ഭൈരവയില്‍ അഭിനയിച്ചു; എനിക്കും കിട്ടി കാരവൻ

പേരിലൊരു ‘വിജയ്’ ടച്ചുണ്ടെങ്കിലും വിജയ്‌യക്കൊപ്പം അഭിനയിക്കാൻ അവസരം വന്നപ്പോൾ വിജയരാഘവൻ ആദ്യമതു കാര്യമാക്കിയില്ല. പക്ഷേ കഥാപാത്രത്തെക്കുറിച്ചും അണിയറപ്രവർത്തകരെ കുറിച്ചുമൊക്കെ അറിഞ്ഞപ്പോൾ തമിഴ്നാട് കടന്ന് ഇവിടെ വരെയെത്തിയ അഭിനയ ഭാഗ്യത്തെ തിരിച്ചു വിടാനും തോന്നിയില്ല. അങ്ങനെ ഭൈരവ എന്ന വിജയ് സിനിമയിലെ നിർണായക കഥാപാത്രമായി വിജയരാഘവൻ മാറി.

വൈകാരിക രംഗങ്ങളൊക്കെ അനായാസം അവതരിപ്പിച്ച് തമിഴകത്തിന്റെ മനം കവർന്നു മലയാളത്തിന്റെ ഇൗ കുട്ടേട്ടൻ. പക്ഷേ വിജയരാഘവൻ സിനിമ ഇതു വരെ കണ്ടിട്ടില്ല. തീയറ്ററിലെ വലിയ തിരക്കൊക്കെ ഒഴിഞ്ഞ് ബഹളങ്ങളൊന്നുമില്ലാതെ സിനിമ കാണാനായി കാത്തിരിക്കുകയാണ് അദ്ദേഹം. 25 വർഷങ്ങൾക്കു ശേഷമാണ് വിജയരാഘവൻ തമിഴിൽ അഭിനയിക്കുന്നത്. റാംജി റാവു സ്പീക്കിങ്ങിന്റെ തമിഴ് പതിപ്പായ അരങ്ങേട്ര വേളൈ എന്ന സിനിമയിൽ പ്രഭുവിനൊപ്പമാണ് അന്ന് അഭിനയിച്ചത്. ഇപ്പൊഴിതാ കാൽ നൂറ്റാണ്ടിന് ശേഷം വിജയ്ക്കൊപ്പം വീണ്ടും തമിഴിൽ.

ഒരു ബഹളങ്ങളുമില്ലാത്ത ആളാണ് വിജയ്. അധികം ആരോടും സംസാരിക്കുക പോലുമില്ല. ഇനി സംസാരിച്ചാൽ തന്നെ ശബ്ദം കുറച്ച് മാത്രം. സംവിധായകനോടൊക്കെ എന്തെങ്കിലും പറയുന്നത് ചെവിയിലാണ്. ഡയലോഗൊക്കെ പറയുന്നതും അതു പോലെ തന്നെ. കൂടെ അഭിനയിക്കുന്ന നമുക്ക് മനസ്സിലാവില്ല ഇദ്ദേഹം എന്താണ് പറയുന്നതെന്ന്. സെറ്റിലെത്തിയാൽ ഉടൻ എല്ലാവരെയും വിഷ് ചെയ്യും. തിരുവോണദിവസവും ചിത്രത്തിന്റെ ഷൂട്ടിങ്ങുണ്ടായിരുന്നു. അന്ന് എന്റടുത്ത് വന്ന് ആശംസകൾ പറഞ്ഞു. ടേക്കും റീടേക്കുമൊക്കെ എത്ര പോയാലും പുള്ളി ക്ഷമയോടെ കാത്തിരിക്കും. വിജയരാഘവൻ പറയുന്നു.

മലയാള സിനിമയിലെ ലൊക്കേഷൻ പോലെയെ അല്ല അവിടെ. ഇവിടെ ബ്രേക്ക് സമയത്ത് എല്ലാവരും കൂടിയിരുന്ന് വർത്തമാനം പറച്ചിലും തമാശയുമൊക്കെയാണ്. എന്നാൽ അവിടെ എല്ലാവരും അവരവരുടെ കാരവനിലാണ്. എനിക്കും കിട്ടി ഒരു കാരവൻ. നമുക്കിതൊന്നും ശീലമല്ലാത്തതു കൊണ്ടാവണം ആകെ ഒരു ശ്വാസം മുട്ടലായിരുന്നു. അഭിനയിക്കുന്നതു പോലെയല്ല മറിച്ച് ഒരു ജോലി ചെയ്യുന്നതു പോലെ തോന്നി. അവിടെ ലൊക്കേഷനിൽ ഒരു ഫോട്ടോ പോലും എടുക്കാൻ ആർക്കും അനുവാദമില്ല. ഇവിടെയൊക്കെ ജൂണിയർ ആർട്ടിസ്റ്റുകൾ സൂപ്പർ താരങ്ങൾക്കൊപ്പം നിന്ന് സെൽഫിയൊക്കെ എടുക്കുമ്പോൾ അവിടെ അതൊന്നും ആർക്കും ചിന്തിക്കാൻ പോലുമാവില്ല. അദ്ദേഹം പറയുന്നു.