നിവിനൊപ്പം സർപ്രൈസുമായി സൃന്ദ

സച്ചിനെ അറിയാത്ത പെൺകുട്ടിയായി നിവിൻ പോളിയെ വട്ടംകറക്കിയ സുശീലയെ മറന്നോ? ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയമായ അഭിനയപ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സൃന്ദ അഷബ്. സൃന്ദ വീണ്ടും നിവിൻ പോളിക്കൊപ്പം എത്തുന്നു.

പ്രേമത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് ഒരുക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലാണ് സൃന്ദയും നിവിനും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് ചില സർപ്രൈസ് ഉണ്ടെന്ന് സൃന്ദ പറയുന്നു. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷമായിരുന്നു സൃന്ദയ്ക്ക്. 1983 എന്ന ചിത്രത്തില്‍ നിവിന്റെ ഭാര്യയായും സൃന്ദ എത്തി. എന്നാൽ ഞണ്ടുകളുടെ നാട്ടില്‍ എന്ന ചിത്രത്തില്‍ നിവിനുമായുള്ള തന്റെ ബന്ധത്തില്‍ ഒരു സര്‍പ്രൈസ് ഉണ്ട് എന്നാണ് സൃന്ദ പറയുന്നത്. അതൊരു സ്വീറ്റ് സർപ്രൈസ് ആണെന്നും നടി വ്യക്തമാക്കി.

ആക്​ഷൻ ഹീറോ ബിജുവിന് ശേഷം നിവിൻ പോളി നിർമിക്കുന്ന ചിത്രം കൂടിയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ചിത്രത്തില്‍ അഹാന കൃഷ്ണ കുമാറും ഐശ്വര്യ ലക്ഷ്മിയുമാണ് നിവിന്റെ നായികമാരായി എത്തുന്നത്. നിവിന്റെ അമ്മയായി ശാന്തികൃഷ്ണ എത്തുന്നു.