Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാര്യം നിസാരം പ്രശ്നം ഗുരുതരമെന്ന് പിണറായിയോട് ബാലചന്ദ്രമേനോൻ

pinarayi-movie പിണറായി വിജയൻ, ബാലചന്ദ്രമേനോൻ

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ഓർമകൾ പങ്കിട്ട് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. ഓർമകളും ആശംസകളും അറിയിക്കുന്നതിനൊപ്പം ബാലചന്ദ്രമേനോന് ഒരു നിവേദനവും പിണറായിക്ക് നൽകുവാനുണ്ട്. ആഹാരം ,വസ്ത്രം ,പാർപ്പിടം ഈ മൂന്നു അടിസ്ഥാന സൗകര്യങ്ങളിൽ ആഹാരത്തെപ്പറ്റിയാണ് ബാലചന്ദ്രമേനോന് പറയാനുള്ളത്.

ബാലചന്ദ്രമേനോന്റെ കുറിപ്പ് വായിക്കാം....

1974 ൽ 'ഞാൻ സംവിധാനം ചെയ്യും' എന്ന് രഹസ്യമായി മന്ത്രിച്ചുകൊണ്ട്‌ യുണിവേഴ്സിറ്റി കോളേജിന്റെ പടികൾ ചവുട്ടിക്കയറുമ്പോൾ എന്റെ മനസ്സിൽ സിനിമയല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. എന്നാൽ കലാകാരനായ ഞാൻ ഏതോ ഒരു ദുർബലനിമിഷത്തിൽ കാംപസ് രാഷ്ട്രീയത്തിൽ പെട്ടു പോയി . ഇന്നത്തെ സംവിധായകൻ ലെനിൻ രാജേന്ദ്രൻ യൂണിറ്റ് സെക്രട്ടറി ആയ എസ്എഫ്ഐ ഘടകം സ്വതന്ത്രനായി മത്സരിച്ച എനിക്ക് പിന്തുണ നൽകിയപ്പോൾ ഞാൻ കൊളേജ് ചെയർമാനായി അന്നുവരെ ഉണ്ടായിരുന്ന കെഎസ്‌യുവിന്റെ കോട്ട തകർത്തു.

പിന്നെ ഇന്നുവരെ ഞാൻ ഇരുന്ന ചെയർമാന്റെ കസേരയിൽ ഒരു കെഎസ്‌യുക്കാരൻ ഇരുന്നിട്ടില്ല എന്നാണറിവ് . അങ്ങിനെ ചെയർമാൻ ആയിരിക്കെ കോളേജ് യുണിയന്റെ ഉദ്ഘാടനത്തിനു മുഖ്യാതിഥിയായി ഏതോ ഒരു കുട്ടി സഖാവ് , പിണറായി വിജയനെ വിളിക്കാം എന്ന് പറഞ്ഞപ്പോഴാണ് നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പേര് ഞാൻ ആദ്യമായി ജീവിതത്തിൽ കേൾക്കുന്നത്. എന്നാൽ പിണറായിക്ക് വരാൻ കഴിഞ്ഞില്ല. പകരം കാഥികൻ സാംബശിവനാണ് വന്നത് ..

അന്ന് വേറെ ഏതോ കുട്ടി സഖാവ് പറഞ്ഞതോർമയുണ്ട്. "സാംബൻ വന്നാൽ കഥ പറയും. പിണറായി ഒള്ള കാര്യം പറയും ...മുഖം നോക്കാതെ സത്യങ്ങൾ വിളിച്ചുപറയും ..." ആ വിവരണത്തിൽ നിന്ന് പുള്ളിക്കാരൻ അത്ര അടുത്ത് ഇടപഴുകാൻ പറ്റിയ ആളല്ല എന്നോരു ധാരണ എന്റെ മനസ്സിൽ എങ്ങിനെയോ കടന്നു കൂടി. .

എന്റെ ജീവിതത്തിലും ഞാൻ എന്നെപ്പറ്റി ഇതേപോലെ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ഒരു പരാമർശമുണ്ട്.. ...." തുറന്നുപറയട്ടെ , അങ്ങയെപ്പറ്റി ഇങ്ങനൊന്നുമല്ല ധരിച്ചിരുന്നത് ..."വിദേശ രാജ്യങ്ങളിൽ സന്ദർശനം കഴിഞ്ഞു മടങ്ങുമ്പോൾ എയർ പോർട്ടിൽ വെച്ച് അല്ലെങ്കിൽ മുൻ പരിചയമില്ലാത്ത ഒരു വീട്ടിലേതാനും ദിവസം താമസിച്ചു മടങ്ങിപോരാൻ കാറിൽ കയറുമ്പോൾ ഓരോരുത്തരോക്കെ പറഞ്ഞിട്ടുണ്ട് .

"എന്തൊക്കെ കഥകളാ അങ്ങ് വരുന്നതിനുമുൻപ് ഇവിടെ പറഞ്ഞു പ്രചരിച്ചിരുന്നത് ! ഇനി ആരേലും അങ്ങിനെ എന്നോട് പറഞ്ഞാൽ ഞാൻ ചുട്ട മറുപടി കൊടുക്കും "

മറ്റു സംവിധായകരുടെ പടത്തിൽ അഭിനയിച്ചുതീർത്തു യാത്ര പറയുമ്പോഴും പലരും പലതവണ പറഞ്ഞു കേട്ടിടുണ്ട് ..." വരുന്നു വരുന്നു പറഞ്ഞപ്പോൾ ശരിക്കും ഞങ്ങൾക്ക് വല്ലാത്ത ഒരു ടെൻഷൻ ആയിരുന്നു...ആള് എങ്ങിനായിരിക്കും? എല്ലാടത്തും കേറി ഇടപെടുമോ എന്നൊക്കെ .."

ഇതിൽ നിന്നും ഞാൻ മനസ്സിലാക്കിയ ഒന്നുണ്ട് ....ആരൊക്കയൊ എന്നെപ്പറ്റി ബോധപൂർവം തെറ്റിധാരണകൾ പ്രചരിപ്പിക്കുന്നുണ്ട് ...എന്നാൽ ഞാൻ ആ ധാരണ തിരുത്താൻ ശ്രമിച്ചിട്ടില്ല എന്തെന്നാൽ ഞാൻ കർമ്മത്തിൽ വിശ്വസിക്കുന്നു ..ആ കർമ്മം തെളിക്കുന്ന വഴിയിലൂടെ സഞ്ചരിക്കുക മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്.

ഇതൊരു ജാതകദോഷം എന്ന് കരുതാമെങ്കിൽ ഇതാവശ്യത്തിലേറെ പുതിയ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനുമുണ്ട് എന്ന് ഞാൻ കരുതുന്നു .കാർക്കശ്യം ,മർക്കട മുഷ്ട്ടി, ജനാധിപത്യവാദിക്ക് ചേരാത്ത ഗൗരവം, ഒരിക്കലും ജനങ്ങളോട് ചിരിക്കാത്ത മുഖം , ഒരു മാടമ്പിയുടെ ശരീരഭാഷ ....അടുത്തിടപഴകുമ്പോൾ അദ്ദേഹത്തെപ്പറ്റിയും ഇനി ഓരോരുത്തരും പറയേണ്ടിവരും ..

"ശ്ശോ എന്തൊക്കയാ ഞങ്ങൾ കേട്ടിരുന്നത് ..അടുത്തറിഞ്ഞപ്പോഴല്ലേ സത്യം ഞങ്ങൾ അറിയുന്നത് ..."

അതെ ..കേരളത്തിന്റെ 12 മത്തെ മുഖ്യമന്ത്രിക്ക് ആദ്യം തെളിയിക്കാനുള്ളത് അതാണ്‌. അദ്ദേഹം അത് തെളിയിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു . അതിനു കാരണവുമുണ്ട് . അതു വായിച്ചറിഞ്ഞതോ കേട്ട് പഠിച്ചതോ അല്ല ...എന്റെ ജീവിതത്തിൽ തന്നെ അനുഭവിച്ചറിഞ്ഞതാണ്.

ധാർഷ്ഠ്യം ഉണ്ടെന്നു പറയപ്പെടുന്ന ശ്രീ പിണറായി മെയ്‌ 22 നു എന്നെ ഫോണിൽ വിളിക്കുന്നു. വിളിച്ചത് സത്യപ്രതിന്ജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കാനാണ് . ആ സന്തോഷം പങ്കിടാനാണ് . ക്ഷ ണിച്ചതുകൊണ്ട് എനിക്ക് പിണറായി പ്രിയങ്കരനായതാണെന്ന് കരുതണ്ട.. 5 വർഷങ്ങൾക്കു മുൻപ് എന്റെ അമ്മ നഷ്ട്ടപ്പെട്ട വേദനയിൽ ഞാൻ കൊല്ലത്തെ എന്റെ സഹോദരിയുടെ വീട്ടിൽ കഴിയുംപോഴും ഇതേ പിണറായി അവിടെ വന്നത് ഞാൻ നന്ദി പൂർവം ഓർക്കുന്നു . കൂടെ കോടിയേരിയും എം എ . ബേബിയും ഉണ്ടായിരുന്നു . കൊല്ലത്ത് എന്തോ ആവശ്യങ്ങൾക്ക് വന്നപ്പോൾ അമ്മയുടെ മരണത്തെ തുടർന്ന് ഞാൻ കൊല്ലത്തുണ്ടെന്നു അറിഞ്ഞു എന്റെ ദുഃഖം പങ്കിടാൻ വന്നതാണ് . അപ്പോൾ സന്തോഷത്തിലും ദുഖത്തിലും ഒരുപോലെ എന്നെ ഓർത്ത ഒരാളെ ഞാൻ എങ്ങിനെ അനുസ്മരിക്കതിരിക്കും ?അദ്ദേഹം കേരളത്തിന്റെ ഭരണ സാരഥ്യം നിർവഹിക്കാൻ പോകുമ്പോൾ എങ്ങിനെ അശീർവദിക്കാതിരിക്കും?

എന്നാൽ ബാലചന്ദ്രമേനോൻ എന്ന ഈ പൗരനു മുഖ്യമന്ത്രിയായ അങ്ങയുടെ മുന്നിൽ ആത്മാർത്ഥമായ ഒരു നിവേദനം ഉണ്ട്. ആഹാരം ,വസ്ത്രം ,പാർപ്പിടം ഈ മൂന്നു അടിസ്ഥാന സൗകര്യങ്ങളിൽ ആഹാരത്തെപ്പറ്റിയാണ് എനിക്ക് പറയാനുള്ളത്. ഇവിടെ അമ്മയുടെ മുലപ്പാൽ ഒഴിച്ച് എന്തിലും മായമാണ്.

വെള്ളത്തിലും പാലിലും വെളിച്ചെണ്ണയിലും മുളകുപൊടിയിലും എന്തിനു എലിവിഷത്തിൽ പോലും നരാധമന്മാർ വിഷംചേർക്കുകയാണ്. നിരാലംബനായ പാവം പൌരൻ ഗതിയില്ലാതെ ഈ വിഷമൊക്കെ വലിച്ചുകയറ്റി മാറാ രോഗങ്ങൾ പിടിച്ചു വലയുമ്പോൾ അവനു മുന്നിൽ കോർപ്പറേറ് ആശുപത്രികൾ കവാടങ്ങൾ തുറന്ന് അവന്റെ കഴുത്തിൽ മാലയിട്ടു അകത്തെക്കാനയിച്ചു അവന്റെ കീശയും കാലിയാക്കി ആ സാധുവിനെ മരണത്തിലേക്ക് നയിക്കുന്നു.

റോഡരികിലുള്ള കടയിൽനിന്ന് ഷെവർമ വാങ്ങിക്കഴിച്ചു മരണത്തിനടിമപ്പെട്ട ചെറപ്പക്കരനെപ്പൊലെ എത്രയോ പേർക്ക് വേണ്ടിയാണ് ഈ നിവേദനം. ഭക്ഷ്യ വകുപ്പിന്റെ കീഴിൽ ഇതിനായി ഒരു പ്രത്യേക സജ്ജീകരണം എർപ്പാടാക്കുന്നതും അങ്ങിനെയുള്ള കുറ്റവാളികൾക്ക് കർശനമായ ശിക്ഷാ നടപടികൾ ഉർജ സ്വലമാക്കുന്നതും നന്നായിരിക്കും . ജീവനും സ്വത്തിനുംസംരക്ഷണം നൽകേണ്ട ഭരണഘടനയെ മാപ്പുസാക്ഷിയാക്കിയുള്ള ഇത്തരം കൊലപാതകങ്ങൾക്ക് ഒരു അറുതി ഉണ്ടാവണം . ആരോഗ്യം സർവധനാൽ പ്രധാനം പുസ്തകത്തിൽ വായിച്ചതുകൊണ്ടായില്ല . പൊതുജനത്തെ വിഷപ്പുകയും മലിനജലവും മായം ചേർത്ത ആഹാരവും കൊടുത്തു കൊന്നിട്ട് മുകള ലേക്ക് എന്ത് വികസനങ്ങൾ കെട്ടിപ്പൊക്കിയതുകൊണ്ട് എന്ത് കാര്യം?

ഈ ഉദ്യമത്തിൽ എന്റെ സർവാന്മന പിന്തുണയും ഞാൻ ഉറപ് തരുന്നു. ഒപ്പം അങ്ങയുടെ നേതൃത്വം നാടിനു ഒരു പുതിയ ദിശാബോധവും ഉന്നമനവും ഉണ്ടാക്കട്ടെ എന്ന് പ്രാർഥിക്കുന്നു. കോർപ്പറേറ്റുകൾക്ക് കാര്യം നിസ്സാരം ..പക്ഷെ പൊതുജനത്തിന് പ്രശ്നം ഗുരുതരവും... 

Your Rating: