ഇതുകൊണ്ടാണ് ഭാജി തല്ലിയത്: യഥാർഥ കഥ വെളിപ്പെടുത്തി ശ്രീശാന്ത്

നടനും ക്രിക്കറ്റ്താരവുമായ ശ്രീശാന്ത് ആണ് ദേശീയമാധ്യമങ്ങളിൽ വാർത്തകളിൽ നിറയുന്നത്. ബിഗ്ബോസ് സീസൺ 12ലെ മത്സരാർഥിയായി എത്തിയതോടെയാണ് ശ്രീശാന്ത് വീണ്ടും വിവാദതാരമായത്. മറ്റൊരു മത്സരാർഥിയെ തല്ലാൻ ഓങ്ങിയതും പരിപാടിയിൽനിന്നു പുറത്തുപോകണമെന്നു ബഹളംവെച്ചതും വലിയ വാർത്തയായിരുന്നു. ശ്രീശാന്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുന്നത്.

2008 ലെ ഐപിഎൽ മത്സരത്തിനിടെ ഹര്‍ഭജന്‍ സിങ് ശ്രീശാന്തിനെ തല്ലിയത് വലിയ വിവാദമായിരുന്നു. ചൂടന്‍ താരങ്ങളില്‍ ഒരാളായ ഹര്‍ഭജന്‍ സിങ്ങിന്റെ തല്ലു കൊണ്ട ശ്രീശാന്ത് പൊട്ടിക്കരഞ്ഞിരുന്നു. മത്സരം തോറ്റ ഹർഭജനോട് ശ്രീശാന്ത് പരിഹസിച്ച് എന്തോ പറഞ്ഞതാണ് പ്രകോപനമായതെന്നായിരുന്നു അന്നു വാർത്തകൾ വന്നത്. പിന്നീട് ഹർഭജൻ മാപ്പുപറയുകയും ചെയ്തു.

ഇപ്പോള്‍ ബിഗ് ബോസില്‍, അന്നുണ്ടായതെന്താണെന്നു ശ്രീ വെളിപ്പെടുത്തിയിരിക്കുകയാണ്. മറ്റൊരു മത്സരാര്‍ഥിയായ സുരഭി റാണയുടെ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം വെളിപ്പെടുത്തൽ.

കിങ്സ് ഇലവൻ പഞ്ചാബിന്റെതാരമായിരുന്നു ശ്രീശാന്ത്; ഹർഭജൻ മുംബൈ ഇന്ത്യൻസിന്റെയും. തന്നെ പ്രകോപിപ്പിക്കരുതെന്ന് മത്സരത്തിനു മുമ്പ് ഹർഭജൻ സിങ് തന്നോടു പറഞ്ഞിരുന്നതായി ശ്രീശാന്ത് വെളിപ്പെടുത്തി. എന്നാൽ മത്സരം മുംബൈ ഇന്ത്യൻസ് തോറ്റു. ഹർഭജൻ റൺസ് ഒന്നും എടുക്കാതെയാണ് പുറത്തായത്. ആ സമയത്ത് താൻ ഹർഭജന്റെ അടുത്തെത്തി ‘നിർഭാഗ്യം’ എന്നു പറഞ്ഞുവെന്നും ഭാജി അദ്ദേഹത്തിന്റെ കയ്യുടെ പിൻഭാഗം കൊണ്ട് അടിക്കുകയുമായിരുന്നെന്ന് ശ്രീ പറഞ്ഞു.

‘ആ മത്സരം ഞാൻ സീരിയസായി എടുത്തു. ഗ്രൗണ്ടിൽ പ്രകോപിതനായെന്നതു സത്യമാണ്. മത്സരം കഴിഞ്ഞപ്പോൾ ഭാജിയുടെ അടുത്തുചെന്ന് കൈ തരാൻ പറഞ്ഞു. ഭാജി കൈ മുട്ടുകൊണ്ട് എന്നെ അടിച്ചു. നിങ്ങൾ കണ്ടതുപോലെ മുഖത്ത് എന്നെ ആരും തല്ലിയിട്ടില്ല. എനിക്കു വേണമെങ്കിൽ അവിടെവച്ച് തന്നെ അദ്ദേഹത്തെയും തല്ലാമായിരുന്നു.’

‘അതൊരു തല്ലാണെന്നുപോലും പറയാൻ കഴിയില്ല. ഞാനാണ് അതിരുകടന്നത്. അവരുടെ ഹോംഗ്രൗണ്ടിൽ അവർ തോറ്റു നിൽക്കുകയാണ്. ആ സമയത്ത് ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. ആദ്യം നല്ല ദേഷ്യം എനിക്ക് ഉണ്ടായി. പക്ഷേ നിസ്സഹായനായതോടെ ഞാൻ കരഞ്ഞുപോയി.’–ശ്രീശാന്ത് പറഞ്ഞു.

എന്നാൽ ഹർഭജൻ ഇപ്പോഴും മൂത്ത ജ്യേഷ്ഠനെപ്പോലെയാണെന്നും അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ഭാജിയുടെ കുടുംബവുമായും നല്ല ബന്ധമാണ്. ഷോയിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ഹർഭജനെ അറിയിക്കണമെന്ന് തന്റെ ഭാര്യയോട് ശ്രീ ആവശ്യപ്പെടുകയും ചെയ്തു.