പ്രേമം സിനിമ ചോർന്നത് സെൻസർ ബോർഡിൽ നിന്ന്: പ്രിയദർശൻ

പ്രേമം സിനിമയുടെ സിഡി ചോർന്നതു സെൻസർ ബോർഡ് ഓഫിസിൽ നിന്നാണെന്നും ഇക്കാര്യം ബോർഡ് ചെയർമാന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും സംവിധായകനും സിനിമയുടെ മിക്സിങ് നിർവഹിച്ച സ്റ്റുഡിയോയുടെ ഉടമയുമായ പ്രിയദർശൻ. ബോർഡ് ചെയർമാൻ തെഹ്‍ലാജ് നിഹലാനിയുമായി ഇക്കാര്യം സംസാരിച്ചപ്പോൾ, തിരുവനന്തപുരത്തു താൻ നേരിട്ടു വന്ന് അന്വേഷണം നടത്താമെന്ന് അദ്ദേഹം ഉറപ്പു നൽകിയെന്നും പ്രിയൻ അറിയിച്ചു.

വ്യാജ സിഡി കാണുമ്പോൾ അതിൽ സെൻസർ എന്ന വാട്ടർമാർക്ക് തെളിഞ്ഞുവരുന്നതു കാണാം. മിക്സിങ്ങിനു നൽകിയ പ്രിന്റായിരുന്നു ചോർന്നതെങ്കിൽ അതിൽ മിക്സിങ് എന്നു കാണുമായിരുന്നു. ഡബ്ബിങ് സമയത്തു ചോർന്നതായിരുന്നുവെങ്കിൽ ഡബ്ബിങ് എന്ന വാട്ടർമാർക്ക് തെളിഞ്ഞുവരും. സെൻസർ ബോർഡ് ഓഫിസിൽ നിന്നു പടം ചോർന്നതു ഗുരുതര സംഭവമാണ്. ഇതിനെതിരെ കർശന നടപടിയെടുത്തില്ലെങ്കിൽ കോടികൾ മുടക്കിയെടുക്കുന്ന സിനിമകൾ പുറത്ത് ആർക്കെങ്കിലും മറിച്ചുവിൽക്കുന്ന സാഹചര്യം നാളെ ഉണ്ടാകും. സിനിമാരംഗത്തെ പലരും വാസ്തവം അറിയാതെയാണു തന്നെ കുറ്റപ്പെടുത്തുന്നതെന്നും പ്രിയൻ പറഞ്ഞു.