സുരേഷ് ഗോപിയോട് മോദി വെളിപ്പെടുത്തിയ രഹസ്യം

സുരേഷ് ഗോപിയും കുടുംബവും പാർലമെന്റിനു മുന്നിൽ

രാജ്യസഭാ അധ്യക്ഷൻ ഹാമിദ് അൻസാരിയുടെ കാൽതൊട്ടു വണങ്ങി അനുഗ്രഹാശിസുകളോടെ സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭയിലെ ആദ്യദിനത്തിൽ രാഷ്ട്രീയ കക്ഷിഭേദമെന്യേ മുതിർന്ന അംഗങ്ങളുടെയെല്ലാം ആശീർവാദം സുരേഷ് ഗോപി തേടി. ചലച്ചിത്രതാരം ജയ ബച്ചനെ കാൽതൊട്ടു വന്ദിച്ചു.

സന്ദർശക ഗാലറിയിൽ ഭാര്യ രാധികയും മക്കളായ ഗോകുൽ, ഭാഗ്യ, ഭാവ്‌ലി, മാധവ് എന്നിവരും സുഹൃത്തുക്കളും ചടങ്ങിനു സാക്ഷ്യംവഹിച്ചു. സത്യപ്രതിജ്ഞയ്ക്കു മുൻപു സുരേഷ് ഗോപി കുടുംബസമേതം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്റ് മന്ദിരത്തിലെ ഓഫിസിൽ സന്ദർശിച്ചു. രണ്ടുവർഷം മുൻപു നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വേളയിൽ സമ്മാനിക്കാൻ കഴിയാതെ പോയ ഷാൾ ഇന്നലെ സുരേഷ് ഗോപി മോദിയെ അണിയിച്ചു.

സുരേഷ് ഗോപിയുടെ കുടുംബം മോദിക്കൊപ്പം

രാഷ്ട്രപതി ഭവനിലെ സുരക്ഷാകാരണങ്ങളാൽ മോദിയുടെ സത്യപ്രതിജ്ഞാദിനത്തിൽ ഷാൾ സമ്മാനിക്കാൻ കഴിയാതെ പോയതിനെ പരിഹസിച്ചു ‘ഷാൾ ഗോപി’യെന്നു സമൂഹമാധ്യമങ്ങളിൽ പരിഹസിച്ചവരോടു കണക്കുതീർത്തെന്ന സന്തോഷത്തിലാണു സുരേഷ് ഗോപി പ്രധാനമന്ത്രിയെ കണ്ടിറങ്ങിയത്. ഷാൾ സന്തോഷപൂർവം സ്വീകരിച്ച മോദി വെളിപ്പെടുത്തിയ രഹസ്യവും സുരേഷ് ഗോപി മാധ്യമങ്ങളോടു പങ്കുവച്ചു.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയാരിക്കേ 2014 മാർച്ച് അഞ്ചിനു അഹമ്മദാബാദിൽ സുരേഷ് ഗോപി അണിയിച്ച ഓറഞ്ച് ഷാളാണു മോദി പാർട്ടിയുടെ പ്രധാന പരിപാടികളിലെല്ലാം അണിയാറുള്ളത്. പുതിയ ഷാൾ സമ്മാനിക്കുന്നതു ഗുരുവായൂരിലേക്കുള്ള ക്ഷണം കൂടിയാണെന്നു സുരേഷ് ഗോപി മോദിയോടു പറഞ്ഞു. ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കാനെത്തുമ്പോൾ ഈ ഷാൾ അണിയണമെന്നും സുരേഷ് ഗോപി അഭ്യർഥിച്ചു. ശബരിമലയും പന്നിയൂർ വരാഹമൂർത്തി ക്ഷേത്രവും സന്ദർശിക്കണമെന്നും ആവശ്യപ്പെട്ടു.

മുൻപു സുരേഷ് ഗോപി പറഞ്ഞതനുസരിച്ചു പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ അഭീഷ്ടസിദ്ധി പൂജ ആളയച്ചു നടത്തിയതായും മോദി വെളിപ്പെടുത്തി. കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്ലിയെയും ജെ.പി.നഡ്ഡയെയും സുരേഷ് ഗോപി പാർലമെന്റ് മന്ദിരത്തിലെ ഓഫിസ് മുറികളിൽ സന്ദർശിച്ചു. അടുത്തയാഴ്ച ആദ്യ ഉപക്ഷേപത്തിൽ ആറന്മുള വിമാനത്താവള പ്രശ്നവും പരാമർശിക്കുമെന്നു സുരേഷ് ഗോപി പറഞ്ഞു.