നാല് വയസ്സുള്ളപ്പോൾ പീഡിപ്പിക്കപ്പെട്ടു: വെളിപ്പെടുത്തി പാർവതി

നാല് വയസ്സുള്ളപ്പോൾ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തി നടി പാർവതി. പതിനേഴ് വർഷങ്ങൾക്കുശേഷം മാത്രമാണ് അന്നെന്താണ് സംഭവിച്ചതെന്ന് മനസ്സിലായത്. വീണ്ടും പന്ത്രണ്ട് വർഷങ്ങളെടുത്തു സംഭവത്തെപ്പറ്റി പുറത്തുപറയാന്‍. മുംബൈയിൽ നടക്കുന്ന മിയാമി ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാർവതി. 

‌രാഷ്ട്രീയ, സിനിമാമേഖലയിലുൾപ്പെടെ മീ ടു ക്യാംപെയിൻ ശക്തിയാർജിക്കുന്ന അവസരത്തിലാണ് പാർവതിയുടെ വെളിപ്പെടുത്തൽ. ''എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ് അത്തരമൊരു അനുഭവമുണ്ടായത്. പതിനേഴ് വർഷം കഴിഞ്ഞാണ് അന്നെന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിഞ്ഞത്. പിന്നെയും പന്ത്രണ്ട് വർഷം കഴിഞ്ഞാണ് സംഭവത്തെപ്പറ്റി പുറത്തുപറയാൻ കഴിഞ്ഞത്'', പാർവതി പറഞ്ഞു.

''അതിജീവിക്കുക എന്നത് ശാരീരികമായി മാത്രം സംഭവിക്കേണ്ട ഒന്നല്ല. മാനസികമായും അതിജീവിക്കേണ്ടതുണ്ട്. അതിജീവിച്ചവളാണെന്ന് എല്ലാ ദിവസവും ഞാൻ എന്നെത്തന്നെ ഓർമിപ്പിക്കേണ്ടതുണ്ട്'', പാർവതി പറഞ്ഞു. 

മീ ടു ക്യാംപെയ്നിന്റെ പശ്ചാത്തലത്തിൽ ഉറച്ച നിലപാടോടെയാണ് ഇത്തവണത്തെ മിയാമി ചലച്ചിത്രമേളക്ക് തിരി തെളിഞ്ഞത്. മീ ടു ആരോപണത്തിൽപ്പെട്ട താരങ്ങൾ ഉൾപ്പെട്ട ചിത്രങ്ങൾ മേളയില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

നാനാ പടേക്കറിനെതിരെ നടി തനുശ്രീ ദത്ത ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ നിരവധി പേർ തങ്ങൾക്കുണ്ടായ മോശം അനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തി.