Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിയുടെ ‘അയ്യപ്പൻ’, 60 ശതമാനം ചിത്രീകരണം കൊടുംവനത്തിൽ: ഷാജി നടേശൻ

shaji-natesan-ayyappan

പൃഥ്വിരാജിനെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അയ്യപ്പന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നിര്‍മ്മാതാവ് ഷാജി നടേശന്‍. ഓഗസ്റ്റ് സിനിമാസിന്റെ നിര്‍മാണത്തിലൊരുങ്ങുന്ന ഈ ചിത്രം അയ്യപ്പന്റെ യഥാര്‍ത്ഥ ജീവിതമാണ് ചിത്രീകരിക്കുക. അയ്യപ്പന്റെ ജീവിതമായിരിക്കും ചിത്രം പറയുകയെന്ന് ഷാജി നടേശന്‍ പറയുന്നു.

അയ്യപ്പന്റെ തിരക്കഥയ്ക്ക് വേണ്ടി ശങ്കര്‍ രാമകൃഷ്ണനും അദ്ദേഹത്തിന്റെ ടീമും രണ്ടു വര്‍ഷത്തോളം കഷ്ടപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രമല്ല ലോകം മുഴുവനുമുള്ള ആളുകള്‍ അയ്യപ്പനെ ആരാധിക്കുന്നുണ്ട്. അതിനാല്‍ തന്നെ ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയായിട്ടാണ് അയ്യപ്പന്‍ വരുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ ഇന്ത്യയിലെ അഞ്ച് ഭാഷകളിലായി നിര്‍മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ ഇംഗ്ലിഷ് വേര്‍ഷനും ഉണ്ടാവുമെന്നും ഓരോ ഭാഷകളില്‍ നിന്നും താരങ്ങളെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചതായും ഷാജി നടേശന്‍ പറയുന്നു.

സിനിമയുടെ സാങ്കേതിക മേഖലകളിലേക്ക് വിദഗ്ധന്മാരായവരെ കൊണ്ട് വരാനാണ് ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് ദംഗല്‍, ബാഹുബലി തുടങ്ങിയ സിനിമകളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെയാണ് എല്ലാവരും തിരഞ്ഞെടുക്കുന്നത്. എന്നാല്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്നും കഴിവുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കുമെന്നാണ് ഷാജി പറയുന്നത്. സിനിമയുടെ അറുപതുശതമാനത്തോളം ഷൂട്ട് ചെയ്യുന്നത് കാട്ടിനുള്ളില്‍ നിന്നുമായിരിക്കും. അതിനാല്‍ സിനിമയില്‍ അത്രയധികം താല്‍പര്യമുള്ളവരെയായിരിക്കും തിരഞ്ഞെടുക്കുന്നത്.–ഷാജി നടേശൻ വ്യക്തമാക്കി.

സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷത്തെ വിഷുവിന് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. 2020 ലെ മകരവിളക്കിന്റെ അന്ന് സിനിമ റിലീസിനെത്തിക്കണമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ ആഗ്രഹം. ആട് ജീവിതം എന്ന സിനിമയുടെ തിരക്കിലേക്കാണ് അടുത്തതായി പൃഥ്വിരാജ് പോവുന്നത്. അതിന് പിന്നാലെ കാളിയന്‍ എന്നൊരു വമ്പന്‍ സിനിമ കൂടിയുണ്ട്. ആട് ജീവിതത്തിന് വേണ്ടി പൃഥ്വിരാജിന് ശരീരഭാരം കുറയ്‌ക്കേണ്ടതുണ്ട്. അയ്യപ്പന്റെ വിവിധ കാലഘട്ടം അവതരിപ്പിക്കുന്നതിനാല്‍ അതേ ശരീരഭാരം തന്നെയായിരിക്കും അയ്യപ്പനു വേണ്ടിയും ആവശ്യമായി വരിക. മാത്രമല്ല അയ്യപ്പന്റെ ചെറുപ്പകാലം ചിത്രീകരിക്കുന്ന ഭാഗങ്ങളിൽ പൃഥ്വിയുടെ ആവശ്യമില്ല,നാല് ഷെഡ്യൂളുകളായി പൂര്‍ത്തികരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഷാജി നടേശന്‍ പറയുന്നു.