ജയേഷ് ഇപ്പോഴും ‘കുപ്രസിദ്ധന്‍’; സിനിമയെ ഞെട്ടിക്കുന്ന ‘പയ്യന്റെ’ യഥാർഥ കഥ

ടൊവിനോ തോമസിനെ നായകനാക്കി മധുപാൽ സംവിധാനം ചെയ്ത ‘ഒരു കുപ്രസിദ്ധ പയ്യൻ’ തിയറ്ററുകളില്‍ തുടരുകയാണ്. സുന്ദരിയമ്മ കൊലക്കേസ് ആസ്പദമാക്കി എടുത്ത സിനിമ ശുഭപര്യവസായിയാണ്. ശോഭനമായ ഭാവിയിലേക്കു തിരികെ എത്തുന്ന നായകനിലാണ് സിനിമ അവസാനിക്കുന്നത്. പക്ഷേ യഥാർഥ ജീവിതത്തിലെ നായകൻ ജയേഷിനെ കാത്തിരുന്നത് സുന്ദരമായ ഭാവിയേ ആയിരുന്നില്ല.

പൊലീസുകാരാല്‍ കുറ്റം ചാര്‍ത്തപ്പെട്ട് നരകയാതന അനുഭവിച്ച്‌ അവസാനം കുറ്റക്കാരനല്ലെന്നു തെളിഞ്ഞ് വെറുതേ വിട്ട ജയേഷിന്റെ ജീവിതവും ഈ ചിത്രത്തിനൊരു പ്രചോദനമായിരുന്നു. ‘ആ കേസോടെ എന്റെ ജീവിതമാകെ തകർന്നു, കൊലപാതകിയെന്ന പേര് എന്നെ വിടാതെ പിന്തുടരുകയാണ്, ആ കറ മായുന്നില്ല..’- ഇടറുന്ന കണ്ഠത്തോടെയാണ് കോഴിക്കോട് സ്വദേശി ജയേഷ് പറഞ്ഞത്.

2012 ജൂലൈ 21 ന് പുലർച്ചെയാണ് ഹോട്ടലുകളിൽ പലഹാരം വിറ്റ് ഉപജീവനം നടത്തുന്ന സുന്ദരിയമ്മ എന്ന മധ്യവയസ്കയെ വെട്ടിക്കൊലപ്പെടുത്തുന്നത്. പൊലീസിനു പ്രതിയെ കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. മുഖംരക്ഷിക്കാൻ സുന്ദരിയമ്മ കൊലക്കേസിലെ പ്രതിയായി ജയേഷിനെ പൊലീസ് തീരുമാനിക്കുകയായിരുന്നു. അതിനായി നിരവധി വ്യാജതെളിവുകൾ ഉണ്ടാക്കുകയും ചെയ്തു.

കൊലപാതകക്കുറ്റം ഏറ്റെടുക്കാൻ കൊടിയ പീഡനങ്ങളാണ് ജയേഷിനു നേരിടേേണ്ടിവന്നത്. എന്നാൽ തെളിവുകളും സാക്ഷികളും പൊലീസിന്റെ വ്യാജസൃഷ്ടിയാണെന്നു തെളിഞ്ഞതോടെ മാറാട് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാർ ജയേഷ് എന്ന ഇരുപത്തിയെട്ടുകാരനെ വെറുതെവിട്ടു. നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകണമെന്നും ഈ തുക കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈഎസ്പി പൃഥ്വിരാജ്, സിഐ പ്രമോദ് എന്നിവരില്‍നിന്ന് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു. മാധ്യമങ്ങൾക്കറിയാവുന്ന കഥ ഇതുകൊണ്ട് അവസാനിച്ചു. പക്ഷേ ജയേഷിന്റെ കഥ തുടരുകയാണ്. അതിനെക്കുറിച്ച് ജയേഷ് മനോരമന്യൂസിനോടു സംസാരിക്കുന്നു.

‘കോടതി നിരപരാധിയാണെന്നു വിധിച്ചെങ്കിലും ഇന്നും പൊലീസ് എന്നെ വേട്ടയാടുകയാണ്. കോടതിയിൽനിന്ന് ഇറങ്ങിയപ്പോൾത്തന്നെ അവർ എന്നെ ഭീഷണിപ്പെടുത്തിയിരുന്നു, വെറുതെ വിടില്ലെന്ന്. നാട്ടിൽ എന്തു കേസ് നടന്നാലും അത് എന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ്. ഈ അടുത്ത് ഒരു കല്യാണവീട്ടിൽ പന്തൽപണിക്കു പോയി. അവിടെ മോഷണം നടന്നു എന്നു പറഞ്ഞ് ആ കേസിലും എന്നെ പിടിച്ചു. ഞാൻ വീടിന്റെ അകത്തു കയറിയിട്ടില്ലെന്നു പറഞ്ഞെങ്കിലും അവർ അതൊന്നും കേട്ടില്ല. ഈ കേസും എനിക്കെതിരെ തെളിവില്ലാത്തതിനാൽ തള്ളിപ്പോയി.

എന്നാലും ഇടയ്ക്കിടയ്ക്ക് ക്രൈംബ്രാഞ്ചിൽനിന്ന് വിളിപ്പിക്കും. എനിക്കു തനിയെ പോകാൻ ഭയമാണ്. എന്തുണ്ടെങ്കിലും വക്കീൽ അജയകുമാർ സാറിനോടു ചോദിച്ചിട്ടേ ഞാൻ പോകൂ. അദ്ദേഹം ഒപ്പമുള്ളതാണ് ഏക ആശ്വാസം. സ്വന്തമായിട്ട് എനിക്ക് ആരുമില്ല. കോടതി വെറുതെ വിട്ട ശേഷം ഒരു വിവാഹാലോചന വന്നു. ആ പെൺകുട്ടി വളരെ സ്നേഹത്തോടെയായിരുന്നു പെരുമാറിയിരുന്നത്. അവർ മൂന്ന് പെൺമക്കളാണ്. അച്ഛൻ ചെറുപ്പത്തിൽ ഉപേക്ഷിച്ചുപോയവരാണ്.

അവൾ ജീവിതത്തിലേക്ക് വന്നപ്പോൾ എനിക്ക് ആരെങ്കിലും ആയല്ലോ എന്ന് സന്തോഷിച്ചതാണ്. മരണം വരെ ഒറ്റയ്ക്കു കഴിയേണ്ടി വരില്ലെന്നുള്ള പ്രത്യാശ തോന്നിയിരുന്നു. പക്ഷേ അതും അധികനാൾ ഉണ്ടായില്ല. കോടതി തരാമെന്നു പറഞ്ഞ നഷ്ടപരിഹാരത്തുകയിലായിരുന്നു അവരുടെ കണ്ണ്. അതു കിട്ടാൻ കാലതാമാസം നേരിട്ടതോടെ അവൾ എന്നെ ഉപേക്ഷിച്ചു പോയി.

ആ തുക തരാതിരിക്കാൻ പൊലീസ് ഹർജി നൽകി. അതിന്റെ കേസ് ഇപ്പോൾ നടക്കുകയാണ്. എന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടു. പത്തു രൂപ തരാൻ പോലും ആരുമില്ലാത്ത അവസ്ഥയായി. ചായകുടിക്കാനുള്ള കാശു പോലും ഇല്ലാത്ത സാഹചര്യത്തിലാണ് ഇടയ്ക്ക് എറണാകുളത്ത് കേസിന്റെ ആവശ്യത്തിനായി എത്തുന്നത്. ഒരാൾക്കും ഈ ഗതി വരരുത്. കോടതി വെറുതെവിട്ടിട്ടും എന്റെ ജീവിതം തകർന്നു.

കോഴിക്കോട്ടെ സിറ്റി ഹോട്ടലിലായിരുന്നു എനിക്ക് പണി. ജയലിൽനിന്ന് ഇറങ്ങിയ ശേഷം അവിടുത്തെ പണി നഷ്ടപ്പെട്ടു. ഹോട്ടൽ ഉടമ ജലീൽ ഇക്കയാണ് കോടതിയിൽ എനിക്ക് അനുകൂലമായി മൊഴി നൽകിയത്. സുന്ദരിയമ്മയെ വെട്ടിക്കൊന്നു എന്നു പൊലീസ് പറയുന്ന സമയത്ത് ഞാൻ ഇക്കയ്ക്കൊപ്പം ഹോട്ടലിൽ ഉണ്ടായിരുന്നു. അവരുടെ വീടിന്റെ അടുത്തുള്ള ഒരാളാണ് വിവരം വന്നു പറയുന്നത്. ഇക്കയ്ക്കു കട്ടൻ ഇട്ട് കൊടുക്കുമ്പോഴാണ് പൊലീസ് ജീപ്പ് ആ വഴി പോയത്. ഇതെല്ലാം ഹോട്ടലിലെ സിസിടിവിയിലുണ്ട്. ഇത്രയും തെളിവുണ്ടായിരുന്നിട്ടു പൊലീസ് ഇക്കയോട് കള്ളം പറയാൻ പറഞ്ഞു. പക്ഷേ അദ്ദേഹം കോടതിയിൽ, ഞാൻ എങ്ങും പോയിട്ടില്ല, അദ്ദേഹത്തിന് കട്ടൻ ഇട്ട് കൊടുക്കുകയായിരുന്നു എന്ന് സത്യസന്ധമായ മൊഴിനൽകി. പക്ഷേ ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം എനിക്ക് അവിടെ ജോലി തരാൻ ഇക്കയ്ക്കു സാധിക്കുമായിരുന്നില്ല.

പൊലീസ് എന്റെ കൂട്ടുകാരെയും ഇക്കയേയുമൊക്കെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. ഞാൻ സിറ്റി ഹോട്ടൽ പരിസരത്തുനിന്ന് അകന്ന് ഗുജറാത്തി സ്ട്രീറ്റിലുള്ള മറ്റൊരു ഹോട്ടലിലാണ് ഇപ്പോൾ ജോലി നോക്കുന്നത്. അഫ്സൽ എന്നയാളാണ് അതിന്റെ മാനേജർ. അദ്ദേഹത്തിന്റെ കാരുണ്യത്തിലാണ് ഇപ്പോൾ ജീവിക്കുന്നത്.

ചുവന്ന ബനിയന്‍ ഇട്ട ഒരാളാണ് വെട്ടിയിട്ട് ഓടിയത്. അതു ഞാനാണെന്ന് ഒരു സാക്ഷിക്കു കൈക്കൂലി കൊടുത്ത് പൊലീസ് പറയിച്ചു. പക്ഷേ കോടതിയിൽ വക്കീലിന്റെ ചോദ്യങ്ങൾക്കു മുമ്പിൽ അയാൾ പതറി.

ഞാൻ ജനിച്ചയുടനെ ആശുപത്രിയിൽ കളഞ്ഞിട്ടു പോയതാണ് എന്റെ ഉമ്മയും ബാപ്പയും. ഞാൻ അവരെ കണ്ടിട്ടില്ല. സുമതിയമ്മയാണ് എന്നെ വളർത്തിയത്. അവരുടെ അഞ്ച് പെൺമക്കൾക്കൊപ്പമാണ് ഞാൻ വളർന്നത്. പൊലീസ് എന്റെ ഉമ്മയെയും ബാപ്പയെയും തേടി കണ്ടുപിടിച്ചു. കോടതിയിൽവച്ചാണ് ആദ്യമായി ഞാനെന്റെ മാതാപിതാക്കളെ കാണുന്നത്. എന്നെയാരും ജബ്ബാർ എന്ന് വിളിച്ചിട്ടില്ല, എനിക്ക് അങ്ങനെയൊരു പേരും ഇല്ല. പൊലീസ് ഇട്ട പേരായിരുന്നു.

പലവട്ടം പൊലീസിനോട് ഞാൻ പറഞ്ഞു, ഒന്നും ചെയ്തിട്ടില്ല സാറെ, എന്റെ ജീവിതം തകർക്കരുതെന്ന്. എന്നെ പ്രതിയാക്കിയിട്ട് നിങ്ങൾക്ക് എന്ത് കിട്ടാനാണെന്നു കരഞ്ഞുപറഞ്ഞതാണ്. പക്ഷേ അതൊന്നും കേൾക്കാൻ പോലും കൂട്ടാക്കാതെ അവർ ഉപദ്രവിച്ചു. എന്റെ കണ്ണു കെട്ടി, കൈയിൽ വിലങ്ങുവെച്ച് കുറേ പടികളുള്ള ഒരു കെട്ടിടത്തിൽ കൊണ്ടുപോയി കെട്ടിത്തൂക്കിയിട്ടായിരുന്നു ഉപദ്രവം. ആ പൊലീസ് പീഡനത്തിന്റെ അടയാളം ഇപ്പോഴും ശരീരത്തിലുണ്ട്. ജയിലിൽവെച്ചും അടികൊണ്ടിട്ടുണ്ട്. കോടതിയിൽ ആദ്യത്തെ വട്ടം കൊണ്ടുപോയപ്പോൾ എന്തെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. രണ്ടാമത്തെ വട്ടം പക്ഷേ ഞാൻ മജിസ്ട്രേറ്റിന്റെ മുന്നിൽ പൊട്ടിക്കരഞ്ഞു. അതുകണ്ടിട്ടാണ് കോടതി എനിക്കു വക്കീലിനെ ഏർപ്പാടാക്കിയത്. അജയകുമാർ സാർ ഇല്ലായിരുന്നെങ്കിൽ ഞാൻ പുറംലോകം കാണില്ലായിരുന്നു. അവർ എന്റെ കൈയിൽ നിർബന്ധിച്ച് ഏൽപ്പിച്ച കത്തിയിൽ ഒരുതുള്ളി രക്തം പോലും പുരണ്ടിട്ടില്ലെന്നു കോടതിയിൽ തെളിഞ്ഞു.

കേസിൽനിന്നു വിട്ട ശേഷം മധുപാൽ സാറിന്റെ ഒപ്പമുള്ള മറ്റൊരു സാർ (തിരക്കഥാകൃത്ത് ജീവൻ ജോബ് തോമസ്) എന്നെ കാണാൻ വന്നിരുന്നു. ഒരുപാടു നേരം സംസാരിച്ചു. എന്റെ ജീവിതം സിനിമയാക്കുകയാണെന്നു പറഞ്ഞു. പക്ഷേ സിനിമ ഇറങ്ങിയതും വിജയിച്ചതും ഒന്നും അറിഞ്ഞിരുന്നില്ല. ഈ അടുത്താണ് സിനിമ കണ്ടത്. എനിക്കു കണ്ണീരടക്കാനായില്ല. അതിൽ കാണിച്ചിരിക്കുന്നത് എല്ലാം ശരിയാണ്. ഞാനാരെയും കൊന്നിട്ടില്ല. സുന്ദരിയമ്മ എനിക്ക് അമ്മയെ പോലെയായിരുന്നു. അമ്മയെ കൊന്ന ആളിനെ കണ്ടുപിടിക്കേണ്ടത് എന്റെ കൂടി ആവശ്യമാണ്. ഇനി സഹിക്കാൻ വയ്യ, അത്രയ്ക്ക് അനുഭവിച്ചു. – ജയേഷ് പറഞ്ഞുനിർത്തി.