പ്രേമം ഇന്ന് അവസാനിക്കും

തമിഴകത്തും ആളിപ്പടർന്ന മലയാളത്തിന്റെ പ്രേമത്തിന് ഇന്ന് അവസാനദിവസം. അൽഫോൻസ് സംവിധാനം ചെയ്ത് നിവിൻ പോളി നായകനായി എത്തിയ പ്രേമം സിനിമ തമിഴ്നാട്ടിലെ തിയറ്ററിൽ ഇന്ന് 230 ദിവസം പിന്നിട്ട ശേഷം ഇന്ന് അവസാനപ്രദർശനത്തിന് ഒരുങ്ങുകയാണ്. ചെന്നൈ എസ്‌കേപ്പ് തിയറ്ററിലെ പ്രേമം സിനിമയുടെ അവസാനപ്രദർശനമാണ് ഇന്ന് നടക്കുക.

തമിഴ്നാട്ടിൽ തന്നെ ചില ചിത്രങ്ങൾ തിയറ്ററുകളിൽ 25 ദിവസം പിന്നിടാൻ കഷ്ടപ്പെടുന്പോഴാണ് ഒരു മലയാളചിത്രം 230 ദിവസം പിന്നിടുന്നത്. ആറുമാസത്തിന് ശേഷം ഹൗസ്ഫുൾ ഷോയും തിരക്കുമായി മികച്ച പ്രതികരണമാണ് ആളുകൾക്കിടയിൽ നിന്ന് ലഭിച്ചത്.

പ്രേമത്തിന്റെ 222ാം ദിനം സിനിമ കാണാൻ നിവിൻ പോളിയും തിയറ്ററിൽ പ്രദർശനത്തിന് എത്തിയിരുന്നു. പ്രേമം പ്രദര്‍ശനത്തിന്റെ 100, 150, 200 ദിവസങ്ങളിലും ചെന്നൈ എസ്‌കേപ്പ് സിനിമാസ് വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു.

മലയാളികള്‍ ഏറെ സന്തോഷത്തോടെ കാണേണ്ട മറ്റൊരു നേട്ടമാണ് പ്രേമത്തിനുണ്ടായിരിക്കുന്നത്. അന്യഭാഷ സിനിമകൾ കേരളത്തിലെ തിയറ്റകളിൽ വൈഡ് റീലീസ് ചെയ്ത് മലയാളസിനിമകൾക്ക് തന്നെ പ്രതിസന്ധികൾ സൃഷ്ടിക്കുന്പോൾ പ്രേമം സിനിമയ്ക്ക് തമിഴ്നാട്ടിൽ കിട്ടുന്ന സ്വീകാര്യത ഒരു അംഗീകാരമാണ്.