ഇതെന്റെ സ്വപ്നസിനിമ; മൂത്തോനെക്കുറിച്ച് നിവിൻ

നിവിൻ പോളിയുടെ കരിയറിലെ വേറിട്ട കഥാപാത്രവുമായാണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോൻ വരുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററിൽ തന്നെ തല മൊട്ടയടിച്ച് പരുക്കൻ ഗെറ്റപ്പിലാണ് നിവിന്‍ പ്രത്യക്ഷപ്പെടുന്നത്. ആക്​ഷനും വയലൻസും നിറഞ്ഞതാകും സിനിമയെന്നും ഫസ്റ്റ്ലുക്ക് സൂചിപ്പിക്കുന്നു.

രാജ്യാന്തര തലത്തിൽ പ്രശസ്തമായ സുഡാൻസ് ഫിലിം ഫെസ്റ്റിവലില്‍ സ്ക്രീൻ റൈറ്റേഴ്സ് ലാബ് 2015ൽ തിരഞ്ഞെടുത്ത ആദ്യ മലയാളസിനിമ കൂടിയാണ് മൂത്തോൻ. ഇന്ത്യ ഒട്ടാകെയുള്ള തിരക്കഥാകൃത്തുകൾക്കായി സംഘടിച്ച സ്ക്രീൻ റൈറ്റേഴ്സ് ലാബിൽ പങ്കെടുത്തവരിൽ നിന്നും ഏഴു തിരക്കഥാകൃത്തുകളെയാണ് ഏറ്റവും മികച്ച പട്ടികയിൽ തിരഞ്ഞെടുത്തത്. മാത്രമല്ല ഇതിൽ ഗ്ലോബൽ ഫിലിംമേക്കിങ് പുരസ്കാരവും ഇതേ തിരക്കഥയ്ക്കായി ഗീതുവിന് ലഭിക്കുകയുണ്ടായി.

മൂത്തോൻ തന്റെ സ്വപ്നസിനിമയാണെന്ന് നിവിൻ പോളി പറയുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടീം ആണ് സിനിമയുടേതെന്നും നിവിൻ പറഞ്ഞു.

‘ഈ സിനിമയിൽ ഭാഗമാകാൻ സാധിച്ചതിൽ വളരെ സന്തോഷം. അവരുടെ പ്രതീക്ഷയും ഗുണവും ആ കഥാപാത്രത്തിൽ കാണിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ വെല്ലുവിളി. ഭാഷാപരമായും രണ്ടു രീതിയിലാണ് സിനിമ. ഹിന്ദിയിലും ലക്ഷദ്വീപ് ഭാഷയിലും സംസാരിക്കേണ്ടി വരും. അതുകൊണ്ടുതന്നെ സിനിമയ്ക്കായി വലിയ മുന്നൊരുക്കങ്ങൾ ആവശ്യമാണ്. ഞാൻ ആവേശത്തിലാണ്.’ നിവിൻ പറഞ്ഞു.

കഥ എഴുതുമ്പോൾ തന്നെ നിവിൻപോളിയെയാണ് മനസ്സിൽ കണ്ടതെന്ന് ഗീതു മോഹൻദാസ് പറയുന്നു. ‘ആ കഥാപാത്രത്തിന് യോജിച്ച ആൾ എന്ന രീതിയിലാണ് നിവിനെ കാസ്റ്റ് ചെയ്തത്. വ്യത്യസ്തമായ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് നിവിൻ. എനിക്കും ക്ലീഷേ കാസ്റ്റിങ്ങ് ആകരുതെ വിചാരമുണ്ടായിരുന്നു. കഥ നിവിനും ഇഷ്ടമായി. ഫസ്റ്റ്ലുക്ക് പോസ്റ്റിനോട് പ്രേക്ഷകർ പോസിറ്റീവായി പ്രതികരിക്കുന്നതിലും സന്തോഷമുണ്ട്. ’ഗീതു പറഞ്ഞു.

ലക്ഷദ്വീപില്‍ ജനിച്ചുവളര്‍ന്ന 14 വയസ്സുകാരന്‍ അവന്റെ മുതിര്‍ന്ന സഹോദരനെ തേടിയിറങ്ങുന്ന യാത്രയാണ് മൂത്തോൻ. ലക്ഷദ്വീപിലും മുംബൈയിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം. ഈ വര്‍ഷം ഏപ്രിലില്‍ ഷൂട്ടിംഗ് തുടങ്ങും. 2018ല്‍ റിലീസ് ചെയ്യുന്ന ചിത്രമാണ്.