എന്റെ വീട് ജപ്തി ചെയ്തിട്ടില്ല, അറസ്റ്റ് നടന്നിട്ട് 5 വർഷം: ശാലു മേനോൻ അഭിമുഖം

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നടി ശാലു മേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്യാൻ ഉത്തരവ് വന്നുവെന്ന വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാൽ, ഇതൊന്നുമല്ല യാഥാർത്ഥ്യമെന്നാണ് ശാലു മേനോന് പറയാനുള്ളത്. "ജപ്തി ചെയ്യാൻ ഉത്തരവ് വന്നുവെന്ന് പറയപ്പെടുന്ന വീട്ടിലാണ് ഞാനിപ്പോഴും താമസിക്കുന്നത്. നിലവിൽ സാക്ഷിവിസ്താരം പോലും നടക്കാത്ത കേസിൽ ഇങ്ങനെ ഒരു നടപടി ഉണ്ടായിട്ടില്ല,"- ശാലു മേനോൻ പ്രതികരിച്ചു. മനോരമ ഓൺലൈനിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്:   

കേസ് കോടതിയിൽ

ഇത് കോടതിയിൽ ഇരിക്കുന്ന വിഷയമാണ്. ഇതിന്റെ കാര്യങ്ങൾ ഒന്നും നടന്നിട്ടുമില്ല. കേസ് നടക്കുന്നതേയുള്ളൂ. സത്യാവസ്ഥ അറിയാതെ വാർത്തകൾ കൊടുക്കുമ്പോൾ ഞങ്ങളെപ്പോലുള്ള കലാകാരന്മാർക്ക് വല്ലാത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്, ശാലു മേനോൻ പറഞ്ഞു.  

"ഞാനിത്രയും സ്റ്റേജ് പരിപാടികൾ നടത്തുന്ന ഒരാളാണ്. ഒരു സ്കൂൾ നടത്തുന്നുണ്ട്. ഇങ്ങനെയൊരു കാര്യം നടന്നിട്ടാണെങ്കിൽ ശരി. പക്ഷേ, കേസ് കോടതിയിൽ ഇരിക്കുമ്പോൾ ഇങ്ങനെ വാർത്തകൾ വരുന്നത് വളരെയധികം മാനസിക സംഘർഷമുണ്ടാക്കും. കേസിന്റെ വിചാരണയും സാക്ഷി വിസ്താരവും തുടങ്ങാൻ പോകുന്നതേയുള്ളൂ. ഇപ്പോൾ നിരവധി സ്റ്റേജ് പരിപാടികൾ നടക്കുന്ന സമയമാണ്. പ്രോഗ്രാം ബുക്കിങ്ങും നടക്കുന്ന സമയം. പിന്നെ, എന്നെ അറസ്റ്റ് ചെയ്ത സമയത്ത് സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഉത്തരവ് ഉണ്ടായിരുന്നു. അത് 2013ൽ വന്നതാണ്. അതല്ലാതെ, ഇപ്പോൾ നിലവിൽ സാക്ഷിവിസ്താരം പോലും നടക്കാത്ത കേസിൽ ഇങ്ങനെ ഒരു നടപടി ഉണ്ടായിട്ടില്ല. കോടതിയിലാണ് കേസ് ഇപ്പോൾ. പെരുമ്പാവൂരിലെ കേസിൽ എന്നെ കുറ്റവിമുക്തയാക്കുകയും ചെയ്തിരുന്നു,"- ശാലു മേനോൻ വ്യക്തമാക്കി. 

അപകടം സംഭവിച്ചെന്നും വാർത്തകൾ

"ഞാൻ ഇപ്പോൾ സീരിയൽ ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഡാൻസ് സ്കൂളിന്റെ കാര്യങ്ങളിലാണ്. കഴിഞ്ഞ ദിവസം പാലക്കാട് ഒരു പരിപാടിക്കായി സ്റ്റേജിൽ കയറാൻ നിൽക്കുമ്പോൾ എന്റെ കൂടെയുള്ളവർക്ക് ഫോൺ വരികയാണ്. ഏതോ ചാനലിൽ ശാലു മേനോന് അപകടം പറ്റിയെന്ന വാർത്ത കൊടുത്തിരിക്കുകയാണ്. എന്റെ ഫോട്ടോ അടക്കമാണ് വാർത്ത പോകുന്നത്. ചേർത്തലയിൽ വച്ചു ശാലു മേനോന് അപകടം സംഭവിച്ചു എന്നാണ് വാർത്ത. ഇതു കണ്ട് പലരും എന്നെ വിളിച്ചു. ആ സമയത്ത് പാലക്കാട് പരിപാടി അവതരിപ്പിക്കാൻ നിൽക്കുകയായിരുന്നു ഞാൻ. എന്റെ കൂടെയുള്ള കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വളരെയധികം മാനസിക സംഘർഷം ഉണ്ടാക്കിയ കാര്യമായിരുന്നു അത്," ശാലു മേനോൻ പങ്കു വച്ചു. 

വാർത്ത മാനസിക സംഘർഷത്തിലാക്കി

"എനിക്കെതിരെയുള്ള കേസും അറസ്റ്റും എല്ലാം സംഭവിച്ചിട്ട് അഞ്ചു വർഷമായി. അതിനുശേഷം, എനിക്ക് അങ്ങനെ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. ദൈവാനുഗ്രഹം കൊണ്ട് മറ്റു കുഴപ്പങ്ങളൊന്നും കൂടാതെ ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയായിരുന്നു. നൃത്തപരിപാടികളിലും മറ്റും ഞാൻ സജീവമാണ്. അപ്പോഴാണ് ഇങ്ങനെയുള്ള വാർത്ത വരുന്നത്. ഈ രണ്ടു മൂന്നു ദിവസങ്ങളിൽ ഞാൻ വലിയ മാനസിക സംഘർഷത്തിലായിരുന്നു. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്ന ഒരാളാണ്. ഞാൻ കരുതുന്നത്, പറയുന്നവർ പറയട്ടെ എന്നാണ്. അങ്ങനെ ദോഷങ്ങൾ തീരുന്നെങ്കിൽ തീരട്ടെ. ഞാനിപ്പോൾ അങ്ങനെയാണ് ചിന്തിക്കുന്നത്. അതുകൊണ്ട് എനിക്ക് വിഷമമില്ല. ആദ്യം കേട്ടപ്പോൾ വലിയ വിഷമം തോന്നി. പിന്നെ, എന്റെ മാതാപിതാക്കളും ഡാൻസ് സ്കൂളിലെ കുട്ടികളും എനിക്ക് വലിയ പിന്തുണയാണ് നൽകുന്നത്," ശാലു മേനോൻ പറഞ്ഞു നിറുത്തി.