കൊച്ചി പഴയ കൊച്ചിയല്ല; ഫുക്രി ട്രെയിലർ

ജയസൂര്യയും സിദ്ദിഖും ആദ്യമായി ഒന്നിക്കുന്ന ഫുക്രിയുടെ ട്രെയിലർ പുറത്തിറങ്ങി. പ്രണയവും നർമനിമിഷങ്ങളും കോർത്തിണക്കി രസകരമായ ട്രെയിലറാണ് അണിയറപ്രവർത്തകർ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.‌‌ പുറത്തുവന്നു മണിക്കൂറുകൾക്കകം സോഷ്യൽമീഡിയയിൽ തരംഗമാകുകയും ചെയ്തു. യൂട്യൂബ് ട്രെൻഡിങ് വിഡിയോസിൽ മുൻനിരയിൽ ടീസർ ഉണ്ടായിരുന്നു.

ഓരോ ചിത്രങ്ങളിലും വ്യത്യസ്തരൂപഭാവങ്ങളിൽ എത്തുന്ന ജയസൂര്യയുടെ മറ്റൊരു വ്യത്യസ്തവേഷമാകും ഫുക്രി. കോമഡിയ്ക്ക് പ്രധാന്യം നൽകിയ ഒരുക്കിയിരിക്കുന്ന ഫുക്രി ജയസൂര്യയുടെ കരിയറിലെ ചിലവേറിയ ചിത്രം കൂടിയാണ്. ജയസൂര്യയുടെ സ്റ്റൈലിഷ് ലുക്ക് ആണ് മറ്റൊരു ആകർഷണം.

ലാല്‍, സിദ്ദീഖ്, ഭഗത് മാനുവല്‍, ജോജു, ജനാര്‍ദ്ദനന്‍, നിയാസ് ബക്കര്‍, നിര്‍മ്മല്‍ പാലാഴി, ജോണ്‍ കൈപ്പിള്ളില്‍, കെ.പി.എ.സി. ലളിത, തെസ്നിഖാന്‍, സീമാ ജി. നായര്‍, ശ്രീലത നമ്പൂതിരി തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രയാഗ മാര്‍ട്ടിനും അനുസിത്താരയുമാണ് നായികമാര്‍.

ഭാസ്‌കര്‍ ദ റാസ്‌കലിന് ശേഷം സിദ്ദീഖ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമ കൂടിയാണ് ഫുക്രി. സിദ്ധിക്കിനും ജെന്‍സോ ജോസിനും പങ്കാളിത്തമുള്ള എസ്-ടാക്കീസും വൈശാഖ രാജനും ചേര്‍ന്നാണ് ഫുക്രി നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം വിജയ് ഉലകനാഥ്. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.