നിവിനൊപ്പം ഫോട്ടോ: വിശദീകരണവുമായി ഐപിഎസ് ട്രെയ്നി

നിവിന്‍ പോളിക്കൊപ്പം മെറിന്‍

നിവിൻ പോളിയോടൊപ്പം ചിത്രമെടുത്തതിൽ വിശദീകരണവുമായി വനിതാ ഐപിഎസ് ട്രെയ്നി മെറിൻ‍ ജോസഫ്. കഴമ്പില്ലാത്ത വിഷയങ്ങളിൽ പ്രതികരിക്കാനില്ലാത്തതു കൊണ്ടാണ് ഇതുവരെ സംഭവത്തെക്കുറിച്ചു വിശദീകരിക്കാഞ്ഞതെന്നു ഫെയ്സ്ബുക്ക് പോസ്റ്റിൽ മെറിൻ പറയുന്നു.

ഇനിയും വിശദീകരണം ആവശ്യമുള്ളവർക്കു വേണ്ടിയാണ് ഈ കുറിപ്പെഴുതുന്നതെന്നു പറയുന്ന മെറിന്റെ വാക്കുകൾ ഇങ്ങനെ: നിവിൻ പോളിയോട് ഒപ്പമുള്ള ഫോട്ടോ ഹൈബി ഈഡൻ എംഎൽഎയെ കൊണ്ട് എടുപ്പിച്ചത് അദ്ദേഹത്തോടു സമ്മതം വാങ്ങിയ ശേഷമാണ്. ആ സമയത്തു താൻ ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നില്ല. അതിഥിയായി പങ്കെടുത്ത തനിക്കു പ്രതിജ്ഞ ചൊല്ലിക്കൊടുക്കുക മാത്രമായിരുന്നു അവിടെ ചെയ്യാനുണ്ടായിരുന്നത്. ആ ജോലിയും കഴിഞ്ഞിരുന്നു. സമ്മാന വിതരണത്തിനായി സംഘാടകർ വേദിയൊരുക്കുന്നതിനിടെയുള്ള സമയത്താണു ഫോട്ടോയെടുത്തത്. ആഭ്യന്തരമന്ത്രി ആ സമയം വേദി വിട്ടിരുന്നു.

ഇത്രയും ഒഴിവുസമയം കിട്ടുമ്പോൾ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്. സ്റ്റേജിൽ നിന്നു ചാടണമായിരുന്നോ? അതോ അറ്റൻഷനായി നിന്നു സദസിലുള്ളവരെ സല്യൂട്ട് ചെയ്യണമായിരുന്നോ? അതോ സ്‌റ്റേജിൽ സീറ്റ് പോകാതെ അവിടെ പോയി ഇരിക്കണമായിരുന്നോ? ഡ്യൂട്ടിയെ ധിക്കരിക്കുകയാണെന്നു പറയുന്നവരോടു വെറുതെയിരിക്കുമ്പോൾ ഫോട്ടോ അപ്‌ലോഡ് ചെയ്യരുതെന്ന് ഏതു നിയമത്തിലാണു പറഞ്ഞിട്ടുള്ളതെന്നും മെറിൻ ജോസഫ് ചോദിക്കുന്നു.