ഉച്ചയോടെ ചാച്ചൻ വിളിച്ചു; ‘ഞാൻ മരിക്കാൻ പോവുകയാണ്’

അഭിനയത്തിന്‍റെ തട്ടില്‍ ഏറെ വര്‍ഷങ്ങളായി ഉണ്ടായിട്ടും വളരെ വൈകിയായിരുന്നു സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് ഈ മനുഷ്യന്‍റെ വരവ്. എന്നിട്ടും ‘എണ്ണം’ പറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാളത്തിന്‍റെ മനസ്സില്‍ ഇരിപ്പിടം കിട്ടി കെ.എൽ.ആന്റണി എന്ന സ്വാഭാവിക അഭിനേതാവിന്. കുഞ്ഞുകുഞ്ഞു വേഷങ്ങളിലൂടെ മലയാളികളും ഒപ്പം സിനിമാക്കാരും അടുപ്പത്തോ‍ടെ ചേര്‍ത്തുനിര്‍ത്തി ഈ പ്രിയപ്പെട്ട ചാച്ചനെ. 

മരണമറിഞ്ഞ് ഫഹദ് ഫാസിലടക്കം ഫെയ്സ്ബുക്കില്‍ കുറിച്ച വാക്കുകളില്‍ ആ അടുപ്പം തെളിഞ്ഞുകിടപ്പുണ്ട്.

മകനും എഴുത്തുകാരനുമായ ലാസര്‍ ഷൈന്‍ കുറിച്ചത് ഇങ്ങനെ:‌‌ ഉച്ചയോടെ ചാച്ചൻ വിളിച്ചു; ‘ഞാൻ മരിക്കാൻ പോവുകയാണ്... താക്കോൽ ചവിട്ടിക്കടിയിൽ വച്ചിട്ടുണ്ടെ''ന്നു പറഞ്ഞു.

എത്താവുന്ന വേഗതയിൽ എല്ലാവരും ഓടി; ചാച്ചൻ പിടി തന്നില്ല.അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരോടും നന്ദി. നമുക്ക് സംസ്ക്കാരം ഞായറാഴ്ച നടത്താം. സമയം തീരുമാനിച്ച് അറിയിക്കാം.അമ്പിളി ചേച്ചി ഒപ്പറേഷൻ തിയറ്ററിലാണ്. കാണാൻ പോയതായിരുന്നു ചാച്ചൻ. അവിടെ വച്ചായിരുന്നു അറ്റാക്ക്. ലേക്‌ഷോറിൽ 4.25 ന് നിര്യാണം സ്ഥിരീകരിച്ചു. വീട്ടിൽ ചെന്ന് ആ താക്കോലെടുക്കട്ടെ...

അരങ്ങില്‍ പയറ്റിത്തെളിഞ്ഞ ഭാവത്തലപ്പ്

ഫോർട്ട് കൊച്ചിക്കാരനാണു കെ.എൽ. ആന്റണി. പി.ജെ. ആന്റണിയുടെ നേതൃത്വത്തിൽ കൊച്ചി കേന്ദ്രമായി അമച്വർ നാടകവേദി തഴച്ചുവളർന്ന കാലത്താണു കമ്യൂണിസ്‌റ്റ് നാടകങ്ങൾ മാത്രമേ എഴുതൂ എന്ന വാശിയോടെ കെ.എൽ. ആന്റണി അവരിലൊരാളായത്. സ്വന്തം ആശയങ്ങൾ ആവിഷ്‌കരിക്കാൻ കൊച്ചിൻ കലാകേന്ദ്രം എന്ന നാടക സമിതിയും രൂപീകരിച്ചു. അടിയന്തരാവസ്‌ഥക്കാലത്ത് ആന്റണി രചിച്ച ഇരുട്ടറ എന്ന നാടകം വിവാദമായിരുന്നു. രാജൻ സംഭവമായിരുന്നു വിഷയം.

പ്രമുഖ പ്രസാധകരൊന്നും പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കാനും വിൽക്കാനും തയാറാകാത്ത സാഹചര്യത്തിലാണ് ആന്റണി സ്വന്തം പുസ്‌തകങ്ങൾ സ്വയം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. പ്രസിദ്ധീകരിക്കുന്നവ കിലോമീറ്ററുകളോളം നടന്നു വീടുകൾ തോറും കയറി വിൽക്കുന്നതിനെ ഒരു കുറവായി ആന്റണി കണക്കാക്കിയില്ല. അങ്ങനെ നടന്ന ദൂരം വെറുതേ കണക്കാക്കിയാൽ ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിച്ചു മടങ്ങിയെത്താനുള്ളതിനെക്കാൾ ദൂരം താണ്ടിയിട്ടുണ്ടാകും ആന്റണി.

പല പ്രമുഖരുടെയും പുസ്‌തകങ്ങൾ 10,000 കോപ്പികളിൽ താഴെമാത്രം വിറ്റഴിയുമ്പോൾ ആന്റണിയുടെ പുസ്‌തകങ്ങളിൽപ്പലതും അരലക്ഷത്തിലേറെ കോപ്പികൾ വിറ്റു തീർന്നിട്ടുണ്ട്. പ്രസാധകരെ കണ്ടെത്താൻ പ്രയാസപ്പെടുന്ന പുതിയ എഴുത്തുകാരുടെ രചനകളും ആന്റണി പ്രസിദ്ധീകരിച്ചു നടന്നു വിൽക്കും. അക്കൂട്ടത്തിൽ സ്വന്തം മകൻ ലാസർ ഷൈനിന്റെ കഥയും കവിതയും ഉൾപ്പെടുന്ന രണ്ടു പുസ്‌തകങ്ങളുടെ പത്താം പതിപ്പു കഴിഞ്ഞു. വിറ്റുകിട്ടുന്ന പണമൊന്നും സമ്പാദ്യത്തിലേക്കു ശേഖരിക്കുകയല്ല, സ്വന്തം നാടക സമിതിയുടെ നാടകങ്ങൾക്കുള്ള മൂലധനമാണത്.

1979 ൽ ആന്റണിയുടെ കൊച്ചിൻ കലാകേന്ദ്രത്തിൽ അഭിനയിക്കാനെത്തിയ പൂച്ചാക്കൽ സ്വദേശിനി ലീനയെ ആണ് ആന്റണി ജീവിത പങ്കാളിയാക്കിയത്. കമ്യൂണിസ്‌റ്റ് പാർട്ടി പ്രവർത്തനത്തിൽ സജീവമായതോടെ പൂച്ചാക്കലിൽ സ്‌ഥിരതാമസമാക്കുകയും ചെയ്‌തു. ആന്റണി എഴുതി സംവിധാനം ചെയ്‌ത കലാപം, കുരുതി, ഇരുട്ടറ, മനുഷ്യപുത്രൻ, തെരുവുഗീതം തുടങ്ങിയ നാടകങ്ങളിൽ ലീന അഭിനയിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾക്കുശേഷം, എഴുപത്തിമൂന്നുകാരനായ ആന്റണിയും അറുപതുകാരിയായ ലീനയും വീണ്ടും വേദിയിൽ ഒന്നിച്ച, രണ്ടു കഥാപാത്രങ്ങൾ മാത്രമുള്ള നാടകമായിരുന്നു 2013ൽ അവതരിപ്പിച്ച അമ്മയും തൊമ്മനും. അതിൽ ആന്റണിയുടെ അമ്മ വേഷമാണു ലീന ചെയ്‌തത്. 

മഹേഷിന്റെ പ്രതികാരം സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച മഹേഷിന്റെ ‘ചാച്ചൻ’ കഥാപാത്രമായി സിനിമയിലെത്തി. ഗപ്പി, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആകാശമിഠായി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.