ഒടിയൻ ജാക്കറ്റുമായി ശ്രീകുമാർ; ആദ്യദിനം സുചിത്രയും എത്തി

ഒടിയൻ സിനിമയ്ക്കു ലഭിക്കുന്ന പ്രതികരണത്തിൽ സന്തോഷം പങ്കുവെച്ച് ശ്രീകുമാർ മേനോൻ. ‘ഹർത്താൽ ഒടിയന്റെ കലക്‌ഷനെ ബാധിക്കും, മൾടിപ്ലക്സ് തിയറ്ററുകൾ അടഞ്ഞുകിടക്കുകയാണ്, നമ്മൾ ഉദ്ദേശിച്ച രീതിയിലുള്ള കലക്‌ഷൻ ലഭിക്കുമോ എന്നു സംശയമാണ്.’– ശ്രീകുമാർ മേനോൻ പറഞ്ഞു. പുലർച്ചെ നാലരയ്ക്കുള്ള ഷോ കാണാന്‍ എത്തിയപ്പോഴായിരുന്നു സംവിധായകന്റെ പ്രതികരണം. ഒടിയൻ ജാക്കറ്റ് ധരിച്ചാണ് അദ്ദേഹം തിയറ്ററിലെത്തിയത്.

ആന്റണി പെരുമ്പാവൂര്‍ കുടുംബസമേതം പ്രദർശനത്തിനെത്തി. മോഹൻലാലിന്റെ ഭാര്യ സുചിത്രയും ഒടിയൻ കാണാൻ രാവിലെ എത്തിയിരുന്നു. കുഞ്ഞാലിമരക്കാറിന്റെ ചിത്രീകരണത്തിരക്കുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ് മോഹൻലാലും പ്രണവും.

ഒടിയന്റെ സ്വീകാര്യതയിൽ ആന്റണി പെരുമ്പാവൂരും സന്തോഷത്തിലാണ്. ‘കഴിഞ്ഞ ഒന്നരവർഷമായി ഒടിയനെ കാത്തിരിക്കുന്നവരാണ് മലയാളികൾ. ആ സിനിമ കാണാൻ കാണിക്കുന്ന ഈ സ്നേഹത്തോട് ലോകമെമ്പാടുമുള്ള മലയാളികളോട് നന്ദി പറയുന്നു’.–ആന്റണി പറഞ്ഞു.

ലാലേട്ടന്റെ ആരാധകനെന്ന നിലയിലാണ് പുലർച്ചെ ഷോ കാണാൻ എത്തിയതെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. സിനിമ കുടുംബത്തിനും ആരാധകർക്കും വിഷ്വൽ ട്രീറ്റ് ആണെന്നും ഒരുപാട് ഇഷ്ടമായെന്നും സിനിമ കണ്ടിറങ്ങിയ ശേഷം താരം കുറിച്ചു. നീരജ് മാധവ്, സംയുക്ത മേനോൻ തുടങ്ങി നിരവധി താരങ്ങൾ ഫാൻ ഷോ കാണാൻ ഉണ്ടായിരുന്നു.