രണ്ടാമൂഴം ആരുചെയ്യുമെന്ന് അച്ഛൻ നേരിട്ട് അറിയിക്കും: എം.ടി.യുടെ മകൾ

രണ്ടാമൂഴം തിരക്കഥ വിവാദവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി എം.ടി. വാസുദേവന്റെ മകൾ അശ്വതി നായർ. ശ്രീകുമാർ മേനോന് നൽകിയ തിരിക്കഥ തിരികെ ലഭിക്കുന്നതിനു വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും അത് ലഭിച്ചതിനു ശേഷം ഭാവി പദ്ധതികളെക്കുറിച്ച് ആലോചിക്കുമെന്നും അശ്വതി പറഞ്ഞു.

‘പത്രമാധ്യമങ്ങളിലും ഇന്റർനെറ്റ് മാധ്യമങ്ങളിലും രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് ധാരാളം പരാമർശങ്ങളും ചർച്ചകളും നടക്കുന്നതിനെ തുടർന്ന് ഫോൺലൂടെയും നേരിട്ടും നിരവധി പേർ ഞങ്ങളുടെ അഭിപ്രായം ആരായുന്നുണ്ട്. എന്നാൽ ബഹുമാനപ്പെട്ട കോടതിയിൽ കേസ് നില നിൽക്കുന്ന ഒരു വിഷയത്തിൽ ഞങ്ങൾ എന്ത് അഭിപ്രായം പറയുന്നതും ശരിയല്ല.’

‘രണ്ടാമൂഴത്തിന്റെ തിരക്കഥ എന്റെ അച്ഛൻ ശ്രീ. എം.ടി. വാസുദേവൻ നായർക്ക് തിരികെ ലഭിക്കാൻ വേണ്ടിയാണ് ഞങ്ങൾ ബഹുമാനപ്പെട്ട കോടതിയെ സമീപിച്ചത്. തിരക്കഥ തിരികെ ലഭിച്ചതിനു ശേഷം രണ്ടാമൂഴം സിനിമയുടെ ഭാവി പദ്ധതികളെക്കുറിച്ച് അത് ആരു ചെയ്യും എങ്ങനെ അവതരിപ്പിക്കും എന്നൊക്കെ അച്ഛൻ തന്നെ നിങ്ങളെ നേരിട്ട് അറിയിക്കുന്നതായിരിക്കും. ...അതു വരെ ക്ഷമയോടെ കാത്തിരിക്കുക..നിങ്ങൾ നൽകുന്ന സ്നേഹത്തിന് നന്ദി.’–അശ്വതി പറയുന്നു.

എന്നാൽ രണ്ടാമൂഴം മുടങ്ങിയിട്ടില്ലെന്നും അത് താൻ തന്നെ സംവിധാനം ചെയ്യുമെന്നുമാണ് ശ്രീകുമാർ മേനോന്റെ വാദം. ശ്രീകുമാര്‍ മേനോൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞ വാക്കുകള്‍.–‘രണ്ടാമൂഴത്തിൽ തെറ്റിധാരണയേയുള്ളൂ. തർക്കമില്ല. എംടി സാർ എനിക്ക് ആ തിരക്കഥ തരുമ്പോൾ ഒടിയനെക്കുറിച്ച് പോലും ചിന്തിച്ചിരുന്നില്ല. എന്റെ പരസ്യചിത്രത്തിന്റെ മികവ് കണ്ടിട്ടാണ് തന്നത്. അദ്ദേഹത്തിനും സിനിമയുടെ ഭാഗമാകാൻ താൽപര്യമുണ്ട്. അദ്ദേഹത്തിന്റെ മനസ്സിലെ സംശയങ്ങൾ ദൂരീകരിച്ച ശേഷം രണ്ടാമൂഴം തുടങ്ങും.’