'പ്രേമം' കൈലിയുടുത്തു; വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍

ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ പ്രേമം സിനിമയിലേതുപോലെ കറുത്ത ചൈനാ കോളര്‍ ഷര്‍ട്ടും കൈലി മുണ്ടുമുടുത്ത് ന്യൂമാന്‍ കോളജിലെത്തിയ അന്‍പതോളം വിദ്യാര്‍ഥികള്‍ക്കു സസ്പെന്‍ഷന്‍. യൂണിഫോമില്ലാതെ കോളജിലെത്തിയതിനാണ് ബിഎ, ബികോം ക്ളാസുകളിലെ സീനിയര്‍ വിദ്യാര്‍ഥികളായ അന്‍പതോളം പേര്‍ക്കെതിരെ നടപടിയെടുത്തത്.

ഇന്നലെ ഒന്‍പതരയോടെയാണ് ചുവപ്പും പച്ചയും നിറങ്ങളിലുള്ള കൈലിമുണ്ടും ധരിച്ചു സീനിയര്‍ വിദ്യാര്‍ഥികള്‍ ക്ളാസിലെത്തിയത്. മിക്കവരും പ്രേമം സ്റ്റൈലില്‍ താടിയും വളര്‍ത്തിയിരുന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കു യൂണിഫോം കിട്ടിയിട്ടില്ലെന്നതിനാല്‍ അധ്യാപകര്‍ക്കും അവരെ ആദ്യം തിരിച്ചറിയാനായില്ല.

കോളജിലെത്തിയ പ്രേമക്കാര്‍ നേരെ ക്ളാസില്‍ കയറിയിരുന്നു. കൊച്ചുപിള്ളാര്‍ക്കിടയില്‍ താടിമീശക്കാരെ കണ്ടപ്പോള്‍ മാത്രമാണു ടീച്ചര്‍മാര്‍ക്ക് ടെക്നിക് പിടികിട്ടിയത്. യൂണിഫോം ഇടാത്തവരെയെല്ലാം പ്രിന്‍സിപ്പല്‍ ക്യാംപസില്‍നിന്നു പുറത്താക്കി. കഴിഞ്ഞ വര്‍ഷവും ഫ്രെഷേഴ്സ് ഡേയില്‍ യൂണിഫോമില്ലാതെയാണു വന്നതെങ്കിലും എല്ലാവരെയും ക്ളാസില്‍ കയറ്റിയെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍, കോളജില്‍ വരുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും യൂണിഫോം ധരിച്ചിരിക്കണമെന്നും കോളജ് നിയമങ്ങള്‍ പാലിക്കണമെന്നും പ്രിന്‍സിപ്പല്‍ ടി.എം. ജോസഫ് പറഞ്ഞു. യൂണിഫോം ധരിക്കാത്ത കുട്ടികളെ ഏതു ദിവസമാണെങ്കിലും ഒരുകാരണവശാലും ക്ളാസിലിരുത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.