പ്രേമത്തില്‍ അലിഞ്ഞ് വിനീതും ജൂഡും

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കിയ പ്രേമം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സിനിമാരംഗത്തുള്ളവരും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തി. അല്‍ഫോന്‍സ് തന്നെ അത്ഭുതപ്പെടുത്തിയെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍ പറഞ്ഞു. നിവിന്‍റെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്നും സിനിമയില്‍ അഭിനയിച്ച എല്ലാതാരങ്ങളുടെയും അഭിനയം ഒന്നിനൊന്ന് മെച്ചമായിരുന്നെന്നും വിനീത് പറഞ്ഞു.

പ്രേമം തകര്‍ത്തു. ഒരുപാട് സന്തോഷമുണ്ട്. ദൈവത്തിന്‍റെ അനുഗ്രഹം നിവിനൊപ്പമുണ്ട്. നിവിനില്‍ അഭിമാനിക്കുന്നു. വിനീത് പറയുന്നു.

ജൂ‍ഡ് ആന്‍റണിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം- കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് , ആലുവയില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ സിനിമ സ്വപ്നം കാണുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതറിഞ്ഞ് അവരുടെ അടുത്ത് കൂടി, അവരില്‍ ഒരാളാകാന്‍ കൊതിച്ചു. അവരുടെ നേതാവും എന്‍റെ സഹപാഠിയുമായ അല്‍ഫോസിനോട് ചോദിച്ചു." ഞാന്‍ ഡയറക്ടര്‍ ആകുമോ അളിയാ" അന്നവന്‍ തന്ന പ്രചോദനത്തില്‍‍ ആവേശം കൊണ്ട് ഒറ്റ ഓട്ടമായിരുന്നു. അന്നും ഇന്നും ആ ടീമിന്‍റെ ഭാഗമാകുക എന്നതാണ് എന്‍റെ സ്വപ്നം. ഇത് വായിക്കുന്നവര്‍ ജീവിതത്തില്‍ എന്തെകിലും ആകണം എന്നാഗ്രഹിക്കുന്നവരാണെങ്കില്‍ എനിക്ക് പറയാന്‍ ഇവരുടെ കഥയാണ്.

പ്രേമം ഒരു സിനിമ മാത്രമല്ല. ഒരുമിച്ച് സ്വപ്നം കണ്ടവര്‍ ഒരുമിച്ച് വിജയിക്കുന്ന പച്ചയായ ജീവിതത്തിന്‍റെ നേര്‍കാഴ്ച. നിവിന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ ജനിച്ചു കഴിഞ്ഞു. "അല്‍ഫോന്‍സ് എന്ന ഫിലിം മേക്കറിലേക്കുള്ള ദൂരമാണ് എനിക്ക് സിനിമ". ജൂഡ് പറഞ്ഞു.