ഇനി അമല–മഞ്ജു പോരാട്ടം

ദക്ഷിണേന്ത്യയുടെ സ്വപ്ന നായികയായിരുന്ന അമല തിരിച്ചുവരുന്നു. മലയാളത്തിന്റെ പ്രിയ മഞ്ജു വാരിയർക്കൊപ്പം. . അടുത്ത മാസം മധ്യത്തോടെ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിൽ കിസ്മത്തിലെ നായകൻ ഷെയ്ൻ നിഗവും ഉണ്ട്. പുതുമുഖ സംവിധായകനായ ആന്റണി സോണി സംവിധാനം ചെയ്യുന്ന കെയ്റോഫ് സൈറാബാനു എന്ന സിനിമയിലൂടെയാണ് മഞ്ജു, അമല താരസുന്ദരികൾ ഒരുമിക്കുന്നത്.

എന്റെ സൂര്യപുത്രിക്കെന്ന ഫാസിൽ ചിത്രത്തിലൂടെ മലയാളത്തെ ഇളക്കിമറിച്ച അമല 93ൽ സിനിമയോടു യാത്ര പറഞ്ഞിരുന്നു. തെലുങ്കു സൂപ്പർ താരം നാഗാർജ്ജുനയെ വിവാഹം ചെയ്തതോടെയാണ് അമല സിനിമ വിട്ടത്. തമിഴ് സൂപ്പർ സംവിധായകൻ ടി.രാജേന്ദ്രൻ വാസവിലെ വെണ്ണില എന്ന സിനിമയിലൂടെയാണ് അമലയെ സിനിമയിലേക്കു കൊണ്ടുവന്നത്. തുടർന്നു തമിഴ്, തെലുങ്ക്,മലയാളം, കന്നഡ സിനിമകളിൽ അമല നിറഞ്ഞു നിൽക്കുകയായിരുന്നു.

കരിങ്കുന്നം സിക്സസ്സിനു ശേഷം മഞ്ജു വാരിയർ അഭിനയിക്കുന്ന സിനിമയാകും കെയ്റോഫ് സൈറാബാനു. റോഷൻ ആൻഡ്രൂസിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ആന്റണി സോണി ഇതിലൂടെ സ്വതന്ത്ര സംവിധായകനാകുന്നു. ആർ.ജെ.ഷാനാണ് തിരക്കഥ. സംഭാഷണം ബിപിൻ ചന്ദ്രനും.

വീട്ടമ്മമായി മഞ്ജുവും അഭിഭാഷകനായി ​അമലയും എത്തുന്നു. ഇവർ തമ്മിലുള്ള പോരാട്ടത്തിന്റെ കഥകൂടിയാണിത്. ചിത്രത്തിൽ വേഷമില്ലെങ്കിലും വിക്ടർ ജോർജ്ജ് എന്ന പ്രശസ്ത ഫൊട്ടോഗ്രാഫറുമായി സാമ്യമുള്ളൊരു അദൃശ്യ കഥാപാത്രവും സിനിമയിലുണ്ട്. മഞ്ജുവിന്റെ ക്രിസ്മസ് ചിത്രം കെയ്റോഫ് സൈറാബാനുവാകും.