ഈ ചേട്ടന്റെ പേര് സ്പുട്നിക്ക്, തമാശയല്ല കാര്യം: ദുൽഖർ

ഒരു യമണ്ടൻ പ്രേമകഥയുടെ ചിത്രീകരണത്തിനിടയിൽ നിന്നും രസകരമായ വിശേഷം പങ്കു വച്ച് ദുൽഖർ സൽമാൻ. ലൊക്കേഷനിൽ വച്ചു പരിചയപ്പെട്ട വ്യത്യസ്തനായ ബോട്ടുകാരനെ പരിചയപ്പെടുത്തുകയാണ് താരം. പേര് സ്പുട്നിക്ക്! ഇത് തമാശപ്പേര് അല്ലെന്നും ദുൽഖർ പറയുന്നു. ഒരു യമണ്ടൻ പ്രേമകഥയിലെ താരങ്ങൾക്കും സ്പുട്നിക്കിനും ഒപ്പം നിൽക്കുന്ന ചിത്രവും ദുൽഖർ പങ്കുവച്ചു. 

ഏറെ നാളുകൾക്കു ശേഷമാണ് ദുൽഖർ യമണ്ടൻ പ്രേമകഥയുടെ ഷെഡ്യൂളിൽ ജോയിൻ ചെയ്യുന്നത്. ഇത്രയും നാളുകൾകടുന്നുപോയത് അറിയുന്നില്ലെന്നും അത്രയ്ക്കു രസകരമായ അന്തരീക്ഷമാണ് സെറ്റിലേതെന്നും ദുൽഖർ പറയുന്നു. സലിം കുമാർ, വിഷ്ണു, ബിബിൻ, സൗബിൻ എന്നിവർക്കൊപ്പമുള്ള ചിത്രവും ദുൽഖർ പങ്കുവച്ചു. കൂടാതെ ദുൽഖറിനെ അദ്ഭുതപ്പെടുത്തിയ സ്പുടിനിക്ക് എന്ന ബോട്ടുകാരനും ഒപ്പമുണ്ടായിരുന്നു.

സ്പുട്നിക്കിനെ അൽപം നാടകീയമായാണ് ദുൽഖർ പരിയപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: "എന്റെ അടുത്തു നിൽക്കുന്ന വ്യക്തി ആരാണെന്ന് ആലോചിച്ച് അദ്ഭുതപ്പെടേണ്ട. ഷൂട്ടിങ്ങിൽ സഹായിക്കാനെത്തിയ ബോട്ടുകാരനാണ് കക്ഷി. അദ്ദേഹത്തിന്റെ പേരു കേൾക്കുമ്പോൾ ഞാൻ തമാശ പറയുകയാണെന്ന് കരുതരുതേ! അദ്ദേഹത്തിന്റെ പേര് സ്പുട്നിക്ക്. എന്തൊരു ഐതിഹാസികമായ പേര് അല്ലേ! 1957ൽ റഷ്യ സ്പുട്നിക്ക് എന്ന ബഹിരാകാശ പേടകം വിക്ഷേപിച്ചതിന്റെ അടുത്ത വർഷമാണ് ഇദ്ദേഹം ജനിച്ചത്. അതുകൊണ്ട് ഇദ്ദേഹത്തിന് സ്പുട്നിക്ക് എന്ന് പേരിട്ടു. ഇതായിരുന്നു ഇന്നത്തെ എന്റെ ഏറ്റവും വലിയ വിശേഷം," ദുൽഖർ ഔദ്യോഗിക പേജിൽ കുറിച്ചു. 

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബി.സി. നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ വിഷ്ണുവും ബിബിനും ചേർന്നാണ് തിരക്കഥ.