ശ്രീശാന്ത് ഹള്ളി, തെലുങ്ക് പുള്ളി

ശ്രീശാന്ത്

ക്രിക്കറ്റ് താരം ശ്രീശാന്ത് സിനിമയിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ്. തെലുങ്ക് ചിത്രത്തിലൂടെ നായകനായി വെള്ളിത്തിരയിലെത്തുകയാണ് ശ്രീ. ഇതിന് മുന്നോടിയായി തെലുങ്ക് ഭാഷ പഠിക്കാനുള്ള കഠിന പരിശ്രമത്തിലാണെന്നാണ് താരം.

ശ്രീശാന്ത് നായകനാകുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ബഹുഭാഷാ ചിത്രത്തിനുവേണ്ടിയാണ് ശ്രീ തെലുങ്ക് പഠിക്കുന്നത്. തെലുങ്ക് ട്യൂഷന്‍ മാസ്റ്ററെ വെച്ചാണ് താരം ഭാഷ പഠിച്ചെടുക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ശ്രീശാന്തിന്റെ സിനിമയെത്തുന്നത്. ക്രിക്കറ്റ് കളിക്കാരന്റെ ജീവിതം പ്രമേയമാക്കുന്ന ചിത്രത്തിലാണ് ശ്രീ അഭിനയിക്കുന്നത്.

ഹൈദരാബാദില്‍ മൂന്നു ദിവസത്തെ അഭിനയ ശില്‍പശാലയിലും ശ്രീ പങ്കെടുക്കുന്നുണ്ട്. സന യദി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പേരും മറ്റു താരങ്ങളെക്കുറിച്ചും ഇതുവരെ പുറത്തുവിട്ടിട്ടില്ല. നേരത്തെ പല റിയാലിറ്റി ഷോകളിലും ടിവി പരിപാടിയിലും ശ്രീശാന്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ക്രിക്കറ്റ് പോലെ ശ്രീയ്ക്ക് താൽപര്യമുള്ള മേഖലയാണ് ഡാൻസും അഭിനയവും.