Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതു പോലൊരു പ്രൊഡ്യൂസറെ വേറെ കണ്ടിട്ടില്ല: നസ്രിയയെക്കുറിച്ച് അമൽ നീരദ്

fahad-nazriya-amal-neerad

ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും മുഖ്യവേഷത്തിലെത്തിയ 'വരത്തൻ' മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുമ്പോൾ, സംവിധായകൻ അമൽ നീരദിന് പറയാനുള്ളത് സഹനിർമാതാവായ നസ്രിയയെക്കുറിച്ചാണ്. ഇതുപോലെയൊരു പ്രൊഡ്യൂസറെ വേറെ കണ്ടിട്ടില്ലെന്നാണ് അമൽ നീരദ് പറയുന്നത്. 

‘ആറു മണിയാവുമ്പോൾ പായ്ക്കപ്പ് ചെയ്യാമെന്ന് പറയുന്ന പ്രൊഡ്യൂസറാണ് നസ്രിയ. ഇന്നത്തേക്ക് ഇത്രയൊക്കെ മതി. നമുക്ക് നിർത്തി വീട്ടിൽ പോവാമെന്നൊക്കെ വന്നു പറയും. ഇതു കണ്ട് ക്യാമറാമാൻ ലിറ്റിൽ സ്വായംപ് എന്നോടു ചോദിച്ചിട്ടുണ്ട്, നസ്രിയ ചിത്രത്തിന്റെ പ്രൊഡ്യൂസർ തന്നെയല്ലേയെന്ന്! അങ്ങനെയായിരുന്നു നസ്രിയ’– അമൽ നീരദ് പറഞ്ഞു. 

‘മനസ്സമാധാനമാണു വലുത്’

‘സ്വന്തമായി ചിത്രം നിർമിക്കുമ്പോൾ മനസ്സമാധാനം ഉണ്ടെന്ന് അമൽ നീരദ്. നിർമാതാവിനെ കുഴിയിലേക്കിറക്കാൻ സിനിമ ചെയ്യുന്നു എന്ന രീതിയിലുള്ള വിമർശനങ്ങൾ നേരിട്ടിരുന്നു. ദുബായിൽ നിന്നു വന്ന കുറെ നിർമാതാക്കളെ പിച്ചക്കാരാക്കി മാറ്റി എന്നുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ പേടിയാണ്. ജിബ് വച്ചൊരു ഷോട്ടൊക്കെ എടുക്കണമെന്ന് ആലോചിക്കുമ്പോൾ പണത്തെക്കുറിച്ചാകും ഓർമ വരിക. സ്വന്തമായി നിർമിക്കുമ്പോൾ അത്തരം ടെൻഷൻ ഇല്ല. എന്തു വന്നാലും നമ്മൾ അറിഞ്ഞാൽ മതിയല്ലോ’ അമൽ നീരദ് വ്യക്തമാക്കി. 

ഏറ്റവും അധികം കാത്തിരുന്നത് ഷറഫുദ്ദീന്റെ സമ്മതത്തിന്

‘വരത്തൻ എന്ന സിനിമയുടെ കഥാപാത്രങ്ങളെ തീരുമാനിച്ചപ്പോൾ ഏറ്റവും അധികം കാത്തിരിക്കേണ്ടി വന്നത് ഷറഫുദ്ദീന്റെ സമ്മതത്തിനു വേണ്ടിയായിരുന്നുവെന്ന് ഫഹദ് ഫാസിൽ. ‘ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ ഷറഫ് ‍ഞെട്ടിപ്പോയി. ഈ സിനിമ ചെയ്യണം; എന്നാൽ ഈ വേഷം ചെയ്താൽ ശരിയാകുമോ എന്നായിരുന്നു ഷറഫിന്റെ ആശയക്കുഴപ്പം. ഒടുവിൽ മൂന്നു നാലു ദിവസങ്ങൾക്കു ശേഷമാണ് ഷറഫ് സമ്മതം മൂളിയത്’ ഫഹദ് പറഞ്ഞു.  

'പുരസ്കാരം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല'

ദേശീയ പുരസ്കാരദാന ചടങ്ങിനോടു അനുബന്ധിച്ചു ഉണ്ടായ വിവാദത്തെക്കുറിച്ചും ഫഹദ് മനസു തുറന്നു. ഫഹദിന്റെ വാക്കുകൾ ഇങ്ങനെ: ‘ഞാൻ പോയത് രാഷ്ട്രപതിയുടെ പുരസ്കാരം വാങ്ങാനാണ്. അവിടെ ചെന്നപ്പോൾ അറിഞ്ഞു, അത് വേറെ ആരോ ആണ് സമ്മാനിക്കുന്നതെന്ന്. അതോടെ അടുത്ത വണ്ടി പിടിച്ച് ഞാനിങ്ങു പോന്നു. വരത്തന്റെ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. അങ്ങനെ ചെയ്തതുകൊണ്ട് സിനിമയിൽ ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വന്നിട്ടില്ല. അതു കിട്ടിയിരുന്നില്ലെങ്കിലും കുഴപ്പമൊന്നുമില്ല’ ഫഹദ് നിലപാട് വ്യക്തമാക്കി.