Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലങ്കാന -ബംഗാളി ചലച്ചിത്രമേളയില്‍ അഭിമാന നേട്ടം കരസ്ഥമാക്കി സോഹന്‍ റോയ്

sohan-roy-aaward

ഹൈദരാബാദ് : ഡിസംബര്‍ 7 മുതല്‍ 9 വരെ ഹൈദരാബാദില്‍ നടന്ന തെലങ്കാന -ബംഗാളി ചലച്ചിത്രമേളയില്‍ മലയാളി ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയിക്ക് ആദരം. ലോക സിനിമയ്ക്കു നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്‌കാരം നല്‍കി ആദരിച്ചത്. ആയ്‌ന 2018 ചലച്ചിത്രമേളയുടെ സമാപനചടങ്ങില്‍ സോഹന്‍ റോയിക്ക് പുരസ്‌കാരം നല്‍കി.

ഇന്‍ഡിവുഡ് ഉള്‍പ്പടെയുള്ള നിരവധി ബൃഹത് പദ്ധതികളിലൂടെ ലോകസിനിമ രംഗത്ത് ഇന്ത്യന്‍ സിനിമയുടെ സാന്നിദ്ധ്യമറിയിക്കാന്‍ സോഹന്‍ റോയിക്ക് കഴിഞ്ഞതായി പുരസ്‌കാര നിര്‍ണ്ണയ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഈ പുരസ്‌കാര നേട്ടം കൈവരിക്കുന്ന ആദ്യമലയാളി സംവിധായകനാണ് സോഹന്‍ റോയ്. 

10 ബില്യണ്‍ യുഎസ് ഡോളര്‍ പദ്ധതിയായ ഇന്‍ഡിവുഡിലൂടെ 2020 ഓടെ രാജ്യത്താകമാനം 4കെ നിലവാരത്തിലുള്ള 10000 മള്‍ട്ടിപ്ലെക്‌സ് സ്‌ക്രീനുകള്‍, ഒരു ലക്ഷം 2കെ ഹോം തീയേറ്ററുകള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം സ്‌കൂളുകള്‍, 8കെ/4കെ സിനിമ സ്റ്റുഡിയോകള്‍, 100 അനിമേഷന്‍/വിഎഫ്എക്‌സ് സ്റ്റുഡിയോകള്‍ തുടങ്ങിയ ലോകോത്തര നിലവാരമുളള സംവിധാനങ്ങളാണ് വിഭാവനം ചെയ്യുത്.

മറൈന്‍, വിനോദം, മാധ്യമം, ആരോഗ്യം തുടങ്ങിയ മേഖലകളിലായി 15 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന 48 കമ്പനികള്‍ ഉള്‍പ്പെടുന്ന വ്യവസായ ഗ്രൂപ്പായ ഏരീസ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയും കൂടിയാണ് സോഹന്‍ റോയ്. 1998 ലാണ് 'ഏരീസ് മറൈന്‍' എന്ന സ്ഥാപനത്തിന് സോഹന്‍ റോയ് തുടക്കമിട്ടത്. മികച്ച നേതൃപാടവം കൊണ്ട് ശ്രദ്ധ നേടിയിട്ടുള്ള സോഹന്‍ റോയ് ഫോബ്സ് ടോപ്പ് ഇന്ത്യന്‍ ലീഡേഴ്സ് ഇന്‍ മിഡില്‍ ഈസ്റ്റ് പട്ടികയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 

ഡാം 999 എന്ന ഹോളിവുഡ് സിനിമയിലൂടെ സംവിധാന രംഗത്തേയ്ക്ക് എത്തിയ സോഹന്‍ റോയ് പിന്നീട് പ്രൊജക്ട് ഇന്‍ഡിവുഡിലൂടെ ഹോളിവുഡ് മാതൃകയില്‍ ബിഗ് ബജറ്റ് സിനിമകളൊരുക്കുന്നതിനും, ഇന്ത്യന്‍ സിനിമ രംഗത്തെ ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള നിരവധി പദ്ധതികള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്.