ജൂറി ചെയർമാനെതിരെ അൽഫോൻസിന്റെ പൊട്ടിത്തെറി

അൽഫോൻസ്, മോഹൻ

പ്രേമം സിനിമയ്ക്ക് അവാർഡിന് അർഹതയില്ലെന്ന് ഇത്തവണത്തെ സംസ്ഥാന അവാർഡ് ജൂറി ചെയർമാനായ മോഹൻ പറഞ്ഞിരുന്നു. ഒരു വിഭാഗങ്ങളിലെയും പുരസ്കാരം ലഭിക്കാനുള്ള അർഹത പ്രേമത്തിനുണ്ടെന്ന് ജൂറിക്ക് തോന്നിയില്ലെന്നും അതിനുള്ള നിലവാരം സിനിമയ്ക്കില്ലെന്നുമായിരുന്നു മോഹന്റെ അഭിപ്രായം. എന്നാൽ സംവിധായകന്‍ ആഷിക് അബു അടക്കമുള്ളവർ ഈ വിഷയത്തിൽ അൽഫോൻസ് പുത്രനെ പിന്തുണച്ച് രംഗത്തെത്തിയെങ്കിലും അൽഫോൻസ് പ്രതികരിച്ചിരുന്നില്ല. വിവാദങ്ങളെല്ലാം കെട്ടടങ്ങി ഒരുമാസത്തിന് ശേഷം ജൂറി ചെയർമാന് ചുട്ടമറുപടിയുമായി അൽഫോൻസ് രംഗത്തെത്തി.

തന്റെ സിനിമയെയും സഹപ്രവർത്തകരെയും താഴ്ത്തിക്കെട്ടുന്ന രീതിയിൽ അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ ഇങ്ങനെയൊരു മറുപടിയെന്ന് അൽഫോൻസ് പറയുന്നു. മാത്രമല്ല ഈ നിബന്ധനകളാണ് ഇനിയുമെങ്കിൽ അടുത്തതവണ തന്റെ സിനിമ സംസ്ഥാന അവാർഡിന് പരിഗണിക്കേണ്ടതില്ലെന്നും അൽഫോൻസ് കൂട്ടിച്ചേർത്തു.

അൽഫോൻസിന്റെ കുറിപ്പ് വായിക്കാം–

സിനിമയ്ക്ക് കൃത്യമായ ഘടന എന്നത് മനുഷ്യനിർമിതമാണ്. സ്നേഹം എന്നത് ഒരു വികാരമല്ല, അത് എല്ലാ വികാരങ്ങളുടെയും സൃഷ്ടാവാണ്. അത് നിങ്ങളിൽ അത്ഭുതങ്ങളും വിസ്മയവും സൃഷ്ടിക്കും. അത് നിങ്ങളെ അന്ധകാരത്തിലേക്ക് ആഴ്ത്തുകയും ചെയ്യും. ഞാനൊരു സിനിമ ചെയ്തപ്പോൾ അതിൽ ചിത്രശലഭത്തെയാണ് പ്രണയത്തോട് ഉപമിച്ചത്.

സാർ, നിങ്ങൾ ഒരു പൂമ്പാറ്റയെ മനുഷ്യനിർമിത ഘടനവെച്ച് ചിന്തിക്കുകയാണെങ്കിൽ, സിനിമയിലെ സ്റ്റഡി ഷോട്ട് (ക്യാമറ ചലനങ്ങൾ), ലോജിക്കുമായി എനിക്ക് അതിനെ ബന്ധിപ്പിക്കാനാകില്ല. കാരണം നിങ്ങൾ എത്രത്തോളം ആ പൂമ്പാറ്റയെ ശ്രദ്ധിക്കുന്നോ അതിന്റെ ചലനങ്ങളിൽ നിങ്ങൾക്കൊരിക്കലും ലോജിക്ക് കാണാൻ സാധിക്കില്ല. അതിനാൽ തന്നെ എന്റെ ഷോട്ടുകളിലും മേയ്ക്കിങിലും നിങ്ങൾ പറയുന്ന ലോജിക്ക് കുറവായിരിക്കും. സിനിമാസംവിധാനത്തിന്റെ നിയമങ്ങളോ ഘടനയോ എന്റെ ചെറിയ ചിത്രത്തിന് വേണ്ടി ലംഘിച്ചതിൽ എന്നോട് ക്ഷമിക്കണം.

ജോർജിന്റെ ജനനം പൂമ്പാറ്റയുടെ പരിണാമത്തിലൂടെയാണ് ഞാൻ കാണിക്കാൻ ശ്രമിച്ചത്. ഇതായിരിക്കും സിനിമയുടെ ഘടന എന്നാണ് ഞാൻ കരുതിയത്.

സിനിമയ്ക്ക് ഘടന ഇല്ലാത്തതിന്റെ പേരിൽ എനിക്കോ സിനിമയുമായി ബന്ധപ്പെട്ട മറ്റുളളവർക്കോ അവാർഡ് നൽകാത്തതിൽ നന്ദിയുണ്ട്. ഈ സിനിമ ഇടവേളയ്ക്കോ ക്ലൈമാക്സിനോ വേണ്ടി ഉള്ളതല്ല. ഞാൻ ചിത്രങ്ങൾ ചെയ്യുന്നത് അതിനോടുള്ള ഇഷ്ടം കൊണ്ടാണ്. എന്റെ സിനിമ കേരളത്തിലും തമിഴ്നാട്ടിലും ജനങ്ങൾ സ്വീകരിച്ചു.

ഞാനൊരു പ്രേക്ഷകനാണ്, എന്നെ ആസ്വദിപ്പിക്കുന്ന ചിത്രങ്ങളാണ് ഞാൻ ചെയ്യുന്നത്. അവാർഡ് കമ്മിറ്റിക്ക് ഇഷ്ടപ്പെടുന്നില്ലെന്ന് കരുതി പല കാര്യങ്ങളും സിനിമയിൽ ഒഴിവാക്കുന്ന സംവിധായകനാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ നിയമങ്ങൾ തെറ്റിക്കും.

എന്റെ സിനിമയെയും ജോലിയെയും സഹപ്രവർത്തകരെയെയും താങ്കളുടെ വിവരമില്ലായ്മയാൽ താഴ്ത്തിക്കെട്ടിയതിനാലാണ് ഇപ്പോൾ ഇങ്ങനെയൊരു മറുപടി നൽകുന്നത്. എന്റെ സൃഷ്ടിയെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്നെ നിരാശനാക്കി, ഒരുമാസത്തോളം വിഷാദത്തിലാഴ്ത്തുകയും ചെയ്തു.

ഇപ്പോഴെങ്കിലും പ്രതികരിച്ചില്ലെങ്കിൽ‌ നിങ്ങൾ ശരിയാണെന്ന് നിങ്ങൾ വിചാരിക്കും. എല്ലാവർക്കും അവരുടേതായ കാഴ്ചപ്പാടുണ്ട്. എല്ലാ കാഴ്ചപ്പാടുകളോടും തുറന്ന സമീപനം സ്വീകരിക്കണം.

ഈ നിബന്ധനകളാണ് അടുത്തതവണയും അവാർഡിന് സ്വീകരിക്കുന്നതെങ്കിൽ എന്റെ സിനിമയെ ഒഴിവാക്കണം. ‘പക്ഷേ’ പോലുള്ള സിനിമകൾ താങ്കൾ ഇനിയും ചെയ്യണം. പ്രേക്ഷകന്‍ എന്ന നിലയിൽ അത് കാണാൻ എനിക്ക് ആഗ്രഹമുണ്ട്. അതും പ്രണയനൈരാശ്യത്തെക്കുറിച്ചല്ലായിരുന്നോ? നന്ദി വിഷു ആശംസകൾ.അൽഫോൻസ് പറഞ്ഞു.

പ്രേമം സിനിമയെ സംസ്ഥാന അവാർഡിന് പരിഗണിക്കാതിരുന്നതിൽ ജൂറി െചയർമാൻ മോഹന്റെ മറുപടി ഇങ്ങനെയായിരുന്നു...

മോഹൻ: പ്രേമത്തിന് എന്തുകൊണ്ട് അവാർഡ് കൊടുത്തില്ല എന്നതിന് ഒരു ഒറ്റ ഉത്തരമേയുള്ളൂ. ഒരു വിഭാഗങ്ങളിലെയും പുരസ്കാരം ലഭിക്കാനുള്ള അർഹത പ്രേമത്തിനുണ്ടെന്ന് ജൂറിക്ക് തോന്നിയില്ല. ജനപ്രീതി നേടിയ സിനിമ തന്നെയാണത്. പക്ഷേ ഒരു അവാർഡ് കൊടുക്കാൻ മാത്രം എന്തെങ്കിലുമുള്ളതായി തോന്നിയില്ല. അതിനുള്ള ആവശ്യമുണ്ടെന്ന് തോന്നിയില്ല. അതിനുള്ള നിലവാരം സിനിമയ്ക്കില്ല.

പ്രേമത്തിന് അവാർഡിന് അർഹതയില്ല: ജൂറി ചെയർമാൻ‍

അതേസമയം ഇതേ സംവിധായകന്റെ ആദ്യ സിനിമ നേരം ഒരു തികഞ്ഞ ചിത്രമായിരുന്നു. ജൂറി ചെയർമാനെന്ന നിലയിൽ കൂടിയുള്ള അഭിപ്രായമാണിത്. ആ സിനിമയെ സമീപിച്ച രീതിയിലല്ല സംവിധായകൻ പ്രേമം ചെയ്തതെന്ന് പറയേണ്ടിയിരിക്കുന്നു. നേരം അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരുന്നുവെങ്കിലും മികവാർന്നതു തന്നെയായിരുന്നു. ചെറിയൊരു സംഭവം സിനിമയാക്കാൻ കാണിക്കാൻ അദ്ദേഹത്തിന് ഗംഭീരമായിട്ട് കഴിഞ്ഞു. യുവത്വത്തിന്റെ സിനിമയായതുകൊണ്ട് അവാർഡ് കൊടുക്കാനാകില്ലല്ലോ. പ്രായമല്ല പ്രശ്നം. നൂറു വയസ് ആയ ആളിന്റെ സിനിമയാണെങ്കിലും അതിന് അവാർഡ് കിട്ടിയിരിക്കും.