നാൽപത് തവണ തിരക്കഥ തിരുത്തിയ നിവിൻ പോളി ചിത്രം

നേരത്തിൽ തുടങ്ങി പ്രേമത്തിലൂടെ തമിഴകത്തും തരംഗമായി മാറിയ നിവിൻ പോളി തമിഴ് ചിത്രത്തിൽ നായകനാകുന്നു. നവാഗതനായ ഗൗതം രാമചന്ദ്രനാണ് തിരക്കഥയും സംവിധാനവും.

ചിത്രത്തിന് വേണ്ടി നാൽപത് തവണ മാറ്റം വരുത്തിയതിന് ശേഷമാണ് തിരക്കഥ അവസാനഘട്ടത്തിൽ എത്തിച്ചതെന്ന് സംവിധായകന്‍ പറയുന്നു. ഉലിദവരു കണ്ടന്തെ എന്ന കന്നഡ ചിത്രമാണ് നിവിന്‍ പോളിയെ നായകനാക്കി ഗൗതം തമിഴിലേക്ക് മൊഴിമാറ്റുന്നത്.

മിഷ്‌കിന്റെ സഹസംവിധായകനായിരുന്നു ഗൗതം രാമചന്ദ്രന്‍. തിരക്കഥ പൂർത്തിയാക്കുന്ന ഓരോ ഘട്ടത്തിലും നിവിന്‍ പോളിയുടെ സഹകരണവും പിന്തുണയും ലഭിച്ചിരുന്നു‍. പലദിവസങ്ങളിലും രാവിലെ മുതൽ വൈകീട്ട് വരെ ചിത്രത്തിനായി നിവിൻ സമയം ചെലവഴിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ അർപണബോധം കണ്ട് അത്ഭുതപ്പെട്ടെന്നും സംവിധായകൻ പറയുന്നു.

പാണ്ഡി കുമാറാണ് ക്യാമറ. അജനീഷ് ലോകനാഥാണ് സംഗീതം. മെയ് പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. നആനന്ദ് കുമാര്‍, വിനോദ് ഷൊര്‍ണൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിർമാണം.