Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്‍ഡിവുഡ് ഗോള്‍ഡന്‍ ഫ്രെയിം പുരസ്‌കാരം പങ്കിട്ട് ഒക്ടാവയും, പ്യൂപയും

aliff

ഹൈദരാബാദ് : ഇത്തവണത്തെ ഇന്‍ഡിവുഡ് ആള്‍ ലൈറ്റ്‌സ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ ഫ്രെയിം പുരസ്‌കാരം പങ്കിട്ട് സെര്‍ജി ഇയോന്‍ സെലിബിഡാഷേ സംവിധാനം ചെയ്ത റോമനിയന്‍ ചിത്രം ഒക്ടാവയും, ഇന്ദ്രാസിസ് ആചാര്യ സംവിധാനം ചെയ്ത പ്യൂപയും. 4 ദിവസങ്ങളിലായി നടന്ന ആള്‍ ലൈറ്റ്‌സ് ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേള (ആലിഫ് )യില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 100ലധികം മല്‍സര ചിത്രങ്ങളെ പിന്തള്ളിയാണ് ഒക്ടാവയും, പ്യൂപയും പുരസ്‌കാരം പങ്കിട്ടത്. 

ഹൈദരാബാദ് ഹൈടെക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

മികച്ച സംവിധായകനുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ നിമ എഗ്ലിമേ സ്വന്തമാക്കി (ചിത്രം അമീര്‍). മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം അഭിഷേക് സാഹ സംവിധാനം ചെയ്ത റണ്‍വെയ്ക്കാണ്. ചിത്രത്തിലെ അഭിനയത്തിന് സുദീപ്ത ചക്രബര്‍ത്തി ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി. ഇറാന്‍ ചിത്രം കുപാലിലൂടെ സംവിധായകന്‍ ലെവോന്‍ ഹഫ്ത്വാനും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി. 

ഇന്‍ഡിവുഡ് പനോരമ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ചെഴിയാന്‍ റാ സംവിധാനം ചെയ്ത ടു ലെറ്റ് ആണ്.  

മികച്ച ഡോക്യുമെന്റ്‌റിയായി റിച്ചാര്‍ഡ് ഉയെര്‍ ടുമിത്തോ സംവിധാനം ചെയ്്ത ദ ആര്‍ട് ആന്‍ഡ് ലെഗാ പവര്‍ തിരഞ്ഞെടുക്കപ്പെട്ടു. വനേസ റോത്ത് സംവിധാനം ചെയ്ത ദി ഗേള്‍ ആന്‍ഡ് ദ പിക്ചര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. മികച്ച സ്റ്റുഡന്റ് ഷോര്‍ട്ട് ഫിലിം ആയി കുനിക ഖാരാത്ത് സംവിധാനം ചെയ്ത സാഡ് (കോളിംഗ്) തിരഞ്ഞെടുക്കപ്പെട്ടു. 

മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം ആരോണ്‍ ഹോര്‍വാത് സംവിധാനം ചെയ്ത ദ ഡൊമെസ്റ്റിക് ഫ്‌ളൈ സ്വന്തമാക്കി. ഷാബു കിലിത്താട്ടില്‍ സംവിധാനം ചെയ്ത മഷാദ് ഈ വിഭാഗത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. 

50ലധികം രാഷ്ട്രങ്ങളില്‍ നിന്നുള്ള നൂറിലധികം ചിത്രങ്ങളാണ് ഇത്തവണ ആലിഫ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചത്. വിദേശരാജ്യങ്ങളില്‍ നിന്നടക്കം ഡെലഗേറ്റുകള്‍ മേളയുടെ ഭാഗമായി. 

4ാമത് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിനും ഇതോടെ സമാപനമായി. സംവിധായകന്‍ ബാലചന്ദ്രമേനോന്‍, ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടര്‍ സോഹന്‍ റോയ്്, സിനിമ രംഗത്തെ പ്രമുഖര്‍ തുടങ്ങി തുടങ്ങി നിരവധി പേര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു. 

ഡിസംബര്‍ 1ന് ഹൈടെക് കണ്‍വെന്‍ഷനില്‍ ആരംഭിച്ച ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിനോടനുബന്ധിച്ച് വ്യവസായ പ്രതിനിധികളെ ഒരുമിപ്പിച്ചുകൊണ്ടുള്ള ഇന്‍ഡിവുഡ് ഫിലിം മാര്‍ക്കറ്റ്, യുവ കലാപ്രതിഭകളെ കണ്ടെത്താനുള്ള ടാലന്റ് ഹണ്ട്, ഫാഷന്‍ രംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി ഇന്‍ഡിവുഡ് ഫാഷന്‍ പ്രീമിയര്‍ ലീഗ്, ശതകോടീശ്വരന്മാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഇന്‍ഡിവുഡ് ശതകോടീശ്വര ക്ലബ്. സെലിബ്രിറ്റി റെഡ്് കാര്‍പെറ്റ് വോക്ക്‌സ് തുടങ്ങിയവയെല്ലാം സംഘടിപ്പിച്ചിരുന്നു.