വോട്ടിനൊരു തടസമാകുമോ ജീൻസ് ?

സിനിമാതാരങ്ങളും സംവിധായകരും കായികതാരവുമടക്കം വ്യത്യസ്തമേഖലകളിൽ പ്രവർത്തിക്കുന്നവർ മുന്നണി സ്ഥാനാർഥികളായി രംഗത്തുണ്ട് ഈ തിരഞ്ഞെടുപ്പിൽ. രാഷ്ട്രീയവേഷങ്ങളിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്, ഒപ്പം വേഷം മാറാത്തവരും.

അല്ല, ജീൻസൊരു തടസമാകണ്ട!

വോട്ടിനൊരു തടസമാകുമോ ജീൻസ് എന്നു പേടിച്ചിട്ടാവില്ലെങ്കിലും നടന്മാരായ ജഗദീഷും മുകേഷും മുണ്ടിലേക്കു മാറി. പത്തനാപുരത്തെ കോൺഗ്രസ് സ്ഥാനാർഥിയായ ജഗദീഷ് ജീൻസും കോട്ടൺ ഷർട്ടും ധരിച്ചാണു മണ്ഡലത്തിൽ ആദ്യമിറങ്ങിയത്. ഇന്നലെ മുതലാണു മുണ്ടിലേക്കു മാറിയത്. കൊല്ലത്തെ ഇടതു സ്ഥാനാർഥി മുകേഷും ആദ്യ ദിനങ്ങളിൽ ജീൻസ് ധരിച്ചു. വോട്ട് അഭ്യർഥിച്ചു ജനമധ്യത്തിൽ ഇറങ്ങിയതോടെ മുണ്ടു മുറുക്കി.

ന്യൂസ്റൂമിൽനിന്നു ജനമധ്യത്തിലേക്കിറങ്ങിയ അഴീക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥി എം.വി. നികേഷ്കുമാർ വാർത്താവതാരകന്റെ കോട്ടും സ്യൂട്ടും ഒഴിവാക്കി മുണ്ടും ഷർട്ടുമായി. കാലിൽ വള്ളിച്ചെരിപ്പും. നടപ്പിന്റെ സൗകര്യം നോക്കി മുണ്ടിനൊപ്പം ചിലപ്പോൾ സ്പോർട്സ് ഷൂസും ധരിക്കും. കണ്ണൂരിലെ വീട്ടിലെത്തിയാൽ മുണ്ടുടുത്തുമാത്രം പുറത്തിറങ്ങാറുള്ള നികേഷ് ജോലിയുടെ ഭാഗമായാണു കോട്ടിനുള്ളിൽ കയറിയത്.

അൽപം നീട്ടിവളർത്തിയിരുന്ന താടി വെട്ടിയൊതുക്കി കഴുത്തിൽ കാവി ഷാളുമണിഞ്ഞാണ് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് തിരുവനന്തപുരം മണ്ഡലത്തിൽ ബുധനാഴ്ച പ്രചാരണം തുടങ്ങിയത്. പാന്റ്സും ഷർട്ടുമാണു വേഷം. ഇതേസമയം, അരുവിക്കരയിലെ ബിജെപി സ്ഥാനാർഥിയും സംവിധായകനുമായ രാജസേനൻ പാന്റ്സിൽനിന്നു മുണ്ടിലേക്കു മാറി.