Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ശരീരത്തെക്കുറിച്ച് പറയുമ്പോൾ നിനക്ക് എന്തിനാ നാണം’; ആ അനുഭവം ഓർത്തെടുത്ത് ദിവ്യ

alencier-divya-aabhasam

അലൻസിയറിനെതിരെ നടി ദിവ്യ ഉന്നയിച്ച മീ ടു ആരോപണം മലയാളസിനിമയെ ഒന്നാകെ ഞെട്ടിച്ചിരുന്നു. ആഭാസം സിനിമയുടെ സെറ്റിൽ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. അന്ന് അവിടെ സംഭവിച്ച കാര്യങ്ങൾ ഓർത്തെടുക്കുകയാണ് ദിവ്യ.

ദിവ്യ ഗോപിനാഥിന്റെ വാക്കുകളിലേയ്ക്ക്–

2017 ജൂൺ ജൂലൈ സമയത്തായിരുന്നു ആഭാസം സിനിമയുടെ ഷൂട്ട് നടന്നത്. ബെംഗലൂരിൽ വെച്ചായിരുന്നു ചിത്രീകരണം. ആദ്യത്തെ പത്ത് ദിവസം ഒരു പ്രശ്നങ്ങളും ഇല്ലായിരുന്നു. പന്ത്രണ്ടാമത്തെ ദിവസം അലൻസിയർ ലൊക്കേഷനിൽ എത്തി. അദ്ദേഹം നാടകരംഗത്തുനിന്നും വന്ന ആളാണ്, ഞാനും എന്റെ സുഹൃത്തും ഇതേരംഗത്തുനിന്നും സിനിമയിൽ എത്തിയവരാണ്.

അലൻസിയറുടെ ഇര താൻ മാത്രമല്ല, ആവശ്യമെങ്കിൽ നിയമനടപടി: ദിവ്യ | Divya Gopinath | Metoo| Alancier

എന്റെ കൂടെ ഉള്ള ആളെ അദ്ദേഹത്തിന് പരിചയമുണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച. ആദ്യത്തെ മീറ്റിങിൽ പോലും വളരെ മോശമായാണ് സംസാരിച്ചത്. മറ്റ് സെറ്റുകളിലെ സ്ത്രീകളെ അവിടെയുള്ള പുരുഷന്മാർ പല തരത്തിലും കളിയാക്കുന്നു, അവരുടെ ശരീരത്തെക്കുറിച്ച് വളരെ വൃത്തികേടായി പറഞ്ഞ് കളിയാക്കുന്ന കാര്യങ്ങൾ ഞങ്ങളോട് പറഞ്ഞ് രസിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ആ സംസാരം നിർത്തണമെന്ന് അലൻസിയറിനോട് പറയുകയുണ്ടായി.

‘അലൻസിയർ ചേട്ടാ, എന്താ ഇങ്ങനെ പറയുന്നത്, ഇതിൽ അഭിനയിക്കുന്നവരും നിങ്ങളുടെ സുഹൃത്തുക്കൾ ആകില്ലേ, പിന്നെ എന്തിനാണ് അവരെക്കുറിച്ച് ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചു.’ ‘നീ തിയറ്റർ ആർടിസ്റ്റ് ആണോ സിനിമയിൽ അഭിനയിക്കാൻ വന്ന കുട്ടിയല്ലേ, ധൈര്യമായി ഇരിക്ക്, ഇതൊക്കെ തമാശയായി എടുക്കേണ്ടേ, ഒരാളുടെ ശരീരത്തെക്കുറിച്ച് പറയുമ്പോൾ നിനക്കെന്തിനാ ഇത്ര നാണംവരുന്നത്’ ഇങ്ങനെ പറഞ്ഞുകൊണ്ട് അയാള്‍ വീണ്ടും പ്രതികരിക്കാൻ തുടങ്ങി.

Alencier Me Too

അതോടെ എനിക്ക് ആകെ ദേഷ്യമായി. പറഞ്ഞാൽ മനസ്സിലാകില്ലെന്ന് ഉറപ്പായതോടെ അവിടെനിന്ന് പോകുകയും ചെയ്തു. അതിന് ശേഷം പലവട്ടം പലപെൺകുട്ടികളോടും ഇത്തരത്തിലുള്ള സംസാരവുമായി വരാൻ തുടങ്ങി. അതൊക്കെ പല കുട്ടികളും തടയുകയും ചെയ്തു.

ഒരുദിവസം എനിക്ക് പീരിഡ് സമയത്ത്, ആകെ അവശയായിരുന്നു. എന്റെ ഷോട്ട് എടുത്തതിന് ശേഷം സംവിധായകനോട് അനുവാദം ചോദിച്ച് റൂമിൽ പോകുകയുണ്ടായി. കുറച്ച് നേരം വിശ്രമിച്ചിട്ട് ഷോട്ട് നടക്കുമ്പോൾ വരാം എന്നുപറഞ്ഞു. റൂമിൽ വിശ്രമിക്കുമ്പോഴാണ് ആരോ ഡോറിൽ മുട്ടുന്ന ശബ്ദം കേൾക്കുന്നത്. കീ ഹോളിൽ കൂടെ നോക്കിയപ്പോൾ മനസ്സിലായി അലൻസിയർ ചേട്ടനാണെന്ന്.

അയാളുടെ പെരുമാറ്റം അറിയാവുന്നതുകൊണ്ട് ടെൻഷൻ ഉണ്ടായിരുന്നു. അപ്പോൾ തന്നെ സംവിധായകനെ വിളിച്ച് കാര്യം പറഞ്ഞു. ഞാനിപ്പോൾ ഷൂട്ടിലാണെന്നും പെട്ടന്നുതന്നെ ഒരാളെ റൂമിലേയ്ക്ക് പറഞ്ഞുവിടാമെന്നും അദ്ദേഹം ഉറപ്പു നൽകി. സേഫ് ആയി ഇരിക്കൂ, ഫോൺ കട്ട് ചെയ്യേണ്ടെന്നും എന്നോട് പറഞ്ഞു.

ഞാൻ ഫോൺ കട്ട് ചെയ്യാതെ അങ്ങനെ തന്നെ കയ്യിൽവച്ചു. വാതിലിലെ മുട്ട് കൂടിയപ്പോള്‍ തുറന്നു. അയാൾ കയറിയ ഉടനെ ഡോർ അടച്ചു. അയാൾക്ക് എന്തോ വലിയ സ്വാതന്ത്ര്യമുള്ളതുപോലെയാണ് കയറിവന്നത്. ‘നിന്നെയൊന്ന് കാണണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. നാടകങ്ങളിലൊക്കെ ഇത്രയും അനുഭവമുള്ള നടിയായിട്ട് നിനക്കൊരു ധൈര്യം പോരാ, നിനക്കൊന്ന് ധൈര്യം വെയ്ക്കേണ്ട കാര്യമുണ്ട്.’ ഇങ്ങനെയൊരു സംസാരവും എന്റെ അരികിലേയ്ക്ക് വരാൻ നോക്കുകയുമായിരുന്നു.

എന്റെ മനസ്സിൽ ടെൻഷന്‍ ഉണ്ട്. എന്നാൽ കയ്യിൽ ഫോൺ ഉള്ളതായിരുന്നു ആശ്വാസം. ഇയാളെന്താണ് ചെയ്യാൻ പോകുന്നതെന്ന തോന്നല്‍ മനസ്സിലൂെട പോയപ്പോൾ കോളിങ് ബെൽ അടിച്ചു. പുള്ളി തന്നെ അപ്പോൾ െഞട്ടി, വാതിൽ തുറന്നു.

അസി. പയ്യനായിരുന്നു. ചേട്ടനെ സെറ്റിൽ വിളിക്കുന്നുണ്ടെന്ന് പയ്യൻ അയാളോട് പറഞ്ഞു. തനിക്കിന്ന് ഷൂട്ട് ഇല്ലെന്ന് പറഞ്ഞതാണെന്നും പിന്നെ എന്തിനാണ് വിളിക്കുന്നതെന്നും അയാൾ ചോദിച്ചു. പയ്യന് കാര്യം അറിയാവുന്നതുകൊണ്ട്, ഷൂട്ട് ഉണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞു.

പുള്ളിക്ക് അതൊരു മുഷിച്ചിലായി, അവിടെ നിന്നും പോയി. പിന്നീട് അയാൾ സെറ്റിൽ നിന്നും അഞ്ച് ദിവസത്തെ ഇടവേള എടുത്തിട്ട് പോയി. ആ സമയത്ത് ‍ഞങ്ങളൊക്കെ വലിയ ആശ്വാസത്തിലായിരുന്നു. എന്നാൽ എല്ലാവരും അലൻസിയർ ചേട്ടന്റെ സ്വഭാവത്തെക്കുറിച്ച് സംസാരിച്ചിരുന്നു. നമ്മൾ പരിചയപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തെക്കുറിച്ചുള്ള അറിവുകൾ ഇങ്ങനെയല്ലായിരുന്നു.

അതിന് ശേഷം വീണ്ടും അയാൾ സെറ്റിലെത്തി. പിന്നീട് ഞങ്ങളോട് എല്ലാവരോടും സംസാരിക്കുകയും ചെയ്തു. പിന്നീടൊരു ദിവസം ഷൂട്ടിനായി വെളുപ്പിന് എഴുന്നേൽക്കേണ്ട സാഹചര്യം ഉണ്ടായി. അന്ന് രാവിലെ ആറ് മണിക്ക് ഞങ്ങളുടെ ഡോറില്‍ ആരോ ബെല്ലടിച്ചു. താമസിച്ചിരുന്നത് സ്യൂട്ട് റൂം ആണ്. ഉള്ളിലൊരു റൂമും പുറത്ത് ഹാളുമുണ്ട്. എന്റെ കൂടെ ഉണ്ടായിരുന്ന ചേച്ചി വാതിൽ തുറന്നു, അത് അലൻസിയർ ചേട്ടനായിരുന്നു.

ഞാൻ റൂമിൽ കിടക്കുകയാണ്, റൂം അടച്ച് ഇട്ടിരിക്കുകയാണ്. ഞങ്ങളോട് എത്രയും പെട്ടന്ന് എണീക്കണമെന്നും ഇല്ലെങ്കിൽ സെറ്റിൽ വഴക്ക് കിട്ടുമെന്നുമൊക്കെ അയാൾ പറയുന്നത് കേൾക്കാം. ചേച്ചി പിന്നീട് എന്റെ റൂമിലെത്തി അലൻസിയർ ചേട്ടൻ വന്ന കാര്യം പറഞ്ഞു. ചേച്ചി കുളിക്കാൻ പോകുകയാണെന്നും എന്നോട് പെട്ടന്ന് റെഡിയാകാനും പറഞ്ഞു.

ഞാൻ അഞ്ചുമിനിറ്റോടെ ഉറങ്ങട്ടെയെന്ന് പറഞ്ഞ് വീണ്ടും കിടന്നു. അപ്പോഴാണ് അയാൾ റൂമിലേയ്ക്ക് കയറിവന്നത്. ഞാൻ അത് അറിഞ്ഞിരുന്നില്ല. അടുത്ത് വന്ന് അനക്കം തോന്നിയപ്പോള്‍ ഞാൻ ഞെട്ടി എഴുന്നേറ്റു. നോക്കുമ്പോൾ അലന്‍സിയർ ചേട്ടനാണ്. ‘നീ ഉറങ്ങുകയാണോ എന്ന് ചോദിച്ചു. അപ്പോൾ തന്നെ പേടിച്ച് ഞാൻ എഴുന്നേറ്റു. ‘കുറച്ച് നേരം കൂടി നീ കിടന്നോ ഇപ്പോൾ പോകണ്ട’ എന്നു പറഞ്ഞ് എന്നെ കട്ടിലിലേയ്ക്ക് കിടത്താൻ നോക്കി. എന്നിട്ട് അയാളും കട്ടിലിനരികിലേയ്ക്ക് കിടന്ന് ചാരുകയാണ്. ഞാൻ അയാളെ തള്ളിമാറ്റി. ‘അലൻസിയർ ചേട്ടൻ ഇവിടെ നിന്നുംപോകണം ഭയങ്കരമായ ദേഷ്യം വരുന്നുണ്ട്, എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് അറിയില്ലെന്നും അയാളോട് പറഞ്ഞു.

‘ഞാൻ ഇത് തമാശയ്ക്ക് ചെയ്തതല്ലേ, നീ സ്ട്രോങ് ആണോന്ന് നോക്കാൻ ടെസ്റ്റിങ് നടത്തിയതാണെന്ന് പറഞ്ഞിട്ട് പുള്ളി പോകുകയാണ്. അപ്പോഴും മദ്യത്തിന്റെ പ്രശ്നം അയാൾക്ക് ഉണ്ടായിരുന്നു. മദ്യപാനം എപ്പോഴും അയാളുടെ പ്രശ്നമാണ്.

ഈ സംഭവത്തിന് ശേഷം സംവിധായകനോട് പരാതി പറഞ്ഞു. സംവിധായകന്റെ ആദ്യത്തെ സിനിമയാണ് ആഭാസം. വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം ഈ സിനിമ ചിത്രീകരിച്ചുകൊണ്ടിരുന്നത്. എന്നിട്ടും അദ്ദേഹം ഇക്കാര്യം അലൻസിയർ ചേട്ടനുമായി സംസാരിച്ചു. പെൺകുട്ടികൾ പരാതി പറയുന്നുണ്ടെന്നും അവർ ചിലപ്പോൾ പ്രതികരിച്ചേക്കാമെന്നും സംവിധായകന്‍ അയാളോട് പറഞ്ഞു. ഇത് അയാൾക്ക് നാണക്കേടായി. ഈഗോ ഉണ്ടായി. അതിന് ശേഷമുള്ള ഷൂട്ടിൽ മദ്യപിച്ച് എത്തി സെറ്റിലാകെ ചീത്ത പറച്ചിലായിരുന്നു. 

സ്ക്രിപ്റ്റ് പറഞ്ഞുകൊടുത്താൽ അത് പഠിക്കാതെ ആളുകളെ തെറിവിളിക്കുക. ‘എന്താ അലൻസിയർ ചേട്ടാ ഇങ്ങനെയെന്ന് സംവിധായകൻ ചോദിക്കുമ്പോൾ വെറുതെ തട്ടിക്കയറുമായിരുന്നു.

അതിന് ശേഷം ഞാൻ ആ സംഭവം വിട്ടു. വീട്ടിലും അയാളുടെ കാര്യം സൂചിപ്പിച്ചിരുന്നു. പിന്നീട് രണ്ട് മൂന്ന് മാസങ്ങൾക്ക് ശേഷം ഇയാൾ മറ്റൊരു സെറ്റിൽ ചെന്ന് അസോ. പയ്യന്റെ അടുത്തും അവിടെയുള്ള ആളുകളുടെ അടുത്തും ഞങ്ങളെക്കുറിച്ച് മോശമായി സംസാരിച്ചത് അറിയാൻ കഴിഞ്ഞു. ആഭാസം സെറ്റിൽ പൊളിച്ചെന്നും ഭയങ്കര ചെറുപ്പമായി, പെണ്‍പിള്ളേരെല്ലാം തന്റെ കൂടെയായിരുന്നെന്നും അങ്ങനെയുള്ള വളരെ മോശം വാക്കുകൾ പറയുകയുണ്ടായി.

ഈ സംഭവം എന്നോട് ഒരാൾ പറഞ്ഞു, അത് എന്നെ വേദനിപ്പിച്ചു. അപ്പോൾ തന്നെ അയാളെ ഫോണിൽ വിളിച്ച് ഞാൻ ചീത്ത പറഞ്ഞു. പിന്നീട് പലതവണ അയാൾ എന്നെ വിളിക്കാൻ ശ്രമിച്ചപ്പോൾ നമ്പർ ബ്ലോക്ക് ചെയ്തു. അതിന് ശേഷം അയാൾ അന്ന് സെറ്റിൽ എന്റെ കൂടെ ഉണ്ടായിരുന്ന ചേച്ചിയെ വിളിച്ചു. ‘അവളോട് പറയണം ജീവിതത്തിൽ ആദ്യമായി ഒരു സെറ്റിൽ പറ്റിപോയ തെറ്റിനെക്കുറിച്ച് ഞാൻ പറയുകയായിരുന്നു ചെയ്തത്. അല്ലാതെ മോശമായി സംസാരിച്ചില്ലെന്നും അയാള്‍ പറഞ്ഞു. ഇത് എനിക്ക് ആ ചേച്ചി അയച്ചുതന്നു. അത് കേട്ടപ്പോൾ വീണ്ടും ഞാൻ ക്ഷമിച്ചു.

ഇനി ഇതുപോലെ ഉണ്ടായാൽ ഞാൻ പ്രതികരിക്കുന്നത് വേറെ രീതിയിലായിരിക്കുമെന്ന് അയാളോട് പറയണമെന്ന് ചേച്ചിയോട് പറഞ്ഞു. എന്നാൽ പിന്നീട് പല സെറ്റുകളിലും സ്ത്രീകൾക്ക് ഇയാളിൽ നിന്ന് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നതായി അറിയാൻ കഴിഞ്ഞു. എന്നാൽ എന്നെ ഏറ്റവും കൂടുതൽ ചിന്തിപ്പിച്ച് മറ്റൊരു കാര്യത്തിലാണ്.

അന്ന് കൊച്ചിയിൽ സിസ്റ്റർമാരുടെ സമരം നടക്കുമ്പോൾ, ഒരു പള്ളീലച്ചന്റെ വേഷം അണിഞ്ഞുള്ള ചിത്രം അയാള്‍ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. അതിന് അയാൾ എഴുതിയ അടിക്കുറിപ്പ് ‘ഐ ആം കമിങ്’. സമൂഹത്തിൽ പ്രശ്നം നടക്കുമ്പോൾ താനെന്തോ വലിയ സംഭവമാണെന്ന് കാണിക്കാൻ ഇതുപോലെ പലകാര്യങ്ങൾ അയാൾ ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു വ്യക്തിയുടെ പിന്തുണ ആ സമരത്തിന് അനുവദിക്കാൻ പാടില്ലെന്ന സമ്മർദം എന്റെ മനസ്സിൽ ഉണ്ടായി.

അതിന് ശേഷം ജസ്റ്റിസ് ഹേമ കമ്മീഷന്റെ മുന്നിലെത്തി. അന്ന് ഡബ്ലുസിസി ഗ്രൂപ്പിന്റെ മീറ്റിങ് ഉണ്ടായിരുന്നു. അന്ന് മേഡത്തിനോട് വ്യക്തിപരമായി കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞു. ഗ്രൂപ്പിൽ പറയാൻ ആഗ്രഹമില്ലെങ്കിൽ മറ്റൊരു ദിവസം പരാതി കേൾക്കാമെന്ന് ഹേമ കമ്മീഷൻ പറഞ്ഞു. അവിടെവച്ച് പറയാന്‍ ഇരിക്കുമ്പോഴാണ് മീ ടു ക്യാംപെയ്ന്‍ വരുന്നത്. ഇങ്ങനെയൊരു വേദിയിൽ തന്നെയാണ് ഇക്കാര്യം തുറന്നുപറയേണ്ടതെന്ന ബോധ്യത്തിലാണ് മീ ടുവിലൂടെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. 

related stories