പ്രേമം വ്യാജന്‍ വ്യാപകം; അന്‍വന്‍ റഷീദ് രാജിവച്ചു

നിര്‍മാതാവും സംവിധായകനുമായ അന്‍വര്‍ റഷീദ് ചലച്ചിത്രസംഘടനകളില്‍ നിന്നും രാജിവെച്ചു. ഫെഫ്കയില്‍ നിന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്നുമാണ് രാജിവച്ചത്. പ്രേമം സിനിമയുടെ വ്യാജ പ്രിന്റുകള്‍ പുറത്തിറങ്ങുന്നത് തടയാന്‍ അസോസിയേഷന്‍ കാര്യക്ഷമായി ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് രാജി.

തിയറ്ററുകളില്‍ നിറഞ്ഞോടുന്ന നിവിന്‍ പോളി ചിത്രം പ്രേമം സിനിമയുടെ നിര്‍മാതാവും കൂടിയാണ് അന്‍വര്‍ റഷീദ്. സിനിമ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ ഓണ്‍ലൈനിലൂടെയും വിപണികളിലും ചിത്രത്തിന്‍റെ വ്യാജപതിപ്പും സുലഭമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സിനിമാ സംഘടനകള്‍ മൗനം പാലിക്കുകയായിരുന്നുവെന്നും അന്‍വര്‍ റഷീദ് പറയുന്നു.

ചിത്രത്തിന്‍റെ സെന്‍സര്‍ കോപ്പിയാണ് ഇന്‍റര്‍നെറ്റിലൂടെ പുറത്തുവന്നത്. സ്‍മാര്‍ട്ട് ഫോണുകള്‍ വഴിയും പെന്‍ഡ്രൈവുകളിലും കമ്പ്യൂട്ടറുകളിലും കോപ്പിയെടുത്തുമായിരുന്നു വ്യാജന്റെ കൈമാറ്റം. ഒരു സംഘടനയുടെയും പിന്തുണയില്ലാതെ ഇനി സിനിമയുമായി മുന്നോട്ട് പോകുമെന്നും അന്‍വര്‍ പറഞ്ഞു.