു രാജേന്ദ്രന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ അപകടം. സിനിമയിൽ നടൻ വിജയരാഘവൻ, രാജേന്ദ്രനെ തല്ലുന്ന ഒരു രംഗമുണ്ടായിരുന്നു. തല്ലു കൊണ്ട് രാജേന്ദ്രന്‍ ഒരു പുഴയില്‍ വീഴുന്നതായിരുന്നു ചിത്രീകരിക്കേണ്ടത്. എന്നാല്‍ രാജേന്ദ്രന്‍ ചെന്നു വീണ പുഴ ഫാക്ടറി മാലിന്യങ്ങള്‍ നിറഞ്ഞതായിരുന്നു. വെള്ളത്തിലെ രാസവസ്തുക്കൾ അദ്ദേഹത്തിന്റെ ശരീരത്തെ പ്രതികൂലമായി ബാധിച്ചു. തലയിലെ മുടി മുഴുവന്‍ നഷ്ടമായി, പുരികങ്ങളിലെ മുടി പോലും പോയി. ഒരുപാടു ദിവസം ആശുപത്രിയില്‍ ചെലവിടേണ്ടി വന്നു. ചെറിയ തുക മാത്രം പ്രതിഫലമായി ലഭിച്ചിരുന്ന രാജേന്ദ്രനെ സിനിമയിൽനിന്ന് ആരും എത്തിയില്ല. ഒടുവില്‍ ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് രാജേന്ദ്രന്‍ ജീവിതത്തിലേക്കു തിരിച്ചെത്തി.

ഏഴു വർഷങ്ങള്‍ക്കു ശേഷം ചെറിയ സിനിമകളുമായി രാജേന്ദ്രൻ വീണ്ടും സിനിമയിലേക്കുതന്നെ വന്നു. ആയിടെയാണ് അദ്ദേഹം സംവിധായകന്‍ ബാലയുടെ കണ്ണില്‍പ്പെട്ടത്. ബാല സംവിധാനം ചെയ്ത നാൻ കടവുളിലെ വില്ലൻ വേഷം അദ്ദേഹത്തിന്റെ കരിയർ തന്നെ മാറ്റിമറിച്ചു. അങ്ങനെ രാജേന്ദ്രൻ മൊട്ട രാജേന്ദ്രനായി.

അതേവർഷം തന്നെ പുറത്തിറങ്ങിയ ബോസ് എങ്കിര ഭാസ്കരനിലൂടെ ഹാസ്യതാരമായും രാജേന്ദ്രൻ തമിഴ്പ്രേക്ഷകരെ ഞെട്ടിച്ചു. പിന്നീട് മൊട്ട രാജേന്ദ്രന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഈ വർഷം മമ്മൂട്ടി ചിത്രമായ സ്ട്രീറ്റ് ലൈറ്റ്സ് ഉൾപ്പടെ അദ്ദേഹം അഭിനയിച്ചത് പതിനെട്ടോളം സിനിമകളിലാണ്.

വയസ്സ് അറുപത്തൊന്നായിട്ടും സിക്‌സ് പായ്ക്ക് ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. സ്റ്റണ്ട് രംഗങ്ങളില്‍ പ്രവര്‍ത്തിച്ചതു മുതല്‍ പരിഗണിച്ചാല്‍ ഏതാണ്ട് അഞ്ഞൂറോളം സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട് രാജേന്ദ്രന്‍.