നിവിന്‍ ശതകോടിപതി

ഒരു പടിഞ്ഞാറൻ കാറ്റ് വീടിന്റെ ഉമ്മറത്തെത്തി ഒന്നു ചിരിച്ച് അകത്തേക്കു വന്നു തണുപ്പു പകർന്നു പോകുന്നതുപോലെ അത്ര എളുപ്പത്തിൽ ആയിരുന്നു നിവിൻ പോളിയുടെ വരവ്. മലയാള സിനിമാ വ്യവസായത്തിലെ ഏറ്റവും പ്രതീക്ഷാഭരിതമായ കലക്‌ഷൻ റെക്കോർഡാണ് നിവിൻപോളിയുടെ സിനിമകൾ നേടിയിരിക്കുന്നത്. തട്ടത്തിൻ മറയത്ത്, നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡെയ്സ്, വടക്കൻ സെൽഫി, ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന പ്രേമം എന്നീ ഏഴു സിനിമകൾ മാത്രം തിയറ്ററിൽനിന്നു നേടിയത് 100 കോടിയിലേറെ രൂപയാണ്.

ഇവയുടെ ടെലിവിഷൻ സംപ്രേക്ഷണാവകാശം വഴി ലഭിച്ച തുക കൂട്ടാതെയാണിത്. താരകേന്ദ്രീകൃതമായ മലയാള സിനിമയിൽ ഒരു യുവനടൻ സ്വന്തമാക്കിയ നേട്ടം അവിശ്വസനീയം. മീശ മാധവനുശേഷം ദിലീപ് സൂപ്പർ സ്റ്റാർ പദവിയിലേക്കു യാത്ര ചെയ്തതുപോലൊരു വിജയമാണ് നിവിൻപോളി ഇപ്പോൾ നേടിയിരിക്കുന്നത്.

നിവിൻപോളിയുടെ യാത്ര 24 സിനിമ പിന്നിട്ടിരിക്കുന്നു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ‘ആക്‌ഷൻ ഹീറോ ബിജു’വാണ് ചിത്രീകരണം നടക്കുന്ന ഇരുപത്തഞ്ചാമത്തെ ചിത്രം. കഥാപാത്രങ്ങൾ ലംബോർഗിനിയിൽ കയറാതെ സൈക്കിളിൽ യാത്ര ചെയ്യുകയും ഡോൺ ആകാൻ പോകാതെ മുണ്ടുമാടിക്കുത്തി നടക്കുകയും ചെയ്തപ്പോൾ നിവിനു തങ്ങളിലൊരുവൻ എന്ന ജനകീയ പ്രതിഛായ ലഭിച്ചു.‘അഞ്ചാം ക്ലാസ് ബി ഡിവിഷനിലെ മഞ്ജുള ശശിധരൻ എന്റെ ജീവിതത്തിലേക്കു കടന്നു വന്നതു മഴവില്ലിന്റെ തുണ്ടൊടിഞ്ഞതുപോലെയാണെന്ന്’ 1983ലെ രമേശൻ പറയുമ്പോൾ പ്രേക്ഷകൻ അനുഭവിച്ച ‘ഫീൽ’ സിനിമ കാത്തിരുന്ന റൊമാന്റിസത്തിന്റെ തീക്കനലുകളാണ്. ‘ഓളാ തട്ടമിട്ടു കണ്ടാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല എന്റെ സാറേ...’ എന്നു തട്ടത്തിൻ മറയത്തെ വിനോദ് പറയുമ്പോഴും പ്രണയത്തിരയുടെ തീക്കാറ്റുലയും.

‘‘പ്രണയ നായകൻ എന്ന ടാഗ് നല്ലതു തന്നെയല്ലേ? ഞാനത് ആസ്വദിക്കുന്നു. നിന്റെ നായകൻമാർക്കു പ്രണയപരാജയങ്ങളാണല്ലോ കൂടുതലുമെന്നു കൂട്ടുകാർ ചോദിക്കാറുണ്ട്. സത്യത്തിൽ ജീവിതത്തിലും അതല്ലേ സംഭവിക്കുന്നത്. ജീവിതത്തിൽ വിജയിച്ചവരെക്കാൾ പരാജയപ്പെട്ടവരാകും കൂടുതൽ. പ്രണയത്തിന്റെ കാര്യത്തിലും അത് അങ്ങനെതന്നെയാണ്. പരാജയപ്പെട്ടവരോടു നമുക്ക് ഒരു ഐക്യദാർഢ്യമുണ്ടാകില്ലേ? - പുതിയ സിനിമയായ ‘പ്രേമം’ എറണാകുളത്തെ പത്മ തിയറ്ററിൽ സെക്കൻഡ് ഷോ കാണാൻ ഫോർട്ടുകൊച്ചിയിലെ സെറ്റിൽനിന്നുള്ള യാത്രയിൽ നിവിൻ പറഞ്ഞു. കയ്യിലെ ഫോണിൽ മിസ്കോളുകൾ കൂട്ടിയിടിച്ചു വീഴുന്നു. ഇടയ്ക്കെപ്പോഴോ വാട്സ്ആപ്പിലൊന്നു പരതിയപ്പോൾ പുതിയ മെസേജ് - ‘പ്രേമത്തിനു കണ്ണും മൂക്കുമില്ലെന്നു പറയാറുണ്ട്. ഇപ്പോൾ പ്രേമത്തിനു ടിക്കറ്റുമില്ലത്രെ’. പുതിയ സിനിമയുടെ വിജയസന്ദേശം.

ഒന്നു മീശ വടിച്ചാൽ സ്കൂൾ വിദ്യാർഥിയാകാം. ഒരു പൊടിക്കു മീശയായാൽ കോളജിലെത്തി. അൽപ്പം താടിവച്ചാൽ പക്വതയായി. ചമയങ്ങളില്ലാതെ കാലത്തിനു പിന്നോട്ടും മുന്നോട്ടുമോടാനുള്ള നിവിൻപോളിയുടെ അനായാസമായ ശരീരഭാഷ മിക്ക കഥാപാത്രങ്ങളിലും കാണാം.

‘‘ഈ പ്രായത്തിലേ നമുക്കിതൊക്കെ പറ്റൂ. കുറച്ചു കഴിഞ്ഞു കോളജ് വിദ്യാർഥിയായി അഭിനയിക്കണമെന്നു തോന്നിയാൽ പറ്റുമോ? ’’- നിവിൻ പറയുന്നു. സിനിമയിലെത്താൻ കോടമ്പാക്കത്തെ പൈപ്പുവെള്ളം കുടിച്ചിട്ടില്ലെങ്കിലും ആലുവാപ്പുഴയുടെ തീരത്ത് ഒരുപാടു കല്ലുകൾ പെറുക്കി എറിഞ്ഞ് ഇരുന്നിട്ടുണ്ട് നിവിനും കൂട്ടുകാരും. ‘മലർവാടി ആർട്സ് ക്ലബി’ലേക്കു പുതുമുഖങ്ങളെ ക്ഷണിച്ചപ്പോൾ താടിയും മുടിയും വച്ച ഫോട്ടോ അയയ്ക്കാൻ മുൻകയ്യെടുത്തത് അൽഫോൻസ് പുത്രനാണ്. എൻജിനീയറിങ് കഴിഞ്ഞ് ഇൻഫോസിസിൽ ജോലി കിട്ടി മൈസൂരിലെ ക്യാംപസിലെത്തിയ നിവിൻ മൂന്നാം ദിവസം അച്ഛനോടു പറഞ്ഞു - ‘ഞാൻ ജോലി രാജിവയ്ക്കുകയാണ്. ഈ ജോലി എനിക്കു പറ്റില്ല’.

അച്ഛൻ ക്ഷുഭിതനായില്ല. സാമ്പത്തികമാന്ദ്യം രൂക്ഷമായ കാലത്തു കിട്ടിയ ജോലിയാണ്, വലിച്ചെറിയരുത് എന്നു മാത്രം പറഞ്ഞു. ആ ഉപദേശത്തിൽ പിടിച്ചു രണ്ടുവർഷം അവിടെ തുടർന്നു. ഒടുവിൽ രാജി. പിന്നെയുള്ള രണ്ടുവർഷം നിവിൻപോളിയുടെ ജീവിതത്തിൽ ബ്ലാങ്ക് ആണ്. എവിടെ എങ്ങനെ എത്തിച്ചേരുമെന്നറിയാത്ത കാലം. നല്ലൊരു ജോലി വലിച്ചെറിഞ്ഞ ഒരു യുവാവിന്റെ ആദ്യ സിനിമയിലേക്കുള്ള ദൂരം. അപ്പോൾ അച്ഛൻ ജീവിതത്തിൽനിന്നു യാത്ര പറഞ്ഞുപോയി. കോളജിലെ കൂട്ടുകാരി റിന്ന ജീവിതസഖിയായി.

‘‘അൽഫോൻസ് (പ്രേമത്തിന്റെ സംവിധായകൻ) അന്നുമൊരു സംഭവമായിരുന്നു. ഒന്നുമായില്ലെങ്കിൽ അൽഫോൻസിന്റെ സിനിമയിലൂടെ മുഖം കാണിക്കാം എന്നായിരുന്നു പ്രതീക്ഷ. ‘നേരം’ ആദ്യം ഒരു ഷോർട്ട്ഫിലിമായാണു ചെയ്തത്. അത് യുട്യൂബിലിട്ട് ഹിറ്റായാൽ അവനൊരു പടം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ‘നേര’ത്തിനു മുൻപേ എനിക്ക് അവസരം ലഭിച്ചു.’’

ഒരുപാടു കഥകൾ കേട്ട്, ഒരുപാടു പ്ലാൻ ചെയ്തു മുന്നോട്ടു പോകാൻ നിവിനു താൽപര്യമില്ല. കുറച്ചു കഥകൾ കേട്ട്, ഒന്നോ രണ്ടോ സിനിമകൾക്കു പിന്നാലെ യാത്ര ചെയ്യണമെന്നേ ആഗ്രഹമുള്ളൂ. പ്രേമത്തിലെ പൂമ്പാറ്റയെ എല്ലായിടത്തും നിങ്ങൾക്കു കാണാനാകില്ല. അത് അതിനിഷ്ടമുള്ള ചില പൂക്കളിലും ഇലകളിലും മാത്രമേ ചെന്നിരിക്കുന്നുള്ളൂ.