അ​ഞ്ചുവർഷത്തെ ആ പിണക്കത്തിന് ഷട്ടറിട്ട് ജോയ്മാത്യുവും ഡോ.ബിജുവും

ജോയ് മാത്യുവും സംവിധായകൻ ഡോ. ബിജുവും കഴിഞ്ഞ അഞ്ചുവർഷമായി തുടരുന്ന കേസിനും പിണക്കത്തിനും വിരാമമായി. കോടതി ഇടപെടലില്‍ എല്ലാം പറഞ്ഞുതീര്‍ത്തതോടെ സംവിധായകരായ ഡോ. ബിജുവും സംവിധായകനും നടനുമായ ജോയ് മാത്യുവും തമ്മില്‍ പിണക്കത്തിന് ഷട്ടറിട്ട് കെട്ടിപ്പിടിച്ചു മടങ്ങി. 

ഫോണിലൂടെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നു കാട്ടി നടനും സംവിധായകനുമായ ജോയ് മാത്യുവിന് എതിരേ സംവിധായകന്‍ ഡോ. ബിജു അടൂര്‍ കോടതിയില്‍ നല്‍കിയ കേസാണ് ഒത്തുതീര്‍പ്പായത്. ഡോ. ബിജു സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനുള്ള ജൂറി അംഗമായിരുന്നപ്പോള്‍ ജോയ് മാത്യുവിന്റെ സിനിമയായ ഷട്ടറിന് പുരസ്‌കാരം നിഷേധിച്ചതിന് ഡോ. ബിജുവിനെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ടാണ് കേസ്.

കോടതിയുടെ മധ്യസ്ഥതയില്‍ ഇരുവരും പ്രശ്നം പറഞ്ഞുതീര്‍ത്തതോടെ കേസ് ഒത്തു തീര്‍പ്പായി. 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദേശീയ അവാര്‍ഡ് കമ്മറ്റി ജൂറി അംഗമായ ഡോ. ബിജുവിന്റെ പരാതിയില്‍ ഷട്ടര്‍ എന്ന തന്റെ സിനിമയെ പരിഗണിച്ചില്ലെന്ന പേരില്‍ ജോയ് മാത്യു ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചിരുന്നു.  ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി പിന്നീട് കോടതിയില്‍ എത്തുകയായിരുന്നു. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി  ഇന്നലെയാണ് കേസിന്റെ വിചാരണ നിശ്ചയിച്ചിരുന്നത്.

മാപ്പ് പറഞ്ഞാൽ കേസുമായി പോകില്ലെന്ന് ബിജു സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ജോയ്‌ മാത്യു മാപ്പ് പറയില്ലെന്നും വ്യക്തമാക്കിയിരുന്നു. ഒത്തുതീർപ്പാക്കാവുന്ന കേസാണിതെന്ന് ഇവർ എത്തിയപ്പോൾ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. എന്നാൽ മാപ്പ് പറയാൻ ജോയ്‌ മാത്യു തയാറല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു.

ഇന്നലെ വിചാരണയ്ക്കായി ഇരുവരും കോടതിയില്‍ എത്തി. കേസ് പരിഗണിച്ച കോടതി ചര്‍ച്ച ചെയ്തു പ്രശ്‌നം പരിഹരിച്ചു കൂടെ എന്ന് ആരാഞ്ഞു. തുടര്‍ന്ന് ജോയ് മാത്യുവിന്റെ അഭിഭാഷകന്‍ അഡ്വ. ബിനോ ജോര്‍ജ്, എ.പി.പി. ബിഭു എന്നിവരുടെ സാന്നിധ്യത്തില്‍ ഇരു കക്ഷികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് കേസ് ഒത്തു തീര്‍ന്നത്. അഭിഭാഷകരുടെ സാന്നിധ്യത്തിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾതന്നെ പ്രശ്നങ്ങളെല്ലാം അവസാനിക്കുകയായിരുന്നു. 

പിന്നീട് കോടതിക്ക് പുറത്തെത്തി ഇരുവരും തോളിൽ കൈയിട്ടാണ് കേസും പിണക്കവും അവസാനിപ്പിച്ചതിന്റെ സന്തോഷം പങ്കിട്ടത്.  പിണക്കം അവസാനിപ്പിച്ച ഇരുവരും ഇനി കോടതിവ്യവഹാരങ്ങളെപ്പറ്റി അടുത്ത സിനിമ പ്ലാൻ ചെയ്യുകയാണെന്നും പ്രഖ്യാപിച്ചാണ് മടങ്ങിയത്. ഇതൊരു സൗഹൃദപ്പിണക്കമാണെന്നും വൈകാരികപ്രകടനമായിട്ട് കണ്ടാല്‍മതിയെന്നുമായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.