സ്വന്തം ജീവിതം തിരശ്ശീലയിൽ കണ്ട് ഇൗ കുടുംബം കരഞ്ഞു

ഷെർളി ജേക്കബ്, മക്കളായ ഗ്രിഗറി ജേക്കബ്, ബേസിൽ, ക്രിസ്, ചിപ്പി എന്നിവർ

അനുഭവിച്ച മാനസിക സംഘർഷങ്ങൾ, നടന്നുതീർത്ത മുൾ‌വഴികൾ, കണ്ണീർ ഒഴുകിയുണ്ടായ സങ്കടക്കടൽ.. ഒാർക്കാനിഷ്ടപ്പെടാത്ത കറുത്ത ദിനരാത്രങ്ങളെല്ലാം മുന്നിലെ തിരശ്ശീലയിൽ തെളിഞ്ഞപ്പോൾ ദുബായിൽ കഴിയുന്ന ഇൗ കുടുംബത്തിന്റെ കണ്ണുകളിൽ നിന്ന് വീണ്ടും നീർച്ചാലുകളൊഴുകി. ഇത് വിനീത് ശ്രീനിവാസൻെറ ഏറ്റവും പുതിയ ചിത്രമായ 'ജേക്കബിൻെറ സ്വർഗരാജ്യ'ത്തിലെ ജീവിക്കുന്ന കഥാപാത്രങ്ങൾ– ഷെർളി ജേക്കബ്, മക്കളായ ഗ്രിഗറി ജേക്കബ്, ബേസിൽ, ക്രിസ്, ചിപ്പി എന്നിവർ.

ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ നോവ സിനിമയിൽ ചിത്രത്തിൻെറ ആദ്യ ഷോ ഇവർ കണ്ടു. ​നിയമനടപടികൾ തുടരുന്നതിനാൽ ജേക്കബിന് യുഎഇയിലെത്താൻ സാധിച്ചിട്ടില്ല. മറ്റൊരു മകൾ മെർലിനും നാട്ടിലാണ്.

രൺജി പണിക്കറായിരുന്നു ബിസിനസുകാരനായ ജേക്കബിനെ അവതരിപ്പിച്ചത്. ലക്ഷ്മി രാമകൃഷ്ണൻ ഷേർളിക്കും നിവിൻപോളി ഗ്രിഗറി ജേക്കബിനും ജീവൻ നൽകി. ​2008ൽ ദുബായിൽ നിന്ന് ലൈബീരിയയിലേയ്ക്ക് ബിസിനസ് ആവശ്യാർഥം പോയ ജേക്കബിന് സാമ്പത്തിക ഇടപാടിന്റെ പേരിൽ​ തിരിച്ചു വരാൻ സാധിക്കാത്തതും തുടർന്ന് ഷേർളി ജേക്കബ് കുടുംബത്തിൻെറ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത് തൻെറ മനക്കരുത്തുകൊണ്ട്, ഏറെ കഷ്ടപ്പാടുകൾ സഹിച്ച് ഭർത്താവിനെ നാട്ടിലെത്തിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

മക്കളും ബന്ധുക്കളുമൊക്കെ നൽകിയ പിന്തുണയായിരുന്നു ഷേർളി എന്ന വീട്ടമ്മയ്ക്ക് ഇത്രയും വലിയ ദൗത്യം പൂർത്തിയാക്കാൻ സാധിച്ചതിന് പിന്നിൽ. ഭർത്താവുമായി ടെലിഫോണിലൂടെ സംസാരിച്ചും ഷേർളി തീരുമാനങ്ങൾ കൈക്കൊണ്ടു. ഗ്രിഗറി ജേക്കബ് സുഹൃത്തായ വിനീത് ശ്രീനിവാസനോട് തൻറെ കുടുംബ കഥ വെളിപ്പെടുത്തിയതോടെയാണ് അതിന് ചലച്ചിത്രരൂപമുണ്ടായത്.

ഇന്നത്തെ കുടുംബങ്ങളിൽ അപൂർവമായി കാണുന്ന പിന്തുണ തൻെറ മക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ലഭിച്ചതായി ഷേർളി പറഞ്ഞു. അതൊരു സിനിമയാകുമെന്നോ, ഒട്ടേറെ പേർ കാണുമെന്നോ കരുതിയിരുന്നില്ല. ജീവിത പ്രതിസന്ധി നേരിടുന്നവർക്ക് അതു തരണം ചെയ്യാൻ ചിത്രം പ്രചോദനമാകുന്നതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.​ നാട്ടിൽ പോയി അച്ഛനോടൊപ്പം സിനിമ കാണണമെന്ന ആഗ്രഹം സാധിക്കാത്തതിനൽ ഗ്രിഗറിക്ക് നേരിയ നിരാശയുമുണ്ട്. പൂർണമായും യുഎഇയിൽ ചിത്രീകരിച്ച ചിത്രമാണ് ജേക്കബിൻെറ സ്വർഗരാജ്യം.