മഞ്ജുവിന്റെ ഡാൻസ് കണ്ട അമല: ഹൗ ഗോൾഡ് ആർ യു !

ഹൗ ഓൾഡ് ആർ യുവിലെ നിരുപമ എന്ന കഥാപാത്രത്തിനു ശേഷം മൂന്നു ചിത്രങ്ങൾ വന്നെങ്കിലും അത്രയും പ്രഭാവമുള്ള മറ്റൊരു കഥാപാത്രം പിന്നീടു മഞ്ജുവിനെ തേടിയെത്തിയിരുന്നില്ല. സൈറ ബാനുവിലൂടെ അതു നികത്താമെന്ന പ്രതീക്ഷയിലാണു മഞ്ജു വാരിയർ. ആദ്യമായി മുസ്‌ലിം കഥാപാത്രത്തെ മഞ്ജു സ്ക്രീനിൽ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പുതിയ ചിത്രത്തെക്കുറിച്ചു മഞ്ജു...

∙ പുതിയ സംവിധായകൻ

ഒന്നര വർഷം മുൻപാണു ആന്റണി സോണി ഈ കഥ പറയുന്നത്. റോഷൻ ആൻഡ്രൂസിന്റെ ശിഷ്യനാണ് ആന്റണി. ആന്റണിയും തിരക്കഥാകൃത്തായ ഷാനും ചേർന്നെടുത്ത മൂന്നാമിടം എന്ന ഷോർട്ട് ഫിലിം എന്നെ കാണിച്ചിരുന്നു. കഥ പറഞ്ഞപ്പോൾ ഏറെ ഇഷ്ടമായി. സൈറ ബാനുവിന്റെ ജീവിതവുമായി പെട്ടെന്നു നമ്മൾക്കു റിലേറ്റ് ചെയ്യാൻ പറ്റും. സൈറ ബാനു പോസ്റ്റ് വുമണാണ്. നമ്മുടെ ജീവിത പരിസരങ്ങളിലുള്ള കഥാപാത്രമാണ്.

∙ സൈറാബാനു

അൽപം കുസൃതി നിറഞ്ഞ കഥാപാത്രമാണ് സൈറ ബാനുവിന്റേത്. അവർക്കൊരു മകനുണ്ട് ജോഷ്വാ പീറ്റർ (ഷെയ്ൻ നിഗം). പേരുകൊണ്ടു മകനാകില്ലെങ്കിലും മകൻ തന്നെയാണ്. കഥയിൽ അപ്രതീക്ഷിതമായ ഒട്ടേറെ കാര്യങ്ങളുണ്ട്. സിനിമ മുഴുവനും അത്തരമൊരു എക്സൈറ്റ്മെന്റ് നിലനിർത്തിയാണു ചിത്രം മുന്നേറുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമയാകും സൈറ ബാനുവെന്ന് ഉറപ്പുണ്ട്.

∙ ഒരിടവേളയ്ക്കു ശേഷമാണു മഞ്ജുവിന്റെ ചിത്രം ?

അതേ, ഒരു വർഷത്തോളമാകുന്നു. നല്ല കഥയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു.

∙ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണവും പ്രേക്ഷകരുടെ അമിത പ്രതീക്ഷകളും ഭാരമാകുന്നുണ്ടോ?

േപ്രക്ഷകരുടെ പ്രതീക്ഷ വലിയ ഉത്തരവാദിത്തമാണ്. പ്രേക്ഷകർ എല്ലാവരിൽനിന്നും അങ്ങനെ പ്രതീക്ഷിക്കുന്നില്ല. ഭാരമായിട്ടല്ല, വലിയ ഭാഗ്യമായാണു അതിനെ ഞാൻ കാണുന്നത്. അവരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിയുന്ന കഥാപാത്രങ്ങളും കഥകളുമാണു തിരഞ്ഞെടുക്കാൻ ശ്രമിക്കുന്നത്.

∙ അഡ്വ. ആനി ജോണും സൈറ ബാനുവും ഒപ്പത്തിനൊപ്പം നിൽക്കുമോ?

ആദ്യം വക്കീലിന്റെ വേഷം പുരുഷ കഥാപാത്രമായാണു എഴുതിയത്. പിന്നീടാണു സ്ത്രീ കഥാപാത്രമാക്കി മാറ്റിയത്. അത്രമാത്രം പ്രാധാന്യമുള്ള വേഷമാണ് അല്ലെങ്കിൽ അമല മാഡം 25 വർഷത്തിനു ശേഷം മലയാളത്തിൽ സിനിമ ചെയ്യാൻ തീരുമാനിക്കില്ല. അപ്രതീക്ഷതമായാണു സൈറ ബാനുവിന്റെ ജീവിതത്തിലേക്കു ആനി ജോൺ കടന്നു വരുന്നത്. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണു സിനിമയെ മുന്നോട്ടു നയിക്കുന്നത്.

∙ പുതിയ ചിത്രങ്ങൾ?

ബി. ഉണ്ണിക്കൃഷ്ണൻ-മോഹൻലാൽ ചിത്രം വില്ലനിൽ അഭിനയിക്കുന്നു. തമിഴ് സിനിമയുടെ കഥ കേൾക്കുന്നു. അനൗൺസ് ചെയ്യാറായിട്ടില്ല.

∙ ആറാം തമ്പുരാനിലെ ഉണ്ണിമായ പോലെയുള്ള കഥാപാത്രങ്ങൾ?

അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ സന്തോഷമേയുള്ളു. അതുപോലെയുള്ള കഥകൾ വരുമ്പോൾ തീർച്ചയായും ചെയ്യും.

മഞ്ജുവിന്റെ ഡാൻസ് കണ്ട അമല: ഹൗ ഗോൾഡ് ആർ യു !

ഷൂട്ടിനായി 20 ദിവസത്തോളം കേരളത്തിലുണ്ടായിരുന്നു. രാവിലെ നടക്കാൻ പോകും. വൈകിട്ട് മൾട്ടിപ്ലക്സിൽ പോയി സിനിമ കാണും. അങ്ങനെയായിരുന്നു കേരളത്തിലെ ജീവിതം. അങ്കമാലി ഡയറീസും മെക്സിക്കൻ അപാരതയുമാണ് അവസാനം കണ്ടത്. ഇനി കെയർ ഓഫ് സൈറ ബാനുവും തിയറ്ററിൽ കാണണം – മലയാള സിനിമയിലേക്ക് കാൽനൂറ്റാണ്ടിനു ശേഷം തിരിച്ചെത്തിയതിനെപ്പറ്റി അമല പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്.

ഈ സിനിമ എന്നെ തേടി വന്നതാണ്. വിവാഹ ശേഷം ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നടത്തിപ്പും ബിസിനസും മറ്റുമായി തിരക്കിലായിരുന്നു. ഫാസിൽ സാർ ഇടയ്ക്കു നല്ല വേഷമുണ്ടെന്നും സിനിമ ചെയ്യണമെന്നു പറഞ്ഞു വിളിക്കുമായിരുന്നു. വരാൻ സാഹചര്യം ഇല്ലായിരുന്നു.

∙സൈറാ ബാനുവിലെ വേഷം

സംവിധായകൻ ആന്റണി സോണിയാണു ഹൈദരാബാദിൽ വന്നു കഥ പറഞ്ഞത്. മഞ്ജു വാരിയരുടെ ഹൗ ഓൾഡ് ആർ യു ഞാൻ കണ്ടിരുന്നു. മഞ്ജുവിന്റെ നൃത്തത്തെക്കുറിച്ചും സിനിമകളെക്കുറിച്ചും കേട്ടപ്പോൾ ഈ വേഷം വേണ്ടെന്നു വയ്ക്കാൻ കഴിഞ്ഞില്ല.

∙അഡ്വ. ആനി ജോൺ തറവാടി

വക്കീലിന്റെ േവഷമാണെന്നു പറഞ്ഞപ്പോൾ ആദ്യം ഞാൻ മടിച്ചതാണ്. കാരണം നീളമുള്ള ഡയലോഗുകളായിരിക്കും കൂടുതൽ. എന്നെ മലയാളം പഠിപ്പിക്കാൻ സൗമ്യ എന്ന അസിസ്റ്റന്റ് ഡയറക്ടറെ തന്നു. സ്കൈപ്പിലൂടെ രാവിലെ അഞ്ചു മുതൽ ഏഴു വരെയായിരുന്നു ക്ലാസ്. അതോടെ ധൈര്യമായി.

∙മൃഗസംരക്ഷണ പ്രവർത്തകയാണല്ലോ അമല. കേരളത്തിലെ തെരുവുനായ ശല്യത്തെക്കുറിച്ച് എന്താണ് തോന്നിയിട്ടുള്ളത് ?

മാലിന്യം എവിടെയുണ്ടെങ്കിലും തെരുവുനായ്ക്കൾ വരും. ഹൈദരാബാദിൽ സമാനമായ പ്രശ്നമുണ്ടായിരുന്നു. തെരുവുനായ്ക്കളെ കൂട്ടമായി കൊന്നു. എന്നിട്ടും മാറ്റമുണ്ടായില്ല. ഇപ്പോൾ അവിടെ നഗരത്തിൽ അഞ്ചു വന്ധ്യംകരണ യൂണിറ്റുകളുണ്ട്. കൂടാതെ മാലിന്യനീക്കവും കൃത്യമായി നടക്കുന്നു.യഥാർഥ കാരണം കണ്ടെത്തി പരിഹരിക്കാതെ നായ്ക്കളെ കൊന്നിട്ടു കാര്യമില്ല.