നിവിൻ പോളിക്ക് നന്ദി പറഞ്ഞ് നാഗചൈതന്യ

മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പ് റിലീസിനൊരുങ്ങുകയാണ്. പ്രേമം എന്നു തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയുടെ വേഷത്തിലെത്തുന്നത് നാഗചൈതന്യയാണ്. പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ഹൈദരാബാദിൽവച്ച് നടന്നിരുന്നു.

ഓഡിയോ ലോഞ്ചിന് എല്ലാ ആശംസകളും നേർന്ന് നിവിൻ ട്വീറ്റ് ചെയ്തിരുന്നു. നിവിന്റെ ട്വീറ്റിന് മറുപടിയുമായി നാഗചൈതന്യയും നന്ദി പറഞ്ഞെത്തി. താങ്കളുടെ സിനിമകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ടെന്നും നിവിൻ ചെയ്യുന്ന വേഷങ്ങൾ തന്നെ പ്രചോദനം ചെയ്യാറുണ്ടെന്നും നാഗചൈതന്യ കൂട്ടിച്ചേർത്തു.

ചന്തൂ മൊണ്ടേട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരോടൊപ്പം മലയാളികള്‍ നെഞ്ചിലേറ്റിയ കഥാപാത്രമായ മലര്‍ ആയി ശ്രുതി ഹാസനാണ് എത്തുന്നത്. ചിത്രം ഈ മാസം അവസാനം തിയറ്ററുകളിലെത്തും.