മഞ്ജു വീണ്ടും അഭിനയിക്കുമെന്ന് ഫഹദിനോട് ആഷിക്

റാണി പദ്മിനിയുടെ ചിത്രീകരണത്തിനിടയില്‍ മഞ്ജു വാരിയര്‍

മൂന്ന് വര്‍ഷം മുന്‍പ് ഫഹദ് റിമയോട് പറഞ്ഞു...‘ മഞ്ജു വാരിയര്‍ വീണ്ടും അഭിനയിക്കണം’ !. ആഷിക് അബു സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ 2 ഫീമെയ്ല്‍ കോട്ടയം എന്ന ചിത്രത്തിലേതായിരുന്നു ഈ ഡയലോഗ്.

പിന്നീട് രണ്ട് വര്‍ഷം കഴിഞ്ഞ് പുറത്തിറങ്ങിയ ഹൗ ഓള്‍ഡ് ആര്‍യുവിലൂടെ മഞ്ജു വാരിയര്‍ അഭിനയരംഗത്തേക്ക് തിരിച്ചെത്തി സിനിമയില്‍ സജീവമാകുകയും ചെയ്തു. തിരിച്ചുവരവില്‍ മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം ആഷിക് അബുവിനൊപ്പമാണെന്നതും യാദൃശ്ചികം. മഞ്ജു വീണ്ടും അഭിനയിച്ചതില്‍, അതും തന്റെ ചിത്രത്തില്‍ മഞ്ജു വാരിയറെ അഭിനയിപ്പിക്കാന്‍ സാധിച്ചതില്‍ ആഷിക് സന്തോഷവാനാണ്.

‘മഞ്ജു വാര്യര്‍ വീണ്ടും അഭിനയിക്കണമെന്ന് 22 FK യില്‍ സിറില്‍ (ഫഹദ് ഫാസില്‍) മദ്യലഹരിയില്‍ ഗേറ്റ് ചാരി കുഴഞ്ഞ് പറഞ്ഞപ്പോ, ശരിക്കും അത് നടക്കുമെന്ന് പ്രതീക്ഷിച്ചില്ല'...നന്ദി റിമ കല്ലിങ്കല്‍...ഇങ്ങനെയാണ് ആഷിക് അബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

മഞ്ജു വാര്യരും റിമാ കല്ലിങ്കലും നായികമാരാകുന്ന ആഷിക് അബു ചിത്രം റാണി പദ്മിനിയുടെ ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു. അപരിചിതരായ രണ്ട് സ്ത്രീകള്‍ രണ്ട് ലക്ഷ്യങ്ങളുമായി കൊച്ചിയില്‍നിന്ന് ഹിമാചല്‍പ്രദേശിലേക്ക് നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം.

ശ്യാം പുഷ്‌കരനും നവാഗതനായ രവിശങ്കറും ചേര്‍ന്നാണ് തിരക്കഥ. ഫോര്‍ട്ട് സിനിമാസിന്റെ ബാനറില്‍ മുഹമ്മദ് അല്‍ത്താഫ്,വിഎം ഹാരിസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മധു നീലകണ്ഠനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബിജിപാല്‍ ആണ് സംഗീതസംവിധായകന്‍.