റാണി പത്മിനിയെ പ്രശംസിച്ച് കലക്ടർ ബ്രോ

മഞ്ജു വാര്യരെയും റിമ കല്ലിങ്കലിനെയും പ്രധാനകഥാപാത്രങ്ങളെയാക്കി ആഷിഖ് അബു ഒരുക്കിയ റാണി പത്മിനി പ്രേക്ഷകശ്രദ്ധനേടുന്നു. സോഷ്യൽമീഡിയയിലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് വരുന്നത്. ഇതിനിടെ സിനിമയെ പ്രശംസിച്ച് ‘കലക്ടർ ബ്രോ’ എന്ന പേരിൽ സോഷ്യൽമീഡിയ ഓമനിക്കുന്ന കോഴിക്കോട് ജില്ലാ കലക്ടര്‍ പ്രശാന്ത് നായർ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചത്.

പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം– റാണി പത്മിനി...അടുത്ത കാലത്ത് കണ്ട നല്ല എന്റർടെയിനർ. ക്ലാസ്സിനും മാസ്സിനും ഇഷ്ടപ്പെടാൻ വകുപ്പുണ്ടെങ്കിലും മുൻവിധി ഇല്ലാതെ കാണേണ്ട ചിത്രമാണിത്‌. സിനിമയെന്നാൽ സംഭാഷണ കോലാഹലമല്ലെന്നും ആത്യന്തികമായി അതൊരു ദൃശ്യകലയാണെന്നും പഠിപ്പിക്കുന്ന തിരക്കഥയും ആവിഷ്കരണവും. മഞ്ജു വാര്യർക്ക് മൊണോട്ടണസ് അല്ലാതെ, പെർഫോർമൻസിന് സാധ്യതയുള്ള ഇത്തരം റോളുകൾ കിട്ടട്ടെ. തിരിച്ചുവരവിൽ അവർക്ക് കിട്ടിയ ബെസ്റ്റ് റോൾ.

റാണി പത്മിനി റിവ്യു വായിക്കാം

മഞ്ജുവിന്റെ അടുത്ത കാലത്തെ ചിത്രങ്ങളിലെ ഡബ്ബിംഗ് വെച്ച് നോക്കിയാൽ ഇതിൽ ഗംഭീരമായിട്ടുണ്ട്. പെർഫോർമൻസ് പുറത്തെടുപ്പിച്ച സംവിധായകന് അഭിമാനിക്കാം. കാസ്റ്റിംഗ് പലതും രസമായിട്ടുണ്ട്.

സ്ത്രീയുടെ പക്ഷം പറയുന്നു എന്ന് അവകാശപ്പെടുന്ന പല ചിത്രങ്ങളും എത്ര പൊള്ളയാണ്! എന്നാൽ ഇതിലൊരു ബാലൻസ് ഉണ്ട്. ഒരു ദം ഉണ്ട്. നല്ല ലൊക്കേഷൻ. നല്ല ക്യാമറ. (റാണ എന്ന റേസറുടെ മുഖം ആദ്യമായി കാണിക്കുന്ന ഷോട്ട് വാസ് സട്ടിൽ ബട്ട് ഓസം) പിന്നെ, നല്ല ബിജി. പോരാത്തതിന് കഥയിൽ മെസേജും ഉണ്ട്.

പരിഹസിച്ചുള്ള ഡയലോഗിലൂടെയോ പഴത്തൊലിയിൽ വീണോ മാത്രമേ ആൾക്കാരെ ചിരിപ്പിക്കാനാകൂ എന്ന് വിശ്വസിക്കുന്ന ശരാശരി തിരക്കഥയിൽ നിന്ന് വ്യത്യസ്തമാണ് റാണി പത്മിനി. കഥയിൽ സഹനായികയായി പ്രത്യക്ഷപ്പെട്ട് നായികയെക്കാൾ നന്നായി പെർഫോർമ് ചെയ്യുന്ന റിമയാണ് ചിത്രത്തിൽ ഏവരുടെയും മനംകവർന്നത്. ചിത്രത്തിൽ വെളിപ്പെടാത്ത ആഷിക് അബു എന്ന സംവിധായകനാണ് ഇതിലെ യഥാർത്ഥ നായകൻ. കലക്ടര്‍ പറയുന്നു.