മോഹിച്ചത് ഫഹദിനെ കാണാൻ മാത്രം; പക്ഷേ, ദേവിക നായികയായി

ദേവിക സഞ്ജയ്. അന്വേഷിച്ചുവരുമെന്നു വെറുതെ പറയുന്നതല്ല. വേണമെന്നു മനസ്സിൽ‌ മോഹിച്ചാൽ അന്വേഷിച്ചു വരികതന്നെ ചെയ്യും. ഇല്ലെങ്കിൽ ഞാൻ പ്രകാശനിലെ താരം ദേവിക സഞ്ജയ് പറയട്ടെ.  

കോഴിക്കോട് കേന്ദ്രീയ വിദ്യാലയയിൽ പഠിക്കുന്ന ദേവികയ്ക്കു സിനിമ മോഹംതന്നെയായിരുന്നു. സ്കൂളിലെ മിക്ക കാര്യങ്ങളിലും കയറി പങ്കെടുക്കുന്ന കുട്ടിക്കു പക്ഷെ അതിലേക്കു വഴി പറഞ്ഞുകൊടുക്കാൻ ആരുമുണ്ടായിരുന്നില്ല. സത്യൻ അന്തിക്കാടൊരു പുതുമുഖത്തെ തേടുകയാണെന്ന് സത്യന്റെ  ഗുരു ഡോ.ബാലകൃഷ്ണന്റെ മകൾ േരണുകയോടു സത്യന്റെ മകനും സഹസംവിധായകനുമായ അഖിൽ സത്യൻ പറഞ്ഞിട്ടുണ്ടായിരുന്നു. രേണുക മുൻപു പഠിപ്പിച്ചിരുന്ന കേന്ദ്രീയ വിദ്യാലയത്തിലെ ഒരു കുട്ടിയുടെ മുഖം  ഓർമ വന്നു. വിവരം കുട്ടിയെ അറിയിക്കുകയും ചെയ്തു. എന്നാൽ ആ കുട്ടിക്കു താൽപര്യമില്ലാതിരുന്നതിനാൽ  കൂട്ടുകാരിയുടെ പേരു പറഞ്ഞു. കാര്യമായ പ്രതീക്ഷയില്ലെങ്കിലും ദേവിക ആ നമ്പറിൽ ബന്ധപ്പെട്ടു. കുറച്ചു പടങ്ങളാണു ആദ്യം ചോദിച്ചത്. നീണ്ട മുടിയും മുഖത്തു നിറഞ്ഞ എണ്ണമയവുമായുള്ള നാടൻ പെൺകുട്ടിയുടെ പടമാണു വന്നത്. ആദ്യ റൗണ്ടിലെ അതു വേണ്ടെന്നുവച്ചു. എന്നാലും ഒരു വീഡിയോ അയക്കാൻ ദേവികയ്ക്കു മെസേജ് അയച്ചു. മൊബൈൽ വാങ്ങിത്തരാത്ത അമ്മയോടു  മൊബൈലിനു വേണ്ടി കെഞ്ചുന്നതായിരുന്നു സീൻ. ആദ്യ പരിഗണനയിലുള്ളവരെയെല്ലാം നോക്കിയ ശേഷം അവസാനം മൊബൈലിൽ അയച്ച വീഡിയോ നോക്കി. 

30 സെക്കന്റ് വീഡിയോ കൊണ്ടു ദേവിക സത്യൻ അന്തിക്കാടിന്റെയും സംഘത്തിന്റെയും മനസ്സു കവർന്നു. നീണ്ട മുടി മുറിച്ചൊരു പരിഷ്കാരി പെൺകുട്ടിയാക്കണമെന്നവർ തീരുമാനിച്ചു. ദേവിക കാത്തിരുന്നതും മുടി മുറിക്കാനുള്ള വഴിയാണ്. ഓമനിച്ചു വളർത്തിയ മുടി മുറിക്കാൻ അമ്മ സമ്മതിച്ചിരുന്നില്ല. ഇതോടെ ആ ബ്ളോക്കും മാറി. ആ കുട്ടിയാണ് ഞാൻ പ്രകാശനിലെ ടീന മോൾ. ഇടവേളയ്ക്കു ശേഷം വന്നു സിനിമയിൽ നിറഞ്ഞുനിന്ന കുട്ടി. 

നസ്റിയയെയും ഫഹദിനെയും കാണണം എന്നു മോഹിച്ചു നടന്ന ദേവിക ഫഹദിനോടൊപ്പം അഭിനയിച്ചു. നസ്റിയയുമായി മണിക്കൂറുകളോളം വർത്തമാനം പറഞ്ഞിരുന്നു. കൊയിലാണ്ടിയിലെ സോഫ്റ്റ്‌വെയ‍ർ എഞ്ചിനീയർ പി.കെ. സഞ്ജയിന്റെയും കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥ കെ.ശ്രീലതയുടെയും മകൾ കണ്ണടച്ചു തുറക്കും മുൻപു താരമായി. കൊയിലാണ്ടി ഇപ്പോൾ ഈ താരത്തെ ആഘോഷിക്കുകയാണ്. 

രണ്ടു കാര്യമാണു ദേവികയെ താരമാക്കിയത്. ഒന്ന്, വളരെ സ്വാഭാവികമായ അഭിനയം, രണ്ട്, അതി മനോഹരമായ ഡലയോഗ് പ്രസന്റേഷൻ. ഈ രണ്ടു കാര്യത്തിലും ആദ്യമായി ക്യാമറയ്ക്കു മുന്നിലുള്ള കുട്ടിയാണെന്നു പറയാനാകില്ല. ഇന്ത്യൻ താരനിരയിലേക്കു ഉയർന്ന നയൻതാരയെയും അസ്റിനെയും കണ്ടെത്തിയ സത്യൻ അന്തിക്കാട് ഒരിക്കൽക്കൂടി ഒരു കുട്ടിയെ കണ്ടെത്തിയിരിക്കുന്നു. നായികാ പദവിയേലേക്കു വൈകാതെ കടന്നെത്താവുന്ന ഒരാൾ.