ചെന്നൈയിൽ ‘പ്രേമം’ പടരുന്നു; നാളെ മുതല്‍ മറ്റൊരു തിയേറ്ററില്‍ കൂടി

പ്രേമം പോസ്റ്റർ

മലയാളത്തിൽ തരംഗമായി മാറിയ പ്രേമം സിനിമ തമിഴ്നാട്ടിലും ആളിപ്പടരുകയാണ്. അൽഫോൻസ് സംവിധാനം ചെയ്ത് നിവിൻ പോളി നായകനായി എത്തിയ ചിത്രം ചെന്നൈ എസ്‌കേപ്പ് തിയറ്ററിൽ 250ാം ദിനത്തോട് അടുക്കുകയാണ്. ചിത്രത്തിന് ലഭിച്ച മികച്ച സ്വീകാര്യതയിൽ ചെന്നൈയിലെ തന്നെ മറ്റൊരു മൾട്ടിപ്ലക്സ് തിയറ്ററിൽ കൂടി സിനിമ പ്രദർശിപ്പിക്കുന്നു.

ചെന്നൈ കാനത്തൂരിലുള്ള മായാജാല്‍ മള്‍ട്ടിപ്ലക്‌സിലാണ് നാളെ മുതല്‍ ചിത്രം പുന:പ്രദര്‍ശനത്തിനെത്തുക. തമിഴ്നാട്ടിൽ തന്നെ ചില ചിത്രങ്ങൾ തിയറ്ററുകളിൽ 25 ദിവസം പിന്നിടാൻ കഷ്ടപ്പെടുന്ന സമയത്താണ് ഒരു മലയാളചിത്രം 250 ദിവസം പിന്നിടാൻ പോകുന്നത്.

നേരത്തെ എസ്കേപ്പ് തിയറ്ററിൽ സിനിമയുടെ പ്രദർശനം നിർത്തിവക്കാൻ ആലോചിച്ചിരുന്നെങ്കിലും പിന്നീട് ആ തീരുമാനം മാറ്റിയിരുന്നു. മലയാളികള്‍ ഏറെ സന്തോഷത്തോടെ കാണേണ്ട മറ്റൊരു നേട്ടമാണ് പ്രേമത്തിനുണ്ടായിരിക്കുന്നത്.