കീർത്തിയെ ടെൻഷൻ അടിപ്പിച്ച മീര ജാസ്മിൻ!

സണ്ടക്കോഴി രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ ചെന്നത് വളരെ ആകുലതകളോടെയായിരുന്നുവെന്ന് കീര്‍ത്തി സുരേഷ്. അതിന് കാരണം മീര ജാസ്മിൻ ആയിരുന്നെന്നും കീർത്തി പറഞ്ഞു. സണ്ടക്കോഴി ആദ്യഭാഗത്തിൽ മീര ജാസ്മിൻ അവതരിപ്പിച്ച ഹേമ എന്ന കഥാപാത്രത്തെയാണ് കീർത്തി രണ്ടാം ഭാഗത്തില്‍ അവതരിപ്പിക്കുന്നത്. സണ്ടക്കോഴിയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു കീർത്തി.

‘സണ്ടക്കോഴിയിൽ മീര ജാസ്മിനെ എത്രമാത്രം ഇഷ്ടമാണെന്ന് നമുക്ക് ഏവർക്കും അറിയാം. എനിക്കും ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു. അതുകൊണ്ട് തന്നെ സണ്ടക്കോഴി 2വിന്റെ കഥ വളരെ ആശങ്കയോടെയാണ് ഞാൻ കേട്ടത്. കാരണം മീര ജാസ്മിൻ ചെയ്ത കഥാപാത്രത്തെ എങ്ങനെ മനോഹരമാക്കാൻ കഴിയും എന്നതായിരുന്നു എന്നെ അലട്ടിയത്.’–കീർത്തി സുരേഷ് പറഞ്ഞു.

‘പക്ഷേ രണ്ടാം ഭാഗത്തിലെ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ മീര ജാസ്മിൻ ചെയ്ത വേഷത്തിന് തുല്യമാണെന്ന് എനിക്ക് തോന്നി. അത്ര മനോഹരമായാണ് ലിങ്കുസാമി സാർ ആ കഥാപാത്രത്തെ ആവിഷ്കരിച്ചിരിക്കുന്നത്.’–കീർത്തി പറഞ്ഞു.

‘മാത്രമല്ല മഹാനടി ഷൂട്ട് നടക്കുമ്പോൾ എനിക്കൊരു ആശ്വാസം ഈ ചിത്രമായിരുന്നു. മഹാനടിയിൽ വളരെ ടെൻഷനും സമ്മർദവും നിറഞ്ഞ അന്തരീക്ഷമായിരുന്നു. അവിടെ നിന്നും സണ്ടക്കോഴിയില്‍ വരുമ്പോഴാണ് ആശ്വാസം. വിശാലും ലിങ്കുസാമി സാറും ഒത്തിരി സഹായിച്ചു. സന്തോഷത്തോടെയാണ് ഇവർക്കൊപ്പം അഭിനയിച്ചത്. മഹാനടിക്ക് ശേഷം വളരെ ആത്മവിശ്വാസത്തോടെ ചെയ്ത സിനിമ കൂടിയാണ് സണ്ടക്കോഴി 2.’– കീർത്തി പറഞ്ഞു.

13 വര്‍ഷത്തിന് ശേഷം സണ്ടക്കോഴിക്ക് രണ്ടാം ഭാഗവുമായി വിശാലും ലിങ്കുസാമിയും എത്തുന്നത്. വിശാൽ തന്നെയാണ് നിർമാണം. ശക്തമായ നെഗറ്റീവ് കഥാപാത്രമായി വരലക്ഷ്മി ശരത്കുമാറും ചിത്രത്തിലുണ്ട്.

സൂര്യയെ മനസ്സിൽവെച്ചായിരുന്നു ലിങ്കുസാമി സണ്ടക്കോഴിയുടെ തിരക്കഥ എഴുതിയതെന്നും വിശാൽ ചടങ്ങിൽ പറഞ്ഞു. ‘സണ്ടക്കോഴിയുടെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ ഈ കഥാപാത്രമായി തന്നെ അംഗീകരിക്കാന്‍ ലിങ്കുസാമിക്ക് സാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. കാരണം സൂര്യയെ മനസ്സില്‍ വിചാരിച്ചായിരുന്നു ലിങ്കുസാമി തിരക്കഥ ഒരുക്കിയത്’. 

‘അന്ന് എന്റെ ആദ്യ ചിത്രമായ ചെല്ലമേ റിലീസ് ചെയ്തിരുന്നില്ല. എന്നാല്‍ എന്നില്‍ അദ്ദേഹം വിശ്വാസമര്‍പ്പിക്കുകയായിരുന്നു. പൂജാമുറിയിലുള്ള സ്വാമിയേക്കാള്‍ ഈ സ്വാമിയെ ഞാൻ വിശ്വസിക്കുന്നു’. –വിശാൽ പറഞ്ഞു.

ഇത് മീര ജാസ്മിൻ തന്നെയോ !

‘സണ്ടക്കോഴി പരമ്പര ദ് ഗോഡ് ഫാദര്‍ എന്ന ചിത്രത്തെപ്പോലെയാണ്. സണ്ടക്കോഴി 2 ചിത്രീകരിക്കുമ്പോള്‍ ആദ്യ ഭാഗത്തിന്റെ മനോഹരമായ ഓർമകള്‍ മനസ്സിലേയ്ക്കെത്തി. അതുകൊണ്ട് തന്നെ ഒരു മൂന്നാം ഭാഗത്തിന്റെ സാധ്യതകള്‍ തള്ളിക്കളായാനാകില്ല. അങ്ങനെ ഒരു മൂന്നാം ഭാഗമിറങ്ങിയാല്‍ വിലപ്പെട്ടതായി കരുതുന്ന ഒട്ടേറെ ഓര്‍മകള്‍ അതിന് പിന്നിലുണ്ടാകും.’ –വിശാൽ പറഞ്ഞു.

രണ്ടാം ഭാഗം വിജയമായി മാറിയാല്‍ മൂന്നാം ഭാഗത്തിനായി താനും കീര്‍ത്തി സുരേഷും ലിംഗുസ്വാമിയുടെ ഓഫീസിന് മുന്നിലെത്തുമെന്നും വിശാല്‍ പറഞ്ഞു. മൂന്നാം ഭാഗത്തിനുള്ള സാധ്യതകള്‍ നിലനിര്‍ത്തിയാണ് സണ്ടക്കോഴി 2 അവസാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

യുവന്‍ ശങ്കര്‍രാജ സംഗീതം നൽകുന്ന സിനിമയിൽ രാജ്കിരൺ, ഹരീഷ് പേരാടി, സൂരി, അങ്കമാലി ഡയറീസ് താരം അപ്പാനി ശരത്കുമാര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രം ഒക്ടോബർ 18ന് തിയറ്ററുകളിലെത്തും.