പ്രേക്ഷകർ വാനരന്മാരല്ല: സായി പല്ലവി

സിനിമകളെ അന്ധമായി അനുകരിക്കാൻ പ്രേക്ഷകർ വാനരന്മാരല്ലെന്ന് പ്രേമം നായിക സായ്പല്ലവി. പ്രേമം അടക്കമുള്ള മലയാള സിനിമകൾ യുവാക്കളെ വഴി തെറ്റിക്കുന്നു എന്ന ഡിജിപി സെൻകുമാറിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു നടി. അടുത്തിടെ തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ ഒാണാഘോഷത്തിനിടെ ഉണ്ടായ അപകടത്തിൽ വിദ്യാർ‌ഥിനി മരിച്ചത് സിനിമകളുടെ സ്വാധീനമാണെന്ന ഡിജിപി സെൻകുമാറിന്റെ അഭിപ്രായം മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു സായ് പല്ലവി ഇങ്ങനെ പറഞ്ഞത്.

എൻജിനീയറിങ് കോളജിലുണ്ടായ അത്യാഹിതം അറിഞ്ഞിരുന്നില്ല. ആ സംഭവത്തിൽ ദുഃഖമുണ്ട്. പ്രേമത്തിലെ നിവിൻ പോളിയെ അനുകരിച്ച് മലയാളി യുവാക്കൾ‌ കറുത്ത ഷർട്ടും പാൻറ്സും ധരിക്കുന്നതിൽ എന്ത് തെറ്റാണുള്ളതെന്നും അതൊക്കെ ഒരു സന്തോഷമല്ലേയെന്നും നടി ചോദിച്ചു.

മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് സിനിമയിൽ അഭിനയിക്കുന്നത്. സ്വയം സന്തോഷിക്കാൻ നൃത്തത്തിലും മുഴുകുന്നു. അവിചാരിതമായിട്ടാണ് സിനിമയിലെത്തിയത്. അത് പ്രേക്ഷകർ ഇത്രമാത്രം സ്വീകരിക്കുമെന്നും മലർ എല്ലാവരുടെയും ഇഷ്ടകഥാപാത്രമാകുമെന്നും കരുതിയിരുന്നില്ല. അഭിനയത്തോടും നൃത്തത്തോടുമൊപ്പം സാമൂഹിക പ്രവർത്തനങ്ങളിലും മുഴുകാനാണ് ആഗ്രഹം.

പ്രേമത്തിന് ശേഷം ഒട്ടേറെ അവസരങ്ങൾ തേടി വന്നെങ്കിലും ഒന്നും സ്വീകരിച്ചിട്ടില്ല. മലർ എന്ന കഥാപാത്രം ഇത്രമാത്രം ശ്രദ്ധിക്കപ്പെട്ട നിലയ്ക്ക് അടുത്ത ചിത്രത്തെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയായിരിക്കും കാത്തിരിക്കുക. അതിനാൽ അടുത്ത ചിത്രം തിരഞ്ഞെടുക്കാൻ നേരിയ ഭയമുണ്ട്. ഏതായാലും മികച്ച കഥാപാത്രങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നാണ് തീരുമാനം. കോയമ്പത്തൂർകാരിയായിട്ടും ഗൾഫ് മലയാളികൾ പോലും തന്നെ ഇത്രമാത്രം സ്നേഹിക്കുന്നതിൽ ഏറെ കടപ്പാടുണ്ട്. ജോർജിയയിൽ അവസാന വർഷ മെഡിക്കൽ വിദ്യാർഥിയായ സായ് പല്ലവി പഠനം പൂർത്തിയായ ശേഷം മാത്രമേ ചലച്ചിത്ര രംഗത്ത് സജീവമാകുകയുള്ളൂ എന്നും പറഞ്ഞു. ദുബായിൽ ഒരു സ്വകാര്യ കമ്പനിയുടെ ഒാണാഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഒറ്റ ചിത്രത്തിലൂടെ താരമായിത്തീർന്ന താരം.