വിജയത്തിന്റെ ഉത്തരവാദിത്തം ഒരിക്കലും ആ നടിക്ക് ലഭിക്കില്ലെന്നു ഉറപ്പുണ്ട്: റിമ കല്ലിങ്കൽ

മഞ്ജു വാരിയരിനെതിരെയുള്ള ഒടിയൻ സംവിധായകന്റെ വിമർശനങ്ങളിൽ നടിക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ രംഗത്ത്. ചിത്രം ഹിറ്റായിരുന്നെങ്കിൽ ആ വിജയത്തില്‍ നടിക്കു യാതൊരു പങ്കും ഉണ്ടാകില്ലായിരുന്നുവെന്ന് റിമ കുറിച്ചു. ഒടിയന്‍ ചിത്രത്തെ മുന്‍നിര്‍ത്തിയാണ് റിമയുടെ പരാമര്‍ശം. 

റിമയുടെ കുറിപ്പിന് താഴെ നിരവധി ആളുകൾ പ്രതികരണവുമായി എത്തി. മഞ്ജു വാരിയര്‍ വിഷയത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നു പറയുന്ന ആളുകൾ റിമയെ വിമർശിക്കുന്നുമുണ്ട്. സ്ത്രീ പ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തില്‍ എക്കാലവും ഉണ്ടായിട്ടുണ്ടെന്നും കന്മദം, മണിച്ചിത്രത്താഴ്, കിലുക്കം, ദേവാസുരം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തോടൊപ്പം അവയിലെ നായികമാരുടെ പ്രകടനങ്ങളും എന്നും വാഴ്ത്തപ്പെടാറുണ്ടെന്നും കുത്തിത്തിരിപ്പുമായി വന്നിരിക്കുകയാണോ എന്നും ചോദിച്ചു കൊണ്ടാണ് കമന്റുകള്‍. റിമ കല്ലിങ്കല്‍ കേന്ദ്ര കഥാപാത്രമായെത്തിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം മറന്നിട്ടില്ലില്ലല്ലോ എന്നും ചോദ്യങ്ങളുണ്ട്. 

വിമർശനങ്ങൾക്ക് റിമയുടെ മറുപടി ഇങ്ങനെ: ‘90 വർഷത്തെ ചരിത്രമുള്ള മലയാള സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഉള്ള ചുരുക്കം ചില സിനിമകളെക്കുറിച്ച് നിങ്ങൾ സംസാരിക്കുന്നതിൽ സന്തോഷമുണ്ട്. നടിമാരെ നിങ്ങൾ എത്രത്തോളം ഇഷ്ടപ്പെടുന്നുവെന്നത് നിർമാതാക്കളും ശ്രദ്ധിക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു.’

റിലീസ് ചെയ്ത ആദ്യദിനം വലിയ വിമർശനങ്ങളാണ് ഒടിയൻ സിനിമയ്ക്കു നേരെ ഉയര്‍ന്നത്. സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും സൈബർ ആക്രമണം ഉണ്ടായി.

ടി മഞ്ജു വാരിയരെ താൻ സഹായിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആരംഭിച്ച ആക്രമണത്തിന്റെ ഭാഗമാണ് ‘ഒടിയൻ’ സിനിമയ്ക്കെതിരായുള്ള സൈബർ ആക്രമണമെന്നും ഇതിനെതിരെ മഞ്ജു പ്രതികരിക്കണമെന്നും ശ്രീകുമാർ മേനോൻ ആവശ്യപ്പെട്ടിരുന്നു. 

"സിനിമാരംഗത്ത് ഞാൻ ആരുമല്ല. ആരുമായും ശത്രുതയില്ല, ആരുടെയും തിരക്കഥയും മോഷ്ടിച്ചില്ല. എന്നിട്ടും എനിക്കെതിരെ സിനിമയിൽ നിന്നും വലിയ ശത്രുത ഉണ്ട്. സിനിമാരംഗത്ത് വരുന്നതിനുമുമ്പാണ് ഈ ശത്രുത ഉണ്ടായത്. അതിന്റെ കാരണങ്ങൾ നിങ്ങൾക്ക് അറിയാം. ആ കാരണങ്ങള്‍ കൊണ്ടാണ് വിവാദങ്ങളിലേയ്ക്കും വെറുപ്പുകളിലേയ്ക്കും ഞാൻ വലിച്ചിഴയ്ക്കപ്പെട്ടത്. അതിന്റെ കലാശക്കൊട്ടായിരിക്കാം ഇപ്പോൾ കണ്ടത്. ഏത് വിഷയത്തിലാണ് ആക്രമിക്കപ്പെട്ടതെന്ന് ഇതിനു മുമ്പ് ഞാൻ പറഞ്ഞിട്ടുണ്ട്. അത് ആവർത്തിക്കേണ്ട ആവശ്യം എനിക്കില്ല," ശ്രീകുമാർ മേനോൻ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. 

"മോഹൻലാൽ എന്ന പേരിൽ ചിത്രമെടുത്ത സാജിദ് യാഹിയയോ, മഞ്ജു വാരിയറെ നായികയാക്കി സംവിധാനം ചെയ്ത ഫാന്റം പ്രവീണോ ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നില്ല. അപ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങൾ കുറച്ചുകൂടി സത്യസന്ധമാകുകയല്ലേ ചെയ്യുന്നത്. പണ്ട് കൂവിതോൽപിക്കാൻ തിയറ്ററുകളിലേയ്ക്ക് ആളെ വിടുകയാണ്. ഇന്ന് മൊബൈൽ മതി," ശ്രീകുമാർ മേനോൻ ആരോപിച്ചു. 

ഒടിയൻ സിനിമയ്ക്കെതിരെ ഉയരുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ നിലപാട് വ്യക്തമാക്കി മഞ്ജു വാരിയർ പിന്നീട് രംഗത്തെത്തി. ശ്രീകുമാർ മേനോന്റെ ആരോപണങ്ങൾക്ക് മറുപടി നൽകാതെയായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ‘പ്രഭ എന്ന തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകളും വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും ഒരുപോലെ സ്വീകരിക്കുന്നു, കാര്‍മേഘങ്ങള്‍ തേന്‍കുറിശ്ശിയുടെ മുകളില്‍ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു.’–മഞ്ജു പറഞ്ഞു.