അവസാന സെമസ്റ്ററിൽ ഡിഗ്രി പൂർത്തീകരിക്കാതെ ഫഹദ് നാട്ടിലേയ്ക്ക്

ആദ്യ സിനിമയായ കയ്യെത്തും ദൂരത്തിനു ശേഷം സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുത്ത് വിദേശത്ത് പഠിക്കാൻ പോയി തിരിച്ചുവന്ന ആളാണ് ഫഹദ്. അഭിനയമല്ല ഫിലോസഫിയാണ് അദ്ദേഹം വിദേശത്തുനിന്നും പഠിച്ചത്. കോഴ്‍സ് പൂർത്തിയാകേണ്ട അവസാന സെമസ്റ്ററിൽ ആരോരുമറിയാതെ തിരിച്ച് നാട്ടിലേയ്ക്ക് മടക്കവും. വിദ്യാഭ്യാസ രീതിയിൽ വിശ്വസിക്കുന്നുണ്ടെങ്കിലും പഠിച്ച കാര്യങ്ങളിലൊന്നും തനിക്ക് വിശ്വാസമില്ലെന്നാണ് ഫഹദിന്റെ അഭിപ്രായം. റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഫഹദ്. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ താഴെ–

പഠനം 

ഞാൻ ഒരിക്കൽപോലും അഭിനയകളരിയിൽ ഇരുന്നിട്ടില്ല. അവിടെ എന്താണ് നടക്കുന്നതെന്നും അറിയില്ല. അഭിനയം പഠിപ്പിക്കുന്ന അധ്യാപകരായ സുഹൃത്തുക്കൾ എനിക്കുണ്ട്. 

ഫിലിം സ്കൂളിൽ അഭിനയം പഠിച്ച് ഉന്നതങ്ങളിലെത്തിയ എത്രയോ പേരുണ്ട്. ഞാൻ എൻജിനിയറിങ്ങിനാണ് പോയത്. ഒന്നരവർഷം അത് പഠിച്ചു. പൂർത്തിയാക്കിയാലും പരാജയമാകുമെന്ന് ഉറപ്പായതോടെ വീട്ടിൽ പറഞ്ഞു. അവർ നിനക്ക് ഇഷ്ടമുള്ളത് ചെയ്തോളാനാണ് എന്നോട് പറഞ്ഞത്.

അങ്ങനെ എൻജിനിയറിങ്ങ് നിർത്തി. അതിന് ശേഷം ഫിലോസഫി പഠിക്കാൻ തീരുമാനിച്ചു. അത് ഇഷ്ടമായതോടെ അതിലേയ്ക്ക് കൂടുതൽ ശ്രദ്ധകൊടുത്തു. അങ്ങനെ മൂന്നരവർഷത്തോളം ഡിഗ്രി ചെയ്ത് അവസാന സെമസ്റ്ററിൽ അതു പൂർത്തീകരിക്കാതെ നാട്ടിലേയ്ക്ക് തിരിച്ചുവന്നു.

ഫിലോസഫി എന്നെ ഏതെങ്കിലും രീതിയിൽ സഹായിച്ചെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വിദ്യാഭ്യാസ രീതിയിൽ വിശ്വസിക്കുന്നുണ്ട്. പക്ഷേ പഠിച്ച കാര്യങ്ങളിലൊന്നും എനിക്ക് വിശ്വാസമില്ല. അവിടെയുള്ള ചുറ്റുപാടുകളും സുഹൃത്തുക്കളും എന്നെ സഹായിച്ചിട്ടുണ്ട്.

നസ്രിയ എന്ന നിർമാതാവ്

അമൽ നീരദിന്റെ മികച്ച സിനിമകളില്‍ ഒന്നായിരിക്കാം വരത്തൻ. സാധാരണ അമൽ നീരദ് സിനിമകളിൽ കാണാറുള്ള വെടിയും പുകയും സ്ലോ മോഷനുമൊക്കെ വരത്തനിലുമുണ്ട്. നസ്രിയ പറഞ്ഞപ്പോളാണ് ഞാൻ അറിയുന്നത്, ഈ സിനിമയിൽ അവൾ പാടുന്നുണ്ടെന്ന്. അത് അവളുടെ സന്തോഷം. ഞാൻ നസ്രിയയുടെ ആരാധകനാണ്. അവൾ വീട്ടിലും പാടാറുണ്ട്. 

നിർമാതാവായ നസ്രിയയെക്കുറിച്ച് പറയുകയാണെങ്കിൽ, ബിരിയാണി വിളമ്പാൻ മാത്രമാണ് സെറ്റിൽ ഇടപെടാറുണ്ടായിരുന്നൊള്ളൂ. വേറൊരു കാര്യത്തിലും പ്രശ്നത്തിന് വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഈ നിർമാതാവിനൊപ്പം ഇനിയും സിനിമ ചെയ്യാൻ താല്‍പര്യമുണ്ട്.

മലയാളത്തിന്റെ ഇമ്രാൻ ഹാഷ്മി

ടൊവിനോയെ മലയാളത്തിന്റെ ഇമ്രാൻ ഹാഷ്മിയെന്ന് വിളിക്കുന്നതിൽ അഭിമാനം തോന്നുന്നു. ആ കീരിടം വേറൊരാൾ എടുത്തുകൊണ്ടുപോയല്ലോ.

അന്യഭാഷ ചിത്രങ്ങൾ

തമിഴിൽ നിന്നും മാറിനിൽക്കുന്നതല്ല. കാർത്തിക് സുബ്ബരാജിന്റെ രജനീകാന്ത് ചിത്രം, മണിരത്നത്തിന്റെ പുതിയ പ്രോജക്ട് ഇതിൽ നിന്നൊക്കെ ഓഫറുകള്‍ വന്നിരുന്നു. എന്നാൽ ഡേറ്റിന്റെ തിരക്കുകളില്‍ അഭിനയിക്കാൻ സാധിക്കാതെ വന്നതാണ്.

ആരണ്യകാണ്ഡം എന്ന ചിത്രം സംവിധാനം ചെയ്ത കുമാർ രാജയുടെ സൂപ്പർ ഡീലക്സിൽ ഞാൻ അഭിനയിച്ച് കഴിഞ്ഞു. വിജയ്സേതുപതിക്കും സമാന്തയ്ക്കും ഒപ്പമാണ് ഞാൻ അഭിനയിച്ചത്. എന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാകും സൂപ്പർ ഡീലക്സ്.