ഉരുളയ്ക്കുപ്പേരി മറുപടിയുമായി ആഷിഖ്

തന്റെ പുതിയ ചിത്രമായ റാണി പത്മിനിയുടെ പോസ്റ്റർ ഫെയ്സ്ബുക്കിലിട്ട ആഷിഖ് അബുവിനെ പരിഹസിച്ച് ഒരു കമന്‍റ് വന്നു. ‘ സഖാവ് കുപ്പായം കുറച്ച് ദിവസത്തേക്ക് അഴിച്ച് വച്ചേക്ക് ... പSത്തിന് കോട്ടം തട്ടണ്ട ... എല്ലാ ആശംസകളും...എന്നായിരുന്നു ആ വിദ്വാൻ എഴുതിത്.

ഉരുളയ്ക്കുപ്പേരി പോല പിന്നാലെ ആഷിക്കിന്‍റെ മറുപടിയുമെത്തി. ‘അങ്ങനെ തട്ടണ കോട്ടം അങ്ങു തട്ടട്ടെ...എന്നായിരുന്നു അദ്ദേഹം എഴുതിയത്. ഇതോടെ ആഷിഖിന് പിന്തുണയുമായി ആരാധകരും ഒപ്പം കൂടി.

ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കുന്ന ആളാണ് ആഷിക് അബു. സാമൂഹികപ്രശ്നങ്ങളിലും സിനിമാക്കാര്യങ്ങളിലും അദ്ദേഹം ആളുകളുമായി തന്‍റെ അഭിപ്രായം പ്രകടമാക്കാറുണ്ട്. പക്ഷേ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു മറുപടിയുമായി അദ്ദേഹമെത്തുന്നത്.

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് തിരിച്ചു വന്ന മഞ്ജു വാര്യര്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് റാണി പത്മിനി. സ്ത്രീ കേന്ദ്രീകൃത ചിത്രമായ റാണി പത്മിനിയില്‍ മഞ്ജു വാര്യരെ കൂടാതെ റിമാ കല്ലിങ്കലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. റാണിയുടേയും പത്മിനിയുടേയും യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അപരിചിതരായ ഇവര്‍ യാത്രയില്‍ കണ്ടുമുട്ടുന്നു. രണ്ട് പേര്‍ക്കും രണ്ട് ലക്ഷ്യങ്ങളാണ്.

കൊച്ചിയില്‍ നിന്ന് തുടങ്ങി, ദില്ലി വഴി ഹിമാചല്‍പ്രപദേശിലേക്ക് നീളുന്നതാണ് യാത്ര. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രം ഒരു ഫീല്‍ഗുഡ് ട്രാവല്‍ മൂവിയാണെന്നും ചിത്രത്തില്‍ നായകനെന്ന് പറയാന്‍ ഒരാളില്ലെന്നും രണ്ട് സ്ത്രീകള്‍, അവരുടെ ജീവിതത്തെയും അനുഭവത്തെയും കുറിച്ചാണ് സിനിമ പറയുന്നതെന്നും ആഷിഖ് അബു നേരത്തെ പറഞ്ഞിരുന്നു.